പാൾ: ക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗ് മത്സരങ്ങൾ പുരോഗമിക്കുന്നതിനിടെ സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പ് ടീമിന്റെ ഉടമയായ കലാനിധി മാരന്റെ മകൾ കാവ്യ മാരനോട് വിവാഹ അഭ്യർത്ഥനയുമായി ഒരു ആരാധകരൻ. 'കാവ്യ മാരൻ, വിൽ യു മാരി മി?' എന്ന് എഴുതിയ പ്ലക്കാർഡുമായാണ് ആരാധകൻ കളി കണ്ടത്. റോയൽസ് ബാറ്റിങ്ങിനിടെ ക്യാമറകൾ ഈ ആരാധകനെയും അദ്ദേഹത്തിന്റെ പ്ലക്കാർഡും പകർത്തുകയും ചെയ്തു. ദൃശ്യങ്ങൾ പിന്നീടു സമൂഹമാധ്യമങ്ങളിൽ വൈറലായി.

ഐപിഎൽ ടീം സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ ഉടമസ്ഥതയിലുള്ള ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗിലെ ടീമാണ് സൺറൈസേഴ്‌സ് ഈസ്റ്റേൺ കേപ്പ്. ലീഗിൽ മികച്ച പ്രകടനമാണ് ഈസ്റ്റേൺ കേപ്പ് നടത്തുന്നത്. ഒടുവിൽ നടന്ന മത്സരത്തിൽ പാൾ റോയൽസിനെ അഞ്ചു വിക്കറ്റിനാണു കീഴടക്കിയിരുന്നു. വ്യാഴാഴ്ച ബോളണ്ട് പാർക്കിൽ നടന്ന മത്സരം കാണാൻ സൺറൈസേഴ്‌സ് ടീമിന്റെ ഉടമകളിലൊരാളായ കാവ്യ മാരനും ദക്ഷിണാഫ്രിക്കയിലെത്തിയിരുന്നു. മത്സരം പുരോഗിമിക്കുന്നതിനിടെയാണ് ഒരു ആരാധകൻ വിവാഹ അഭ്യർത്ഥന നടത്തിയത്.

ആരാധകന്റെ വിവാഹ അഭ്യർത്ഥനയെക്കുറിച്ച് ദക്ഷിണാഫ്രിക്കൻ ട്വന്റി20 ലീഗ് ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ ട്വീറ്റ് ചെയ്തിട്ടുമുണ്ട്. സൺ നെറ്റ്‌വർക്ക് ഉടമ കലാനിധി മാരന്റെ മകളാണു കാവ്യ മാരൻ. ഇന്ത്യൻ പ്രീമിയർ ലീഗിൽ സൺറൈസേഴ്‌സ് ടീമിന്റെ മത്സരങ്ങൾ കാണാൻ സ്ഥിരമായി കാവ്യ എത്താറുണ്ട്. പോയിന്റു പട്ടികയിൽ രണ്ടാം സ്ഥാനത്താണ് ഈസ്റ്റേൺ കേപ് ടീമുള്ളത്. ജനുവരി 21 ന് ജൊഹാനസ്‌ബെർഗ് സൂപ്പർ കിങ്‌സിനെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.

ഐപിഎൽ താര ലേലത്തിൽ സൺറൈസേഴ്‌സിന്റെ മുഖമാണു കാവ്യ മാരൻ. ഇത്തവണ കൊച്ചിയിൽ മിനി താരലേലം കത്തിക്കയറിയപ്പോൾ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായത് ഹൈദരാബാദ് ടീം ഉടമ കലാനിധി മാരന്റെ മകൾ കാവ്യ മാരനായിരുന്നു. ലേലത്തിൽ ഹൈദരാബാദിനായി നീക്കങ്ങൾ നടത്തിയത് കാവ്യ മാരനായിരുന്നു. മുൻപ് സൺറൈസേഴ്‌സിന്റെ മത്സരങ്ങൾക്കിടെയും ലേലത്തിനിടെയും പല തവണ കാവ്യയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ കൊച്ചിയിൽ കോടികളെറിഞ്ഞാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് 'കളിച്ചത്'. ഇംഗ്ലണ്ട് യുവതാരം ഹാരി ബ്രൂക്കിനെ ടീമിലെത്തിക്കാൻ 13.25 കോടി രൂപയാണ് ഹൈദരാബാദ് മുടക്കിയത്. പാക്കിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിൽ 3 സെഞ്ചറികളുമായി തിളങ്ങിയ ഇംഗ്ലിഷ് ബാറ്റർ ഹാരി ബ്രൂക്കിന്റെ ലേലമാണ് ആദ്യം 10 കോടി പിന്നിട്ടത്. ബാംഗ്ലൂരും രാജസ്ഥാനും ചേർന്ന് തുടക്കമിട്ട മത്സരത്തിൽ പിന്നീട് ഹൈദരാബാദും പങ്കുചേർന്നിരുന്നു.

13 കോടിവരെ ബ്രൂക്കിനുവേണ്ടി പൊരുതിയ രാജസ്ഥാൻ പഴ്‌സിൽ തുക ബാക്കിയില്ലാത്തതിനാൽ പിന്മാറി. ഈ അവസരം മുതലെടുത്ത ഹൈദരാബാദ് 13.25 കോടിക്ക് താരത്തെ സ്വന്തമാക്കി. ഇന്ത്യൻ താരങ്ങളിൽ ഏറ്റവും വലിയ തുക നേടിയ മയാങ്ക് അഗർവാളിനെയും (8.25 കോടി) സ്വന്തമാക്കിയത് സൺറൈസേഴ്‌സ് തന്നെയാണ്.