- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കങ്കണയുടെ വിലക്ക് നീക്കി ട്വിറ്റർ; അക്കൗണ്ട് പുനഃസ്ഥാപിച്ചു; പിന്നാലെ സിനിമ മേഖലയിലെ പണത്തിന്റെ സ്വാധീനത്തെ രൂക്ഷമായി വിമർശിച്ച് താരം
മുംബൈ: ബോളിവുഡ് താരം കങ്കണ റണൗട്ടിന്റെ അക്കൗണ്ടിന് ഏർപ്പെടുത്തിയ വിലക്ക് ട്വിറ്റർ നീക്കി. തന്റെ ഏറ്റവും പുതിയ ചിത്രമായ എമർജൻസിയുടെ പാക്കപ്പ് വിഡിയോ പങ്കുവെച്ച് കൊണ്ടാണ് തിരിച്ചു വരവ് അറിയിച്ചത്. കൂടാതെ ട്വിറ്ററിലേക്ക് മടങ്ങി എത്തിയതിൽ വളരെ സന്തോഷമുണ്ടെന്നും കങ്കണ ട്വീറ്റ് ചെയ്തു.
വിലക്ക് നീങ്ങി അര മണിക്കൂറിനുള്ളിൽ ഫിലിം ഇൻഡസ്ട്രിയെ രൂക്ഷമായി വിമർശിച്ച് താരത്തിന്റെ ട്വീറ്റും വന്നു. ഫിലിം വ്യവസായം അപക്വവും മര്യാദയില്ലാത്തതുമാണെന്നും വിജയം വേണമെന്ന് അവർ ആഗ്രഹിക്കുമ്പോൾ കലയെ അപ്രസക്തമാക്കുന്നത് പോലെ നോട്ടുകെട്ടുകൾ നിങ്ങളുടെ മുഖത്തേക്ക് വലിച്ചെറിയുമെന്നും കങ്കണ കുറിക്കുന്നു. കലയുടെ സത്തയെ മലിനമാക്കുന്ന പ്രവർത്തിയാണിതെന്നും ഒരു നാണക്കേടുമില്ലാതെ അത് തുടർന്ന് വരുന്നുവെന്നും കങ്കണയുടെ ട്വീറ്റിൽ പറയുന്നു.
'സിനിമാ വ്യവസായം വളരെ മോശവും അസംബന്ധവുമാണ്. കലയിലൂടേയും പ്രയത്‌നത്തിലൂടേയും സൃഷ്ടികളിലൂടേയും വിജയം വരിക്കാൻ ആഗ്രഹിക്കുമ്പോഴെല്ലാം, കലയ്ക്ക് മറ്റൊരു ലക്ഷ്യവുമില്ലെന്ന മട്ടിൽ അവർ നിങ്ങളുടെ മുഖത്ത് മിന്നുന്ന കറൻസി എറിയുന്നു. അത് അവരുടെ താഴ്ന്ന നിലവാരത്തെയും തരംതാഴ്ന്ന ജീവിതത്തെയും തുറന്നു കാട്ടുന്നു''കങ്കണ കുറിച്ചു. നടിയുടെ ട്വീറ്റ് വൈറലായിട്ടുണ്ട്. നിയമലംഘനത്തെ തുടർന്ന് 2021 ആണ് കങ്കണയുടെ ട്വിറ്റർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യുന്നത്.
2021 ൽ പശ്ചിമ ബംഗാളിലെ തിരഞ്ഞെടുപ്പ് അക്രമങ്ങളെ കുറിച്ചുള്ള വിദ്വേഷ ട്വീറ്റിനെ തുടർന്നാണ് കങ്കണയ്ക്ക് ട്വിറ്റർ വിലക്കേർപ്പെടുത്തിയത്. പലതവണ മുന്നറിയിപ്പ് നൽകിയിട്ടും വിദ്വേഷ ട്വീറ്റുകൾ താരം തുടർന്നുവെന്നും ട്വിറ്റർ വ്യക്തമാക്കിയിരുന്നു. 2021 ന്റെ തുടക്കത്തിൽ ഡോണൾഡ് ട്രംപിന്റെ അക്കൗണ്ടും ട്വിറ്റർ മരവിപ്പിച്ചിരുന്നു. മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതോടെ ട്രംപിന്റെ വിലക്ക് നീക്കിയിരുന്നു. പിന്നാലെയാണ് കങ്കണയുടെ വിലക്കും നീക്കിയത്.
എമർജൻസിയാണ് ഏറ്റവും പുതിയ ചിത്രം. മണികർണ്ണികയ്ക്ക് ശേഷം നടി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കങ്കണ ഇന്ദിരാഗാന്ധിയാകുന്ന ചിത്രത്തിന് തിരക്കഥ, സംഭാഷണം ഒരുക്കിയിരിക്കുന്നത് റിതേഷ് ഷാ ആണ്. മണികർണിക ഫിലിംസിന്റെ ബാനറിൽ കങ്കണയും രേണു പിറ്റിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ