വാഷിങ്ങ്ടൺ: ഫേസ്‌ബുക്ക് സഹസ്ഥാപകൻ മാർക്ക് സക്കർബർഗ് വീണ്ടും അച്ഛനാകുന്നു. ഇൻസ്റ്റഗ്രാമിലൂടെയാണ് ഭാര്യ പ്രിസ്‌കില്ല ചാൻ മൂന്നാമതും ഗർഭിണിയാണെന്ന് അദ്ദേഹം പ്രഖ്യാപിച്ചത്.'നിറയെ സ്‌നേഹം. മാക്‌സിനും അഗസ്റ്റിനും അടുത്ത വർഷം ഒരു സഹോദരിയെ കൂടി ലഭിക്കാൻ പോകുന്ന വിവരം സന്തോഷത്തോടെ പങ്കുവെക്കട്ടെ' എന്നായിരുന്നു ഭാര്യക്കൊപ്പമുള്ള ഫോട്ടോ സഹിതം സക്കർബർഗ് കുറിച്ചത്.

 
 
 
View this post on Instagram

A post shared by Mark Zuckerberg (@zuck)

 

ഹാർഡ് വാർഡ് സർവകലാശാലയിലെ സഹപാഠികളായിരുന്ന സക്കർബർഗും പ്രിസ്‌കില്ല ചാനും 2012 ലാണ് വിവാഹിതരായത്. അഗസ്റ്റ്, മാക്‌സിമ എന്നിങ്ങനെ രണ്ട് പെൺകുട്ടികളുള്ള ദമ്പതികൾ ഈയടുത്താണ് 10ാം വിവാഹ വാർഷികം ആഘോഷിച്ചത്.

മുമ്പ് ലോകത്തെ ഏറ്റവും സമ്പന്നരിൽ ഒരാളായിരുന്നു സക്കർബർഗ്. എന്നാൽ അടുത്ത കാലത്തായി അദ്ദേഹത്തിന്റെ ആസ്തിയിൽ ഇടിവുണ്ടായി. മെറ്റാ പ്ലാറ്റ്ഫോംസ് ഇൻകോർപ്പറേറ്റിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് അദ്ദേഹത്തിന്റെ സമ്പത്തിന്റെ 54% അഥവാ 68.3 ബില്യൺ ഡോളർ നഷ്ടമാണ് അടുത്തകാലത്തായി നേരിട്ടത്.

ബ്ലൂംബെർഗ് ബില്യണയേഴ്സ് ഇൻഡക്സ് ട്രാക്ക് ചെയ്ത അതിസമ്പന്നരിൽ ഏറ്റവും വലിയ നഷ്ടം സംഭവിച്ചതും ഇദ്ദേഹത്തിനാണ്. ഈ വർഷം ഇതുവരെ 71 ബില്യൺ ഡോളറിന്റെ നഷ്ടമുണ്ടായതോടെ അദ്ദേഹത്തിന്റെ സമ്പത്ത് പകുതിയായി കുറഞ്ഞു. 55.9 ബില്യൺ ഡോളറാണ് നിലവിൽ അദ്ദേഹത്തിന്റെ ആസ്തി.

106 ബില്യൺ ഡോളർ ആസ്തി നേടിയായിരുന്നു, ജെഫ് ബെസോസും ബിൽ ഗേറ്റ്സും മാത്രമുള്ള ആഗോള ശതകോടീശ്വരന്മാരുടെ കൂട്ടത്തിൽ രണ്ട് വർഷം മുമ്പ് 38 കാരനായ സക്കർബർഗും എത്തിയത്. 2021 സെപ്റ്റംബറിൽ കമ്പനിയുടെ ഓഹരികൾ 382 ഡോളറിലെത്തിയപ്പോൾ അദ്ദേഹത്തിന്റെ സമ്പത്ത് ഏറ്റവും ഉയർന്ന് 142 ബില്യൺ ഡോളറിലെത്തി.

അടുത്ത മാസം, സക്കർബർഗ് മെറ്റ അവതരിപ്പിക്കുകയും കമ്പനിയുടെ പേര് Facebook Inc എന്നതിൽ നിന്ന് മാറ്റുകയും ചെയ്തതിനു പിറകെയാണ് നഷ്ടങ്ങൾ സംഭവിക്കാൻ തുടങ്ങിയത്.