ബെൽസ് പാൾസി എന്ന രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്ന നടനും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രി വിട്ടു. ഡിസ്ചാർജ്ജ് ആയെന്നും ഇനി കുറച്ചു ദിവസത്തെ ഫിസിയോതെറാപ്പി കൂടി ബാക്കിയുണ്ടെന്നും നടൻ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. തനിക്ക് പ്രാർത്ഥനകളിലൂടെ പിന്തുണ നൽകിയ എല്ലാവർക്കും മിഥുൻ നന്ദി കുറിച്ചു.

ബെൽസ് പാൾസി ബാധിച്ചതിനെ തുടർന്ന് തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് താരം ചികിത്സ തേടിയത്. മുഖത്തിന് താൽക്കാലികമായി കോടൽ ഉണ്ടാക്കുന്ന രോഗമാണിത്. സോഷ്യൽ മീഡിയയിലൂടെ മിഥുൻ തന്നെയാണ് വിവരം അറിയിച്ചത്.

ആശുപത്രി കിടക്കയിൽ കിടന്നുകൊണ്ടുള്ള ഒരു വിഡിയോ ഇൻസ്റ്റഗ്രാം സ്റ്റോറിയാക്കുകയായിരുന്നു താരം. പക്ഷാഘാതം വന്നതുപോലെ ആണെന്നും ഒരുഭാഗം അനക്കാനാവുന്നില്ലെന്നുമാണ് താരം വിഡിയോയിൽ വിശദീകരിച്ചത്.