- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചോദ്യങ്ങളേയും ഉത്തരങ്ങളേയും കുറിച്ചുള്ള സാമാന്യ ബോധ്യമാണ് എല്ലാവർക്കും ആവശ്യം; ശ്രീനാഥ് ഭാസി വിവാദത്തിൽ പ്രതികരിച്ച് മമ്മൂട്ടി; ഒരോരുത്തരും പറയുന്നത് അവർ നേരിടുന്ന ചോദ്യത്തിനുള്ള മറുപടിയെന്ന് മമ്മൂട്ടി
ദോഹ: അഭിമുഖങ്ങളുമായി ബന്ധപ്പെട്ട് വിവിധ സമയങ്ങളിലായി ഒട്ടേറെ വിവാദങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. സിനിമാ മേഖലയുമായി ബന്ധപ്പെട്ട് അത്തരത്തിൽ സമീപകാലത്ത് ഉയർന്നുവന്ന വിവാദങ്ങളിൽ ചോദ്യങ്ങളാണോ വില്ലൻ അതോ ഉത്തരങ്ങളുടെ പ്രശ്നമായിട്ടാണോ തോന്നിയിട്ടുള്ളത് എന്നായിരുന്നു ദോഹയിൽ നടന്ന വാർത്താസമ്മേളനത്തിൽ മമ്മൂട്ടിയോടുള്ള ചോദ്യം.'നമ്മൾ തമ്മിലുള്ള ചോദ്യത്തിനും കുഴപ്പമില്ല ഉത്തരത്തിനും കുഴപ്പം വരാൻ വഴിയില്ല, നമ്മൾ അതിനേക്കുറിച്ച് ചർച്ച ചെയ്യാൻ പോയാൽ ഒരു ദിവസം പോരാതെ വരും'.ഇതായിരുന്നു മെഗാ സ്റ്റാറിന്റെ മറുപടി.
ഓരോരുത്തരും അവരവർ നേരിടുന്ന ചോദ്യങ്ങൾക്കുള്ള മറുപടിയാണ് പറയുന്നത്. അതിനെ നിയന്ത്രിക്കാനോ സെൻസർ ചെയ്യാനോ കഴിയില്ല. അതിന് വേണ്ടത് ചോദ്യം ചോദിക്കുമ്പോഴും ഉത്തരം പറയുമ്പോഴുമുള്ള സാമാന്യമായിട്ടുള്ള ബോധ്യമാണ്. അതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.
ദോഹയിൽ തന്റെ പുതിയ ചിത്രമായ റോഷാക്കിന്റെ റിലീസുമായി ബന്ധപ്പെട്ട് നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം.കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിനുശേഷം നിസാം ബഷീർ ഒരുക്കുന്ന ചിത്രമാണ് റോഷാക്ക്. ഒക്ടോബർ ഏഴാം തീയതിയാണ് ചിത്രം തിയേറ്ററുകളിൽ എത്തുക. പ്രേക്ഷകരിൽ അമ്പരപ്പിന്റെയും ഭയത്തിന്റെയും ഭാവങ്ങൾ നിറച്ച് പുറത്തിറങ്ങിയ ചിത്രത്തിന്റെ പോസ്റ്ററുകളും മേക്കിങ് വിഡിയോയും ട്രെയ്ലറും പ്രേക്ഷകരിൽ 'റോഷാക്കി'നെക്കുറിച്ചുള്ള ആകാംക്ഷ നിറച്ചിരുന്നു.
'റോഷാക്കി'ന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് മമ്മൂട്ടി കമ്പനി തന്നെയാണ്. കൊച്ചിയിലും ദുബായിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിങ് പൂർത്തീകരിച്ചത്. മമ്മൂട്ടിയെ കൂടാതെ ഷറഫുദീൻ, ജഗദീഷ്, ഗ്രേസ് ആന്റണി, ബിന്ദു പണിക്കർ, സഞ്ജു ശിവറാം, കോട്ടയം നസീർ, ബാബു അന്നൂർ, മണി ഷൊർണ്ണൂർ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
മറുനാടന് ഡെസ്ക്