തിരുവനന്തപുരം: മലയാള സിനിമയിൽ സമീപകാലത്തെ ഏറ്റവും ശ്രദ്ധേയ വിജയമാണ് ണ്ണി മുകുന്ദൻ നായകനായ മാളികപ്പുറം സ്വന്തമാക്കിയിരിക്കുന്നത്. ഭക്തിയുടെ വഴിയേ സഞ്ചരിക്കുന്ന എന്റർടെയ്‌നർ ചിത്രം വേൾഡ് വൈഡ് കളക്ഷനിൽ കോടികൾ പിന്നിട്ടുവെന്ന വാർത്തയാണ് അണയറക്കാർ പങ്കുവയ്ക്കുന്നത്. ചിത്രം 17 ദിവസം കൊണ്ട് 40 കോടിയിലേറെ നേടിയെന്നാണ് പുറത്തെത്തിയിരിക്കുന്ന കണക്കുകൾ.

പലയിടങ്ങളിലും സിനിമയ്ക്ക് ഹൗസ്ഫുൾ ഷോകൾ ഉണ്ട്. എക്‌സ്ട്രാ ഷോ നടത്തിയ സ്ഥലങ്ങളുമുണ്ട്. കേരളത്തിനകത്തും പുറത്തും സിനിമയ്ക്ക് മികച്ച അഭിപ്രായം ലഭിച്ചുവരികയാണ്. നവാഗതനായ വിഷ്ണു ശശി ശങ്കർ ആണ് മാളികപ്പുറത്തിന്റെ സംവിധായകൻ. സിനിമയുടെ ചിത്രീകരണ ലൊക്കേഷനിൽ പന്തളം രാജകുടുംബം സന്ദർശനം നടത്തിയിരുന്നു. മാളികപ്പുറത്തിന്റെ ഷൂട്ടിങ് ശബരിമലയിലും പരിസരപ്രദേശങ്ങളിലുമായാണ് പൂർത്തിയായത്.



അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ഇതൊരു ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തിൽ പെടുന്ന സിനിമയാണ്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റിൽ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.

ആന്റോ ജോസഫിന്റെ ഉടമസ്ഥതയിലുള്ള ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ ഉടമസ്ഥതയിലുള്ള കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഡിസംബർ 30 ന് കേരളത്തിൽ മാത്രം റിലീസ് ചെയ്യപ്പെട്ട ചിത്രം പിന്നീട് മറ്റ് മാർക്കറ്റുകളിലേക്കും എത്തി.

റിലീസിനു ശേഷം ചിത്രം നേടിയ ഏറ്റവും ഉയർന്ന കളക്ഷൻ ഞായറാഴ്ച നേടിയതാണെന്നും അണിയറക്കാർ അറിയിക്കുന്നു. ഞായറാഴ്ച കേരളത്തിൽ നിന്ന് മാത്രം ചിത്രം നേടിയത് 3 കോടി ആണ്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും യുഎഇ, ജിസിസി അടക്കമുള്ള മറ്റ് വിദേശ മാർക്കറ്റുകളിൽ നിന്നും ചിത്രം നേടിയത് 2 കോടിയാണ്. തുടർച്ചയായ രണ്ടാം ദിവസവും ആഗോള ബോക്‌സ് ഓഫീസിൽ നിന്ന് 5 കോടിയിലേറെ നേടിയിരിക്കുകയാണ് ചിത്രമെന്നും അണിയറക്കാർ അറിയിക്കുന്നു.

ഡിസംബർ 30 ന് കേരളത്തിലെ തിയറ്ററുകളിൽ റിലീസ് ചെയ്ത ചിത്രത്തിന് പുതുവത്സര വാരാന്ത്യത്തിൽ മികച്ച പ്രതികരണമാണ് ലഭിച്ചത്. ആദ്യ ദിനം തന്നെ പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി നേടിയ ചിത്രത്തിന് കുടുംബ പ്രേക്ഷകരും ധാരാളമായി എത്തി. ജിസിസി, യുഎഇ റിലീസ് ജനുവരി 5 നും കേരളമൊഴികെ ഇന്ത്യയിലെ മറ്റു സെന്ററുകളിലെ റിലീസ് 6 നും ആയിരുന്നു. പല വിദേശ മാർക്കറ്റുകളിലേക്കും ചിത്രം പിന്നാലെയെത്തി. രണ്ടാം വാരത്തിൽ കേരളത്തിലെ സ്‌ക്രീൻ കൗണ്ട് വർധിപ്പിക്കുകയും ചെയ്തിരുന്നു ചിത്രം. 140 തിയറ്ററുകളിലായിരുന്നു റിലീസ് ചെയ്തിരുന്നതെങ്കിൽ രണ്ടാം വാരത്തിലേക്ക് കടന്നപ്പോൾ 170 സ്‌ക്രീനുകളിലായി ചിത്രത്തിന്റെ പ്രദർശനം.