ഭോപാൽ: ഗേൾസ് സ്‌കൂളിലെ ശുചിമുറിയുടെ ശോചനീയവസ്ഥ നേരിട്ടു കണ്ട ബിജെപി എംപി ജനാർദൻ മിശ്ര കൈകൊണ്ട് വൃത്തിയാക്കി. മധ്യപ്രദേശിൽ നിന്നുള്ള എംപിയാണ് ഇദ്ദേഹം. യുവമോർച്ചയുടെ ആഭിമുഖ്യത്തിൽ സ്‌കൂളിൽ സംഘടിപ്പിച്ച വൃക്ഷത്തൈ നടൽ യജ്ഞത്തിന് തുടക്കം കുറിക്കാനാണ് എംപി എത്തിയത്. ഇതിനിടെയാണ് സ്‌കൂളിലെ ശുചിമുറിയുടെ മോശം അവസ്ഥ അദ്ദേഹം കണ്ടത്. ഇതോടെ ബാത്ത്‌റൂം ബ്രഷ് പോലുമില്ലാതെ കൈകൊണ്ടുതന്നെ ക്ലോസറ്റ് അടക്കം തേച്ചുരച്ച് കഴുകുകയായിരുന്നു.

ഒരു ബക്കറ്റിൽ വെള്ളവുമായി ഇരുന്ന് ജനാർദൻ മിശ്ര ശുചിമുറി കഴുകുന്നതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. വൃത്തിയും ശുചിത്വവും പാലിക്കുക എന്നത് ഒരാളുടെ കടമയാണെന്നാണ് ഗാന്ധിജിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരിക്കുന്നത് എന്നായിരുന്നു ഇതേപ്പറ്റി അദ്ദേഹത്തിന്റെ പ്രതികരണം. ഇതാദ്യമായല്ല ഇത്തരം ശുചിത്വ പരിപാടികളിൽ താൻ ഭാഗമാകുന്നത് എന്നും കൂട്ടിച്ചേർത്തു. തന്റെ മണ്ഡലത്തിലെ ഒരു പ്രൈമറി സ്‌കൂളിലെ ശുചിമുറി വൃത്തിയാക്കുന്ന വിഡിയോയും തെരുവ് വൃത്തിയാക്കുന്ന മറ്റൊരു വിഡിയോയും മുൻപ് ജനാർദൻ മിശ്ര പങ്കുവച്ചിരുന്നു.