തിരുവനന്തപുരം: സജീവൻ അന്തിക്കാടിന്റെ സംവിധാനത്തിൽ ജോയ് മാത്യു നായകനാകുന്ന പുതിയ സിനിമ 'ലാ ടൊമാറ്റീന'യുടെ ട്രെയിലർ പുറത്തുവന്നു. നടൻ ടൊവിനോ തോമസാണ് തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിലൂടെ സിനിമയുടെ ട്രെയിലർ പുറത്തുവിട്ടത്. വി ടി ബൽറാം അടക്കമുള്ളവരും ട്രെയിലർ റിലീസിൽ പങ്കാളികളായി.  ആനുകാലിക വിഷയങ്ങളും പ്രമേയമാക്കുന്നതാണ് 'ലാ ടൊമാറ്റീന'. ജോയ് മാത്യുവിന് പുറമേ കോട്ടയം നസീർ, ശ്രീജിത്ത് രവി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

രമേഷ് രാജശേഖരൻ, ലണ്ടൻ സ്വദേശിനി മരിയ തോപ്‌സൺ എന്നിവർ പുതുമുഖങ്ങളും സിനിമയിൽ അഭിനയിക്കുന്നു. മഞ്ചു ലാലാണ് ക്യാമറ ചെയ്യുന്നത്. വേണുഗോപാലാണ് എഡിറ്റർ.കോസ്റ്റ്യൂം: ഇദ്രൻസ് ജയൻ, ശബ്ദ സംവിധാനം:കൃഷ്ണനുണ്ണി, മേക്കപ്പ്: പട്ടണം ഷാ.

ആനൂകാലിക രാഷ്ട്രീയം പരാമർശിക്കുന്നതാണ് സിനിമ. സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്‌സുള്ള ഒരു ന്യൂസ് പോർട്ടലും യുടൂബ് ചാനലും നടത്തുന്നയാളാണ് ഈ സിനിമയിലെ പേരില്ലാത്ത നായകൻ. സർക്കാരിന്റെ ഔദ്യോഗിക രഹസ്യ രേഖകൾ പുറത്തുവിടുന്നതിനാൽ ഇയാളെ ഒരു ഏജൻസി നിരീക്ഷിച്ചു തുടങ്ങുന്നു. പിന്നീടയാളെ ഏതോ അജ്ഞാത കേന്ദ്രത്തിലേക്ക് തട്ടിക്കൊണ്ടു പോകുന്നു. സർക്കാരിന് തലവേദനയുണ്ടാക്കുന്ന മാവോയിസ്റ്റുകളെപ്പോലുള്ള കലാപകാരികൾക്ക് പിറകിൽ പ്രവർത്തിക്കുന്ന അർബൻ നക്‌സലുകളിലൊരാണെന്ന് കുറ്റസമ്മതം നടത്താൻ അയാളെ സുരക്ഷാ ഏജൻസി പ്രേരിപ്പിക്കുന്നു ഇതാണ് സിനിമയുടെ ഇതിവൃത്തം.

ഒരു സ്പാനിഷ് ഉത്സവത്തിന്റെ പേരാണ് ലാ ടൊമാറ്റിന. തക്കാളി കൊണ്ടുള്ള ഉത്സവമാണത്. വർണ്ണങ്ങളുടെ ഉത്സവം. ഇന്ത്യയിലെ ഹോളി പോലെ. മലയാള സിനിമയിൽ ആദ്യമായി ഈ ഉത്സവം ചിത്രീകരിച്ചിരിക്കുന്നത്. ഈ രംഗം ചിത്രീകരിക്കാൻ വേണ്ടി വന്നത് ആയിരം കിലോയോളം തക്കളിലായിരുന്നു. പ്രഭുവിന്റെ മക്കൾ, ടോൾ ഫ്രീ എന്നീ ചിത്രങ്ങൾക്ക് ശേഷം സജീവൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

പുതിയ കാലത്ത് എല്ലാവരേയും ഏതു നിമിഷവും തേടിയെത്താവുന്ന ഭീതിജനകമായൊരു സാഹചര്യത്തെയാണ് ലാ-ടൊമാറ്റിന ആവിഷ്‌ക്കരിക്കുന്നതെന്ന് സംവിധായകൻ സജീവൻ അന്തിക്കാട് പറഞ്ഞു. ഒരേസമയം തൊട്ടറിയാവുന്നതും ഒളിഞ്ഞിരിക്കുന്നതുമായ ഒന്നാണത്. വർത്തമാനകാലത്തിന്റെ ഷേഡുകൾ ചിത്രത്തിലുണ്ട്.