തിരുവനന്തപുരം: 'ഹിഗ്വിറ്റ' എന്ന പേര് എൻ എസ് മാധവന് അവകാശപ്പെട്ടതെന്ന് കെ സി ജോസഫ്. മാധവന്റെ പുസ്തകം വായിക്കുമ്പോഴാണ് ആദ്യമായി ആ പേര് കേൾക്കുന്നത്. മറ്റൊരാൾ അത് അപഹരിക്കുമ്പോൾ എഴുത്തുകാരന് വേദന കാണും. ന്യായീകരണം പറയാതെ സിനിമയുടെ അണിയറപ്രവർത്തകർക്ക് ആ പേര് മാറ്റിക്കൂടെ എന്ന് ചോദിക്കുകയാണ് കെ സി ജോസഫ്.

'ഹിഗ്വിറ്റ എന്ന പേര് കേൾക്കുന്നത് എൻ എസ് മാധവന്റെ പുസ്തകം പുറത്തിറങ്ങുമ്പോഴാണ്. ഇതെന്താണെന്നറിയാനുള്ള ആകാംക്ഷയാണ് പുസ്തകം വായിക്കാൻ പ്രേരണയായത്. എൻ എസ് മാധവന് കുട്ടിയെ മറ്റൊരാൾ അപഹരിക്കുമ്പോൾ വേദനയുണ്ടാകും. ന്യായീകരണം പറയാതെ ഹേമന്തിനും സുരാജ് വെഞ്ഞാറമൂടിനും സിനിമയുടെ പേര് മാറ്റിക്കൂടെ?,' കെ സി ജോസഫ് ട്വീറ്റ് ചെയ്തു. വിഷയത്തിൽ തനിക്ക് ലഭിച്ച പിന്തുണയിൽ നന്ദി അറിയിച്ച് എൻ എസ് മാധവൻ ട്വീറ്റ് ഷെയർ ചെയ്തിട്ടുണ്ട്.

 

സുരാജ് വെഞ്ഞാറമൂട് കേന്ദ്ര കഥാപാത്രമാകുന്ന 'ഹിഗ്വിറ്റ' എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ വന്നതിന് പിന്നലെയാണ് തലക്കെട്ടിന്മേൽ തനിക്ക് അവകാശമില്ലാതെ പോകുന്നത് ദുഃഖകരമാണെന്ന് എൻ എസ് മാധവൻ ട്വീറ്റ് ചെയ്തത്. ചിത്രത്തിന് തിരക്കഥ ഹേമന്ദ് ജി നായരുടേതാണ്. എൻ എസ് മാധവനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപേർ സാമൂഹിക മാധ്യമങ്ങളിൽ രംഗത്തുണ്ട്.

മാധവനും ആ പേരിനുമേൽ പൂർണ്ണമായ അവകാശമില്ലെന്നും തന്നത്താൻ സൃഷ്ടിച്ച തലക്കെട്ടിന് മാത്രമേ പകർപ്പവകാശം ഉള്ളൂ എന്നുമാണ് എഴുത്തുകാരനെതിരെയുള്ള വിമർശനം.