മലയാളി സിനിമാപ്രേമികൾ എക്കാലവും ഓർത്തിരിക്കുന്ന നിരവധി ചിത്രങ്ങൾ ഒരുക്കിയ സംവിധായകനാണ് സിബി മലയിൽ. കഴിഞ്ഞ ഏഴ് വർഷങ്ങളായി അദ്ദേഹം സിനിമകളൊന്നും സംവിധാനം ചെയ്തിരുന്നില്ല. ഈ വലിയ ഇടവേളയ്ക്കു ശേഷം സിബി മലയിലിന്റേതായി പുറത്തത്തുന്ന ചിത്രമാണ് കൊത്ത്. കണ്ണൂരിന്റെ രാഷ്ട്രീയ പശ്ചാത്തലത്തിൽ കഥ പറയുന്ന ഇമോഷണൽ ഡ്രാമയാണ് ചിത്രം. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തെത്തി.

ഏഴ് വർഷത്തെ ഇടവേളയ്ക്കു ശേഷം വരുമ്പോൾ സിബി മലയിൽ പ്രേക്ഷകരെ നിരാശരാക്കിലെന്ന തോന്നലുളവാക്കുന്നുണ്ട് ട്രെയ്‌ലർ. ആസിഫ് അലി, റോഷൻ മാത്യു എന്നിവരുടെ പ്രകടന മികവിനെക്കുറിച്ചും ട്രെയ്‌ലർ പ്രതീക്ഷയുണർത്തുന്നു. നിഖില വിമൽ ആണ് നായിക. ഹേമന്ദ് കുമാർ രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ നിർമ്മാണം ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ രഞ്ജിത്തും പി എം ശശിധരനും ചേർന്നാണ്. അയ്യപ്പനും കോശിയും, നായാട്ട് എന്നീ ശ്രദ്ധേയ ചിത്രങ്ങൾ നിർമ്മിച്ച ബാനറാണ് ഇത്.

സമ്മർ ഇൻ ബദ്‌ലഹേം എന്ന സൂപ്പർഹിറ്റ് ചിത്രത്തിനു ശേഷം സിബി മലയിലും രഞ്ജിത്തും ഒരു പ്രോജക്റ്റിനു വേണ്ടി ഒന്നിക്കുന്നു എന്ന പ്രത്യേകതയും കൊത്തിന് ഉണ്ട്. 1998 ൽ പുറത്തെത്തിയ സമ്മർ ഇൻ ബദ്‌ലഹേമിന്റെ രചന രഞ്ജിത്തിന്റേത് ആയിരുന്നു. 2015ൽ പുറത്തെത്തിയ 'സൈഗാൾ പാടുകയാണി'നു ശേഷം സിബി മലയിലിന്റെ സംവിധാനത്തിൽ പുറത്തെത്തുന്ന ചിത്രമാണിത്.

ചിത്രത്തിന്റെ നേരത്തെ പുറത്തെത്തിയ ഫസ്റ്റ് ലുക്ക് പങ്കുവച്ചുകൊണ്ട് രഞ്ജിത്ത് സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെയായിരുന്നു- 'ബന്ധങ്ങൾ ശിഥിലമാകുമ്പോൾ, മറുപക്ഷത്തിന്റെ കൊടി ഉയരെ പാറുന്നത് കാണുമ്പോൾ, ലോഹവും തീയും ആയുധമാകും. അവസാനത്തെ ശ്വാസം കൊത്തിയെടുക്കാനിറങ്ങുന്നവരുടെ കാലം. ഈ കാലത്തിന് സമർപ്പിക്കുന്നു ഈ ചിത്രം. ഒരു കൈയെങ്കിലും ആയുധത്തിൽ നിന്ന് പിൻവാങ്ങുമെങ്കിൽ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം'.

ഛായാഗ്രഹണം പ്രശാന്ത് രവീന്ദ്രൻ, എഡിറ്റിങ് റതിൻ രാധാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഗിരീഷ് മാരാർ, സംഗീതം കൈലാഷ് മേനോൻ, പശ്ചാത്തല സംഗീതം ജേക്‌സ് ബിജോയ്, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ അഗ്‌നിവേശ് രഞ്ജിത്ത്, പ്രൊഡക്ഷൻ ഡിസൈനർ പ്രശാന്ത് മാധവ്, സൗണ്ട് ഡിസൈൻ ഗണേശ് മാരാർ. സെപ്റ്റംബർ 23 ന് ചിത്രം തിയറ്ററുകളിൽ എത്തും. ഇതിനകം സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് ആണ്.