ഹൈദരാബാദ്: ഐപിഎലിൽ വീണ്ടും സൺറൈസേഴ്‌സ് ഹൈദരാബാദ് തോൽവി വഴങ്ങിയതോടെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത് ഉടമ കാവ്യ മാരന്റെ ഗാലറിയിലെ വികാര പ്രകടനങ്ങളാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് മത്സരത്തിലുടനീളം വിജയിക്കുമെന്ന് തോന്നിപ്പിച്ച ശേഷമാണ് ഹൈദാരാബാദ്, അവസാനനിമിഷം പരാജയം രുചിച്ചത്. ആവേശം അവസാന പന്തുവരെ നീണ്ട മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് അഞ്ച് റൺസിനാണ് വിജയിച്ചത്.

ടീം ജയിച്ചാലും തോറ്റാലും ഗാലറിയിൽ കാവ്യ നടത്തുന്ന 'വികാരപ്രകടനങ്ങൾ' പലപ്പോഴും വൈറലാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ ഹൈദരാബാദിന്റെ മത്സരത്തിനിടെയുള്ള കാവ്യയുടെ 'മുഖഭാവങ്ങളും' ട്വിറ്ററിൽ ഉൾപ്പെടെ നിറഞ്ഞു. ഹൈദരാബാദ് വീണ്ടും തോറ്റതോടെ കാവ്യയുടെ വികാരങ്ങളും ഒരു 'റോളർ കോസ്റ്റർ' ആയി.

ടീമിന്റെ ആഹ്ലാദ നിമിഷങ്ങൾ ആഘോഷിക്കുകയും പരാജയപ്പെട്ടപ്പോൾ വിളറിയ മുഖത്തോടെ ഇരിക്കുന്ന കാവ്യ മാരനെയുമാണ് ഗാലറിയിൽ കാണാനായത്. ഈ ചിത്രങ്ങൾ ഉപയോഗിച്ചത് നിരവധി മീമുകളാണ് ട്വിറ്ററിൽ പ്രത്യക്ഷപ്പെട്ടത്. 'കാവ്യയ്ക്ക് പ്രതീക്ഷ നൽകുക, അതിനുശേഷം അതു തല്ലിക്കെടുത്തുക ഇതാണ് ഹൈദരാബാദിന്റെ പതിവു പരിപാടി' എന്നാണ് കാവ്യയുടെ വിഡിയോ പങ്കുവച്ച് ഒരാൾ ട്വിറ്ററിൽ കുറിച്ചത്.

'പണം കൊണ്ട് സന്തോഷം വാങ്ങാൻ കഴിയില്ല എന്നതിന്റെ ഉദാഹരണമാണ് കാവ്യ' എന്നാണ് മറ്റൊരാളുടെ അഭിപ്രായം. കാവ്യയെ പിന്തുണച്ചും ഒരുപാട് പേർ രംഗത്തെത്തിയിട്ടുണ്ട്. ടീമിനെ പിന്തുണയ്ക്കുന്നത് തുടരണമെന്നും നല്ലകാലം വരുമെന്നും അവർ ആശംസിക്കുന്നു. മത്സരത്തിനിടയിൽ നിരന്തരം കാവ്യയെ മാത്രം ഫോക്കസ് ചെയ്യുന്ന ക്യാമറാമാന്മാരെ ചിലർ പരിഹസിക്കുകയും ചെയ്യുന്നുണ്ട്.

മത്സരത്തിൽ, റിങ്കു സിങ്ങിന്റെയും (35 പന്തിൽ 46) നിതീഷ് റാണയുടെയും (31 പന്തിൽ 42) കൂട്ടുകെട്ടിൽ കൊൽക്കത്ത നേടിയ സ്‌കോറിനെതിരെ ഹെന്റിച്ച് ക്ലാസനെ (36) കൂട്ടുപിടിച്ച് ക്യാപ്റ്റൻ എയ്ഡൻ മാർക്രം (41) നടത്തിയ പോരാട്ടം ഹൈദരാബാദിനു പ്രതീക്ഷ നൽകി. എന്നാൽ ഇരുവരും പുറത്തായതോടെ മത്സരം കൈവിട്ടു.

വരുൺ ചക്രവർത്തി എറിഞ്ഞ അവസാന ഓവറിൽ ജയിക്കാൻ 9 റൺസ് വേണ്ടിയിരുന്ന ഹൈദരാബാദിന് 3 റൺസ് മാത്രമാണ് നേടാൻ സാധിച്ചത്. അവസാന ഓവറിലെ മൂന്നാം പന്തിൽ അബ്ദുൽ സമദ് (21) പുറത്തായതോടെ ഹൈദരാബാദിന്റെ പ്രതീക്ഷ അസ്തമിച്ചു. ഒമ്പത് മത്സരങ്ങളിൽ മൂന്നു ജയം മാത്രമുള്ള ഹൈദരാബാദ്, ആറു പോയിന്റുമായി ഒൻപതാം സ്ഥാനത്താണ്.