മുംബൈ: തെന്നിന്ത്യൻ പ്രേക്ഷകരിൽ ഏറെ ശ്രദ്ധപിടിച്ചു പറ്റിയ 'കാന്താര'യെ പ്രശംസിച്ച് ബോളിവുഡ് താരം കങ്കണ റണൗത്ത്. സിനിമ കണ്ടുവെന്നും അടുത്ത വർഷം ഇന്ത്യയുടെ ഒസ്‌കർ എൻട്രിയാവും ചിത്രമെന്നും കങ്കണ പറഞ്ഞു. ലോകം അനുഭവിച്ചറിയേണ്ട ഒരു അനുഭവ യാഥാർത്ഥ്യമാണ് കാന്താരയെന്നും കങ്കണ കുറിച്ചു.

'എന്റെ കുടുംബത്തോടൊപ്പം കാന്താര കണ്ടു, അടുത്ത വർഷത്തെ ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ പ്രവേശനം കാന്താര ആയിരിക്കുമെന്ന് എനിക്ക് തോന്നുന്നു. വർഷം അവസാനിക്കാനിരിക്കുന്നതേയുള്ളൂ, ഇനിയും മികച്ച സിനിമകൾ വരാനുണ്ട്. ഇത് നിഗൂഢതയുടെ നാടാണ്. ഇത് ഒരാൾക്ക് മനസിലാക്കാൻ കഴിയില്ല, അത് ഉൾക്കൊള്ളാനെ ആകൂ. ഇന്ത്യ ഒരു അത്ഭുതം പോലെയാണ്, അത് മനസിലാക്കാൻ ശ്രമിച്ചാൽ നിങ്ങൾ നിരാശനാകും, പക്ഷേ നിങ്ങൾ അത്ഭുതത്തിന് കീഴടങ്ങിയാൽ നിങ്ങൾ ആ ഒരാളാകാം. ലോകം അനുഭവിച്ചറിയേണ്ട ഒരു അനുഭവ യാഥാർത്ഥ്യമാണ് കാന്താര', എന്നാണ് കങ്കണ കുറിച്ചത്.

 

അതേസമയം, തെന്നിന്ത്യയിലെ പോലെതന്നെ മികച്ച ബോക്‌സ് ഓഫീസ് കളക്ഷനാണ് ബോളിവുഡിലും കാന്താരയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പ് റിലീസ് ചെയ്തത്. 1.27 കോടിയുമായി ഓപ്പണിങ്ങ് തുടങ്ങിയ ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 15 കോടിയാണ്. കഴിഞ്ഞ ഞായറാഴ്ച 3.50 കോടിയാണ് ചിത്രം നേടിയത്.

ചിത്രത്തിന്റെ ഒറിജിനൽ കന്നഡ പതിപ്പ് സെപ്റ്റംബർ 30ന് ആയിരുന്നു തിയറ്ററുകളിലെത്തിയത്. കെജിഎഫ് നിർമ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആയിരുന്നു നിർമ്മാണം. ആദ്യദിനം മുതൽ ബോക്‌സ് ഓഫീസിൽ തിളങ്ങിയ ചിത്രത്തിന്റെ തെലുങ്ക്, ഹിന്ദി, തമിഴ് പതിപ്പുകളും റിലീസിനെത്തി. രണ്ട് ദിവസം മുൻപാണ് ചിത്രത്തിന്റെ മലയാളം പതിപ്പ് റിലീസ് ചെയ്തത്. പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആയിരുന്നു ചിത്രം കേരളത്തിൽ വിതരണം ചെയ്തത്.

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന കാന്താര ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രമാണ്. ഹൊംബാളെയുടെ ബാനറിൽ വിജയ് കിരഗണ്ഡൂർ നിർമ്മിച്ച ചിത്രത്തിൽ സപ്തമി ഗൗഡ, കിഷോർ, അച്യുത് കുമാർ, പ്രമോദ് ഷെട്ടി, ഷനിൽ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീർ, നവീൻ ഡി പടീൽ, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രൻ ഷെട്ടി, പുഷ്പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.