ലഖ്നൗ: അതിവേഗത്തിൽ പാഞ്ഞെത്തുന്ന ട്രെയിനിനു മുന്നിൽ നിന്നും ബൈക്ക് യാത്രികന്റെ അതിനാടകീയമായ രക്ഷപ്പെടലിന്റെ ദൃശ്യങ്ങളാണ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഉത്തർപ്രദേശിലെ ഇറ്റാവയിലെ റെയിൽവെക്രോസിൽ നിന്നുള്ള സിസിടിവി ദൃശ്യമാണിത്. റെയിൽ പാളത്തിൽ ബൈക്കുപേക്ഷിച്ച് ഓടിയകലാൻ ഒന്നോ രണ്ടോ നിമിഷം വൈകിയിരുന്നെങ്കിൽ അതിവേഗതത്തിലെത്തിയ തീവണ്ടിയുടെ അടിയിൽ ബൈക്കിനൊപ്പം ബൈക്ക് യാത്രികനും പെട്ടേനെ. കാഴ്ചക്കാരുടെ നെഞ്ചിടിപ്പേറ്റുന്ന വീഡിയോ ദൃശ്യം ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വൈറലാണ്.



ബൈക്കിൽ ട്രാക്ക് മുറിച്ചു കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ട്രെയിൻ പാഞ്ഞുവരുന്നത് ബൈക്ക് യാത്രികൻ കണ്ടത്. ട്രെയിൻ സമീപത്തെത്താറായതോടെ വണ്ടി തിരിക്കാൻ ശ്രമിക്കുകയും ബൈക്കിന്റെ നിയന്ത്രണം വിട്ട് പാളത്തിൽ പതിക്കുകയുമായിരുന്നു. ട്രെയിൻ സമീപത്തെത്തുന്നതിനു മുൻപ് ബൈക്ക് പാളത്തിൽനിന്ന് വലിച്ചുമാറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ വാഹനം ഉപേക്ഷിച്ച് ജീവൻ രക്ഷിക്കുക മാത്രമായിരുന്നു പോംവഴി. ഒരു നിമിഷത്തിന്റെ വ്യത്യാസത്തിലാണ് പാളത്തിലൂടെ മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിൽ സ്വർണ ജയന്തി എക്സ്പ്രസ് കടന്നുപോയത്.

ബൈക്കിന്റെ മുകളിലൂടെ ട്രെയിൻ കടന്നുപോകുന്നതും എല്ലാവരും നോക്കി നിൽക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ചിന്നിച്ചിതറിയ ബൈക്കിന്റെ ചില ഭാഗങ്ങൾ പിന്നീട് പാളത്തിൽ കണ്ടെത്തിയിരുന്നു. തൊട്ടടുത്ത പാളത്തിലൂടെ ട്രെയിൻ കടന്നുപോകുന്നത് കാത്തു നിൽക്കുന്ന മറ്റ് ഇരുചക്രവാഹനയാത്രക്കാരേയും കാൽനടക്കാരേയും വീഡിയോ ദൃശ്യങ്ങളിൽ കാണാം.