- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മലയാളത്തിലുള്ള അസഭ്യവർഷം; പിന്നാലെ സുനിൽ ഛേത്രിയുടെ കോലം കത്തിച്ച് ആരാധകർ'; വിവാദ ഫ്രീകിക്ക് ഗോളിൽ ബെംഗളൂരുവിന്റെ ജയത്തിന് പിന്നാലെ വീഡിയോ പുറത്ത്; ബ്ലാസ്റ്റേഴ്സ് ആരാധകർ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് വിമർശനം
ബെംഗളൂരു: ഇന്ത്യൻ സൂപ്പർ ലീഗിൽ നോക്കൗട്ട് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിനെ വിവാദ ഗോളിൽ തോൽപ്പിച്ച് ബെംഗളൂരു എഫ്‌സി സെമി ബർത്ത് ഉറപ്പിച്ചതിന് പിന്നാലെ സുനിൽ ഛേത്രിയുടെ കോലം കത്തിച്ചതുമായി ബന്ധപ്പെട്ട വീഡിയോ വിവാദത്തിൽ. വിവാദ ഗോളിൽ ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെട്ടതോടെ ആരാധകരുടെ പ്രതിഷേധം ഇപ്പോഴും തുടരുകയാണ്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ഐഎസ്എല്ലിലെ മോശം റഫറീയിങ്ങിനെയും വിവാദ ഫ്രീകിക്ക് ഗോൾ നേടിയ ഇന്ത്യൻ ഫുട്‌ബോൾ ഇതിഹാസം സുനിൽ ഛേത്രിയുടെ വിശ്വാസ്യതയേയും ചോദ്യം ചെയ്ത് ആരാധകർ രംഗത്ത് വന്നതിന് പിന്നാലെയാണ് ഛേത്രിയുടെ കോലം കത്തിക്കുന്ന വീഡിയോ പുറത്തുവന്നത്. ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു മത്സരത്തിന് ശേഷം ആരാധകർ സുനിൽ ഛേത്രിയുടെ കോലം കത്തിക്കുന്നു എന്ന പേരിലാണ് ഒരു വീഡിയോ പുറത്തുവന്നത്. ഇത് സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്. വീഡിയോയുടെ വിശ്വാസ്യത സംബന്ധിച്ച് അവ്യക്തതയുണ്ട്.
പ്രതിഷേധസൂചകമായി സുനിൽ ഛേത്രിയുടെ കോലം കത്തിക്കുകയായിരുന്നു ആരാധകർ എന്നാണ് റിപ്പോർട്ടുകൾ. ഛേത്രിക്കെതിരെ മലയാളത്തിൽ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ആരാധകർ ഈ കടന്ന കൈ പ്രയോഗം ചെയ്തത്. മലയാളത്തിലുള്ള അസഭ്യവർഷം വീഡിയോയിൽ വ്യക്തമായി കേൾക്കാം. ബെംഗളൂരു എഫ്‌സിയുടെ ജേഴ്‌സിയും ഛേത്രിയുടെ ചിത്രവും ഉപയോഗിച്ച് അദേഹത്തിന്റെ കോലം തയ്യാറാക്കുന്നതും ഒടുവിൽ കടുത്ത ഭാഷയിലുള്ള മുദ്രാവാക്യം വിളികളോടെ അത് കത്തിക്കുന്നതുമാണ് വീഡിയോയിലുള്ളത്.
Sunil Chhetri's effigy (with the #BengaluruFC crest on it) was burnt in Kerala yesterday in the aftermath of #KBFC's game against the Blues. #IndianFootball #ISL #KBFC pic.twitter.com/Fq5jlfxulh
- VOIF (@VoiceofIndianF1) March 4, 2023
എന്നാൽ ഈ വീഡിയോ കേരളത്തിൽ എവിടെ നിന്നുള്ളതാണ് എന്നതിൽ വ്യക്തമല്ല. വീഡിയോയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. എങ്കിലും ഇത്രത്തോളം മോശമായി ഛേത്രിയെ അപമാനിക്കേണ്ടതില്ലെന്നും ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകർ എല്ലാ സീമകളും ലംഘിക്കുകയാണ് എന്നും വിമർശിക്കുകയാണ് ഒരു വിഭാഗം ആരാധകർ. ഛേത്രിക്ക് അർഹമായ ബഹുമാനം നൽകണം എന്ന് ഇവർ വാദിക്കുന്നു.
വിവാദ റഫറീയിങ്ങിനും സുനിൽ ഛേത്രിയുടെ ഫ്രീകിക്ക് ഗോളിനും പിന്നാലെ ബെംഗളൂരു എഫ്‌സിക്കെതിരായ മത്സരം പാതിവഴിയിൽ ബഹിഷ്‌കരിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് തന്റെ താരങ്ങളെ മടക്കിവിളിച്ചിരുന്നു. പിന്നീട് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളത്തിലെത്താതിരുന്നതോടെ മാച്ച് കമ്മീഷണറുമായി സംസാരിച്ച ശേഷം 120 മിനുറ്റ് പൂർത്തിയായതോടെ ബിഎഫ്‌സിയെ 1-0ന് വിജയിയായി റഫറി പ്രഖ്യാപിച്ചു.
ഇതോടെ ബെംഗളൂരു സെമിക്ക് യോഗ്യത നേടിയപ്പോൾ ബ്ലാസ്റ്റേഴ്‌സ് ടൂർണമെന്റിൽ നിന്ന് പുറത്തായി. ഛേത്രി തിടുക്കത്തിൽ എടുത്ത ഫ്രീകിക്കാണ് എല്ലാ വിവാദങ്ങൾക്കും കാരണമായത്. ഇത് ഗോളാണ് എന്ന തീരുമാനത്തിൽ റഫറി ഉറച്ചുനിന്നതോടെ തന്റെ താരങ്ങളോട് മത്സരം നിർത്തി പോരാൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ആവശ്യപ്പെടുകയായിരുന്നു.
സ്പോർട്സ് ഡെസ്ക്