നിരവധി പുതിയ സൗകര്യങ്ങൾ വാട്സാപ്പിൽ വരാനിരിക്കുന്നുണ്ട്. കഴിഞ്ഞ കുറേ നാളുകളായി വാട്സാപ്പ് പരീക്ഷിച്ചുകൊണ്ടിരിക്കുന്ന നിരവധി സൗകര്യങ്ങളെ കുറിച്ചുള്ള വാർത്തകൾ വരുന്നുണ്ട്. ഇപ്പോൾ ഉപഭോക്താക്കൾക്ക് സ്വന്തം അക്കൗണ്ടിലേക്കുതന്നെ മെസേജ് അയക്കാൻ സാധിക്കുന്ന സൗകര്യം അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വാട്സാപ്പ് എന്നാണ് പുതിയ വിവരം.

വാബീറ്റ ഇൻഫോ പുറത്തുവിട്ട സ്‌ക്രീൻ ഷോട്ടുകൾ ഇത് വ്യക്തമാക്കുന്നു. 'മെസേജ് വിത്ത് യുവർസെൽഫ്' എന്ന് വിളിക്കുന്ന സൗകര്യമാണിത്. ഇതുവഴി സ്വന്തം അക്കൗണ്ടിലേക്ക് തന്നെ മെസേജ് അയക്കാൻ സാധിക്കും. 'ന്യൂ ചാറ്റ്' ബട്ടൻ തുറന്നാൽ ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കും.

നിലവിൽ നമ്മൾ ന്യൂ ചാറ്റ് ബട്ടൻ ക്ലിക്ക് ചെയ്യുമ്പോൾ, ന്യൂ ഗ്രൂപ്പ്, ന്യൂ കോൺടാക്റ്റ് ബട്ടനുകളാണ് കാണുക. അതിന് താഴെയായി ഇടക്കിടെ സന്ദേശം അയക്കാറുള്ള നമ്പറുകളും കാണാം.

എന്നാൽ പുതിയ അപ്ഡേറ്റ് വന്നാൽ ന്യൂ ചാറ്റ് ബട്ടൻ തുറക്കുമ്പോൾ അതിൽ ന്യൂ കമ്മ്യൂണിറ്റി എന്നൊരു ബട്ടനും ഇതിൽ ചേർക്കും. ഇതിന് താഴെയായി വാട്സാപ്പ് കോൺടാക്റ്റ് ലിസ്റ്റും ഉണ്ടാവും. ഈ പട്ടികയിൽ ഏറ്റവും മുകളിലായി നിങ്ങളുടെ കോൺടാക്റ്റ് തന്നെ കാണാം. ഈ ചാറ്റ് തുറന്ന് നിങ്ങൾക്ക് തന്നെ മെസേജ് അയക്കാം.

മറ്റ് ചാറ്റുകളിൽ അയക്കാൻ സാധിക്കുന്ന എല്ലാ സന്ദേശങ്ങളും നിങ്ങൾക്ക് സ്വയം അയക്കാൻ സാധിക്കും. ടെക്സ്റ്റ് മെസേജുകളും മീഡിയാ ഫയലുകളും എല്ലാം അയക്കാം.സാധാരണ പിന്നീട് ഓർമവെക്കേണ്ടതായ സന്ദേശങ്ങളും മറ്റും എളുപ്പത്തിൽ കുറിച്ചുവെക്കാനും മറ്റും ഉപഭോക്താക്കൾ ഒരു ഡമ്മി ചാറ്റ് ഉണ്ടാക്കാറുണ്ട്. സുഹൃത്തുക്കളിൽ ആരെയെങ്കിലും ചേർത്ത് ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും ആ ഗ്രൂപ്പിൽ നിന്ന് പിന്നീട് സുഹൃത്തിനെ ഒഴിവാക്കി ഗ്രൂപ്പ് ഡമ്മി ചാറ്റ് ആയി നിലനിർത്തുകയും ചെയ്യും.

ഈ ചാറ്റിലേക്കാണ് കുറിപ്പുകളും ആരെങ്കിലും അയക്കുകയോ പറഞ്ഞ് തരികയോ ചെയ്യുന്ന ഫോൺ നമ്പറുകളോ മറ്റ് നിർദേശങ്ങളോ ടൈപ്പ് ചെയ്ത് അയക്കുക. ഇങ്ങനെ പ്രയാസപ്പെടുന്നവർക്ക് ഏറെ ഉപകാരമായിരിക്കും വാട്സാപ്പ് ഒരുക്കുന്ന സ്വന്തം അക്കൗണ്ടിലേക്ക് മെസേജ് അയക്കാനുള്ള ഫീച്ചർ.നിലവിൽ ആൻഡ്രോയിഡ് ബീറ്റാ പരീക്ഷണത്തിലിരിക്കുന്ന ഈ സൗകര്യം എപ്പോൾ എല്ലാവർക്കുമായി ലഭിക്കുമെന്ന് വ്യക്തമല്ല.