ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് വിജയ്- ലോകേഷ് കനകരാജ് ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ലിയോ എന്നാണ് ചിത്രത്തിന് പേര് നൽകിയിരിക്കുന്നത്. ടീസറിനൊപ്പമാണ് പേര് പുറത്തുവിട്ടത്. 'ബ്ലഡി സ്വീറ്റ്' എന്നാണ് ചിത്രത്തിന്റെ ടാഗ് ലൈൻ. ഒക്ടോബർ 19ന് ചിത്രം റിലീസിന് എത്തും.

അനിരുദ്ധ് ഈണമിട്ട ബ്ലഡി സ്വീറ്റ് എന്ന ഗാനത്തിന്റെ അകമ്പടിയോടെയാണ് ടൈറ്റിൽ ടീസർ എത്തിയത്. 2.48 ദൈർഘ്യം വരുന്ന ടീസർ ആരംഭിക്കുന്നത് ചോക്ലേറ്റുണ്ടാക്കുന്ന രംഗത്തോടെയാണ്. ആക്ഷൻ ത്രില്ലറായിരിക്കും എന്ന സൂചനയാണ് ടീസർ നൽകുന്നത്. എന്തായാലും ആരാധകർ ആവേശമാക്കുകയാണ് ടീസർ. റിലീസ് ചെയ്ത് ഒരു മണിക്കൂറിനുള്ളിൽ 21 ലക്ഷം പേരാണ് ടീസർ കണ്ടത്.

മാസ്റ്ററിനുശേഷം ലോകേഷും വിജയും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. ലോകേഷ് സിനിമാറ്റിക് യൂണിവേഴ്‌സിൽ ഉൾപ്പെടുന്ന ചിത്രത്തിൽ വമ്പൻ താരനിരയാണ് അണിചേരുന്നത്. തൃഷ കൃഷ്ണയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. വിജയും തൃഷയും 14 വർഷത്തിനു ശേഷമാണ് ഒരുമിക്കുന്നത്.

സഞ്ജയ് ദത്ത്, മാത്യു തോമസ്, അർജുൻ സർജ, മിസ്‌കിൻ, ഗൗതം വാസുദേവ് മേനോൻ, മൻസൂർ അലി ഖാൻ, പ്രിയ ആനന്ദ് തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സൺ ടിവിയാണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്റ് സ്വന്തമാക്കിയത്. ഒടിടി ഭീമനായ നെറ്റ്ഫ്‌ളിക്സ് ഡിജിറ്റൽ റൈറ്റ്സും സ്വന്തമാക്കിയെന്നും നിർമ്മാതാക്കളായ സെവൻ സ്‌ക്രീൻ സ്റ്റുഡിയോ പ്രഖ്യാപിച്ചു.