തിരുവനന്തപുരം: വൻ വിജയമായി മാറിയ ഉണ്ണി മുകുന്ദൻ ചിത്രം മാളികപ്പുറം ഒടിടി റിലീസിന് എത്തുന്നു. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ഫെബ്രുവരി 15 മുതലാണ് ചിത്രം സ്ട്രീം ചെയ്യുക. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ചിത്രം പ്രദർശനത്തിനു എത്തും. അതിനിടെ റിലീസ് ചെയ്ത് ഏഴാം ആഴ്ചയിലും ചിത്രം തിയറ്ററിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

2022 ഡിസംബർ 30നാണ് മാളികപ്പുറം തിയറ്ററിൽ എത്തിയത്. ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയെന്ന് അണിയറ പ്രവർത്തകർ വെളിപ്പെടുത്തിയിരുന്നു. മലയാളത്തിൽ വൻ വിജയമായതിനു പിന്നാലെ ചിത്രം മൊഴിമാറ്റം ചെയ്ത് അന്യഭാഷകളിലും റിലീസ് ചെയ്തു. അവിടെ നിന്നും മികച്ച അഭിപ്രായമാണ് നേടിയത്. ഇപ്പോൾ ബോക്‌സ്ഓഫിസിൽ 50 ദിവസം പൂർത്തിയാക്കിയിരിക്കുകയാണ് ചിത്രം.

 

നവാഗതനായ വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ അയ്യപ്പന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദൻ എത്തിയത്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കിയത്. മനോജ് കെ. ജയൻ, സൈജു കുറുപ്പ്, രമേശ് പിഷാരടി, സമ്പത്ത് റാം, ശ്രീപഥ്, ആൽഫി പഞ്ഞിക്കാരൻ എന്നിവരായിരുന്നു പ്രധാന വേഷങ്ങളിൽ എത്തിയത്. ആന്റോ ജോസഫിന്റെ ആൻ മെഗാ മീഡിയയും വേണു കുന്നപ്പിള്ളിയുടെ കാവ്യ ഫിലിം കമ്പനിയും ചേർന്നാണ് നിർമ്മാണം.