തിരുവനന്തപുരം: മോഹൻലാലിനെക്കുറിച്ച് നടത്തിയ പരാമർശത്തിലും കെ ആർ നാരായണൻ ഇൻസ്റ്റ്യൂട്ട് വിഷയത്തിലും അടൂർ ഗോപാലകൃഷ്ണനെതിരെ വിമർശനം തുടരുകയാണ്.ഈ വിഷയത്തെ സംബന്ധിച്ച് നേരത്തെ തന്നെ അടൂർ ഗോപാലകൃഷ്ണനോട് തന്റെ അഭിപ്രായം വ്യക്തക്കി മേജർ രവി സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.ഇപ്പോഴിത അതിന്റെ തുടർച്ചയായി വീണ്ടും കുറിപ്പുമായി രംഗത്ത് വന്നിരിക്കുകയാണ് അദ്ദേഹം.

മോഹൻലാൽ അടൂരിന്റെ സിനിമയിൽ അഭിനയിക്കാഞ്ഞ സാഹചര്യത്തെക്കുറിച്ചാണ് ഇക്കുറി മേജർ രവി പറയുന്നത്.മലയാളികളുടെ പ്രിയതാരം ശ്രീ മോഹൻലാലിനെ 'നല്ലവനായ റൗഡി' എന്ന് താങ്കൾ വിശേഷിപ്പിച്ചല്ലോ. മലയാളസിനിമയുടെ ആഗോള അംബാസിഡാർ ആയ താങ്കളുടെ ഓർമ്മ ഇപ്പൊഴും സജീവമാണെന്ന് കരുതിക്കോട്ടെ. ആ ഓർമ്മയിലെ ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധയിൽപ്പെടുത്തുന്നു.

അന്ന് താങ്കൾ ചിത്രത്തിലേക്ക് അഭിനയിക്കാൻ ക്ഷണിച്ചപ്പോൾ, അദ്ദേഹം റൗഡി ആയിരുന്നില്ലേ, അതോ നല്ലവനായ റൗഡി ആയതുകൊണ്ടായിരുന്നോ ക്ഷണം... ആ ചിത്രത്തിൽ പക്ഷേ മോഹൻലാൽ അഭിനയിച്ചില്ല. ഇതിന്റെ കാരണം എന്തെന്ന് ഈ ലോകത്ത് അങ്ങയ്ക്കും, ശ്രീ ലാലിനും ഇതെഴുതുന്ന എനിക്കും കുറച്ചാളുകൾക്ക് മാത്രം അറിയാം.എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

മേജർ രവിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം

ശ്രീ അടൂർ ഗോപാലകൃഷ്ണൻ,
താങ്കളെപ്പറ്റി ഞാൻ നേരത്തേയിട്ട ഒരു പോസ്റ്റിന്റെ തുടർച്ചയായാണ് ഇതെഴുതുന്നത്. മലയാളികളുടെ പ്രിയതാരം ശ്രീ മോഹൻലാലിനെ 'നല്ലവനായ റൗഡി' എന്ന് താങ്കൾ വിശേഷിപ്പിച്ചല്ലോ.മലയാളസിനിമയുടെ ആഗോള അംബാസിഡാർ ആയ താങ്കളുടെ ഓർമ്മ ഇപ്പൊഴും സജീവമാണെന്ന് കരുതിക്കോട്ടെ. ആ ഓർമ്മയിലെ ചില കാര്യങ്ങൾ ഒന്ന് ശ്രദ്ധയിൽപ്പെടുത്തുന്നു.

കുറച്ചു വർഷങ്ങൾക്ക് മുമ്പ്, താങ്കൾ, ശ്രീ മോഹൻലാൽ എന്ന 'നല്ലവനായ റൗഡിയെ' താങ്കളുടെ വീട്ടിലേക്ക് ക്ഷണിക്കുകയുണ്ടായി. ഒരുപാട് തിരക്കുകൾ ഉണ്ടായിരുന്നിട്ടും, മോഹൻലാൽ താങ്കളുടെ വസതിയിൽ വന്നു കാണുകയുണ്ടായി. അന്ന് ആലപ്പുഴയിൽ എന്തോ വെച്ച് ഷൂട്ട് ചെയ്യാനിരിക്കുന്ന താങ്കളുടെ സിനിമയുടെ കഥ പറയുകയും അതിൽ അഭിനയിക്കണമെന്ന ആഗ്രഹം അങ്ങ് പ്രകടിപ്പിക്കുകയും ചെയ്തു.

റൗഡികളുടെ കഥ അല്ലാതിരുന്നിട്ടു കൂടി, ഒട്ടും മടിയില്ലാതെ , സന്തോഷത്തോടെ ആ ആവശ്യം ശ്രീ മോഹൻലാൽ സ്വീകരിച്ചു. കാതലായ ചോദ്യം ഇതാണ്.അന്ന് താങ്കൾ ക്ഷണിച്ചപ്പോൾ, അദ്ദേഹം റൗഡി ആയിരുന്നില്ലേ, അതോ നല്ലവനായ റൗഡി ആയതുകൊണ്ടായിരുന്നോ ക്ഷണം..ആ ചിത്രത്തിൽ പക്ഷേ മോഹൻലാൽ അഭിനയിച്ചില്ല. ഇതിന്റെ കാരണം എന്തെന്ന് ഈ ലോകത്ത് അങ്ങയ്ക്കും, ശ്രീ ലാലിനും ഇതെഴുതുന്ന എനിക്കും കുറച്ചാളുകൾക്ക് മാത്രം അറിയാം.

പിന്നെ 'അദ്ദേഹം വെറുമൊരു റൗഡിയല്ല, നല്ലവനായ റൗഡിയാണ്'. അതുകൊണ്ടാവാം അദ്ദേഹം അതിൽ നിന്ന് പിന്മാറിയത്.