തിരുവനന്തപുരം: 'കാസർകോട് മേൽപ്പറമ്പിൽ അറുപതുകാരനിൽ നിന്ന് പണം തട്ടിയ ഹണിട്രാപ് സംഘം പിടിയിൽ. ദമ്പതികൾ ഉൾപ്പടെ ഏഴ് പേരെയാണ് മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്': സമീപകാലത്ത് നടന്ന സംഭവങ്ങൾ ആവർത്തിക്കുകയാണ്. ദിവസേന ഇത്തരം വാർത്തകൾ പ്രത്യക്ഷപ്പെടുന്നു. ഹണിട്രാപിൽ പെടുന്നത് നമ്മൾ അറിയാതെ വേണമെങ്കിലും ആകാം എന്ന മുന്നറിയിപ്പ് നൽകുകയാണ് കേരള പൊലീസ്.

പോസ്റ്റ് ഇങ്ങനെ

ഹണിട്രാപ്പിൽ പെടുന്നത് നമ്മൾ അറിയാതെ വേണമെങ്കിലും ആകാം. നമ്മുടെ ഫോണിൽ അറിയാത്ത നമ്പറിൽ നിന്നോ അറിയാത്ത വ്യക്തികളിൽ നിന്നോ വരുന്ന വീഡിയോ കോളുകൾ ചിലപ്പോൾ ട്രാപ് ആകാം. അതിനാൽ ഇത്തരം കോളുകൾ ശ്രദ്ധിച്ചു മാത്രം എടുക്കുക. മറുവശത്ത് വിളിക്കുന്നയാൾ നഗ്‌നത പ്രദർശിപ്പിക്കുകയും നിങ്ങളോടൊപ്പം ചേർന്നുള്ള സ്‌ക്രീൻ റെക്കോർഡ് എടുക്കുകയും ചെയ്‌തേക്കാം. ഈ ചിത്രങ്ങൾ പിന്നീട് പണത്തിനായി ബ്ലാക്ക് മെയിൽ ചെയ്യാൻ ഉപയോഗിക്കും.

സോഷ്യൽ മീഡിയ കോൺടാക്റ്റുകളുടെ സമഗ്രമായ വിശകലനത്തിനു ശേഷമാണ് ഇത്തരം കോളുകൾ വിളിക്കുന്നത്. അതിനാൽ പണം നൽകാനുള്ള സമ്മർദ്ദം സൃഷ്ടിക്കുന്ന ചിത്രങ്ങൾ നിങ്ങളുടെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയയ്ക്കാൻ അവർക്ക് കഴിയും.
ഇതിൽ നിന്ന് രക്ഷപ്പെടാനുള്ള വഴി ലളിതമാണ് - അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾക്ക് മറുപടി നൽകരുത്.

തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം [ GOLDEN HOUR ] തന്നെ വിവരം
1930 ൽ അറിയിച്ചാൽ പണം തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.