ഹൈദരാബാദ്: ഉറ്റവരുടെ വിയോഗം അത് താങ്ങാവുന്നതിലും അപ്പുറമുള്ള കാര്യമാണ്.അപ്പോൾ ഒരേ വർഷം തന്നെ അത്തരം സംഭവങ്ങൾ തുടർക്കഥയായലോ..എങ്ങിനെയായിരിക്കും ഒരു മനുഷ്യൻ അതിജീവിക്കുക.അത്തരത്തിൽ ദുരന്തപൂർണ്ണായ ഒരു വർഷമായിരുന്നു തെലുങ്ക് സുപ്പർതാരം മഹേഷ് ബാബുവിന് ഈ വർഷം.തന്റെ പ്രിയപ്പെട്ട മൂന്നുപേരെയാണ് ഈ വർഷം അദ്ദേഹത്തിന് നഷ്ടമായത്.

സഹോദരൻ രമേഷ് ബാബുവിനും അമ്മ ഇന്ദിരയ്ക്കും പിന്നാലെ ഇപ്പോൾ മഹേഷ് ബാബുവിന്റെ അച്ഛൻ കൃഷ്ണയും വിട പറഞ്ഞിരിക്കുകയാണ്.2022 ജനുവരി 10ന് മഹേഷ് ബാബുവിന്റെ മൂത്തസഹോദരൻ രമേഷ് ബാബു അന്തരിച്ചു. സെപ്റ്റംബർ 28ന് ഇന്ദിരയും ലോകത്തോട് വിട പറഞ്ഞു. രണ്ടു മാസം കഴിയും മുൻപെ മഹേഷ് ബാബുവിന് അച്ഛനെയും നഷ്ടമായിരിക്കുകയാണ്.

ചൊവ്വാഴ്ച പുലർച്ചെയാണ് മഹേഷ് ബാബുവിന്റെ പിതാവും മുതിർന്ന നടനുമായ കൃഷ്ണ (ഘട്ടമനേനി ശിവരാമ കൃഷ്ണ മൂർത്തി) അന്തരിച്ചത്. 79 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെയാണ് അദ്ദേഹത്തെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

1942 മെയ്‌ 31ന് ആന്ധ്രപ്രദേശിലെ ഗുണ്ടൂർ ജില്ലയിലാണ് കൃഷ്ണയുടെ ജനനം. 1960-കളുടെ തുടക്കത്തിൽ തെലുങ്ക് സിനിമകളിലൂടെ കരിയർ ആരംഭിച്ച കൃഷ്ണ താമസിയാതെ ശ്രദ്ധേയ നടനായി മാറി. 1960 മുതൽ 80 വരെയുള്ള കാലഘട്ടത്തിൽ തെലുങ്കിലെ സൂപ്പർസ്റ്റാറായി തിളങ്ങിയ കൃഷ്ണ 50 വർഷത്തോളം നീണ്ട തന്റെ കരിയറിൽ ഏതാണ്ട് 350ൽ ഏറെ സിനിമകൾ ചെയ്തു.

 ഗുഡാചാരി 116, മാഞ്ചി കുടുംബം, ലക്ഷ്മി നിവാസം, വിചിത്ര കുടുംബം, ദേവദാസ്, ഭലേ കൃഷ്ണുഡു, ഗുരു ശിഷ്യുലു തുടങ്ങിയ ചിത്രങ്ങൾ കൃഷ്ണയുടെ കരിയറിലെ വലിയ ഹിറ്റുകളാണ്. സംവിധായകൻ, നിർമ്മാതാവ് എന്നീ നിലകളിലും ശ്രദ്ധ നേടി. 2009ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. ഇടക്കാലത്ത് രാഷ്ട്രീയത്തിലും സജീവമായിരുന്നു.

 

രണ്ടു ഭാര്യമാരാണ് കൃഷ്ണയ്ക്കുള്ളത്. ആദ്യ ഭാര്യ ഇന്ദിര ദേവി. രമേഷ് ബാബു, മഹേഷ് ബാബു, പത്മാവതി, മഞ്ജുള, പ്രിയദർശിനി എന്നിങ്ങനെ അഞ്ചു മക്കളാണ് കൃഷ്ണ- ഇന്ദിര ദമ്പതികൾക്ക്. നടിയും നിർമ്മാതാവുമായ വിജയ നിർമലയാണ് കൃഷ്ണയുടെ രണ്ടാമത്തെ ഭാര്യ. ഇവർ 2019ൽ മരണപ്പെട്ടിരുന്നു.