വിശാഖപട്ടണം: വന്ദേഭാരത് എക്സ്‌പ്രസ് കാണാൻ എത്തിയ ആന്ധ്രാ പ്രദേശ് സ്വദേശിയായ യുവാവ് അബദ്ധത്തിൽ ട്രെയിനുള്ളിൽ കുടുങ്ങി. വിശാഖപട്ടണത്തുനിന്നും സെക്കന്തരാബാദിലേക്കുള്ള ട്രെയിനിലാണ് സംഭവം. കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്ത ട്രെയിൻ രാജമുന്ദ്രിയിൽ എത്തിയപ്പോൾ സെൽഫി എടുക്കുന്നതിനായി ഇയാൾ കയറി. എന്നാൽ ഇയാൾ കയറിയതും ട്രെയിനിന്റെ ഓട്ടോമാറ്റിക് വാതിൽ അടഞ്ഞു.

അബദ്ധത്തിൽ ട്രെയിനിൽ കയറിയ ഇയാൾ പിന്നിട്, 159 കിലോമീറ്റർ അകലെയുള്ള വിശാഖപട്ടണത്ത് എത്തിയിട്ട് മാത്രമാണ് ഇറങ്ങിയത്. പുറത്തിറങ്ങാൻ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഒന്നും സാധിക്കാതെ വരികയായിരുന്നു.

ട്രെയിൻ രാജമുന്ദ്രിയിൽ എത്തിയപ്പോൾ ഫോട്ടോ എടുക്കുന്നതിന് വേണ്ടിയാണ് ആന്ധ്രാ പ്രദേശ് സ്വദേശി ട്രെയിനിൽ കയറിയത്. എന്നാൽ, കയറി സെക്കന്റുകൾക്കുള്ളിൽ ഓട്ടോമാറ്റിക്ക് വാതിൽ അടയുകയായിരുന്നു.

സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ടിടിആറിനോട് വാതിൽ തുറന്നുതരാൻ അപേക്ഷിക്കുന്നതും എന്നാൽ, അത് സാധിക്കില്ലെന്ന് പറയുന്നതും വീഡിയോയിൽ കാണാൻ സാധിക്കും.

'എന്തിനാണ് നിങ്ങൾ ചിത്രങ്ങൾ എടുക്കുന്നതിനായി ട്രെയിനിനുള്ളിൽ കയറിയത്? നിങ്ങൾ എന്താണ് ചെയ്തത് എന്നതിനെകുറിച്ച് എന്തെങ്കിലും ധാരണയുണ്ടോ? ഇനി വിജയവാഡയിലാണ് അടുത്ത സ്റ്റോപ്പ്. അതുവരെ യാത്ര ആസ്വദിക്കുക. നിങ്ങൾക്ക് ട്രെയിനിനു പുറത്തുനിന്ന് ചിത്രങ്ങൾ എടുക്കാമായിരുന്നു. ഇനി നിങ്ങൾക്ക് അനാവശ്യമായി ആറു മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്യേണ്ടി വരും.' എന്നാണ് ടിക്കറ്റ് മാസ്റ്റർ പറയുന്നത്. വിശാഖപട്ടണം വരെയുള്ള ടിക്കറ്റ് ചാർജ് നൽകിയ ശേഷം അയാൾ അവിടെനിന്നും തിരികെ പോന്നു. ഇയാൾക്കു മേൽ പിഴയൊന്നും ചുമത്തിയിട്ടില്ലെന്നാണ് അധികൃതർ അറിയിച്ചത്.

'ജനുവരി 16നാണ് സംഭവമുണ്ടായിരിക്കുന്നത്. രാജ്മുന്ദ്രി സ്റ്റേഷനിൽ നിന്നും സെൽഫി എടുക്കുന്നതിന് വേണ്ടി വന്ദേ ഭാരത് എക്സ്‌പ്രസിൽ കയറിയപ്പോഴാണ് സംഭവമുണ്ടായിരിക്കുന്നത്. ഇയാൾ ഇറങ്ങാൻ ശ്രമിക്കുന്നതിന് മുൻപ് ഓട്ടോമാറ്റിക് ഡോറുകൾ അടയുകയും വിശാഖപട്ടണത്തേക്ക് പോകുകയുമായിരുന്നു.' സൗത്ത് സെന്റ്രൽ റെയിൽവേ ചീഫ് പിആർഒ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

രാജ്യത്തെ എട്ടാമത്തെ വന്ദേ ഭാരത് എക്സ്‌പ്രസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വീഡിയോ കോൺഫറൻസ് വഴി ഫ്‌ളാഗ് ഓഫ് ചെയ്തത്. തെലങ്കാനയിലെ സെക്കന്തരാബാദിൽ നിന്നും ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്തേക്ക് എത്തുന്നതാണ് വന്ദേ ഭാരത് എക്സ്‌പ്രസ്. 700 കിലോമീറ്റർ ദൂരം 8.5 മണിക്കൂറായി കുറയ്ക്കാൻ സാധിക്കുമെന്നതാണ് പ്രത്യേകത.