- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിച്ചുസാറേ...കിട്ടിപ്പോയ് 75 ലക്ഷം; സ്ത്രീശക്തി ലോട്ടറി അടിച്ച ഞെട്ടലിൽ ഇതര സംസ്ഥാന തൊഴിലാളി ഓടിക്കയറിയത് മൂവാറ്റുപുഴ സ്റ്റേഷനിലേക്ക്; പാവം ബദേസ് പേടിച്ചത് ആരെങ്കിലും ലോട്ടറി തട്ടിയെടുക്കുമോ എന്ന്; സംഭവം വിവരിച്ച് കേരള പൊലീസ് പോസ്റ്റ്
മൂവാറ്റുപുഴ: എല്ലാവരും ലോട്ടറി എടുക്കുന്നത് അത് അടിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണ്. ലോട്ടറി വിൽപ്പനക്കാരെ സഹായിക്കാൻ വേണ്ടി ഒന്നെടുത്തെടുത്താണേ എന്നൊക്കെ പുറമേപറഞ്ഞാലും അടിച്ചാൽ തെറ്റില്ല എന്നാണ് മിക്കവരുടെയും മനസ്സിലിരുപ്പ്. ഇനിയെങ്ങാനും ഒന്നാം സമ്മാനം അടിച്ചുപോയാലോ. സന്തോഷത്തിനൊപ്പം എത്തും വേവലാതിയും. ചിലർക്കാണെങ്കിൽ എന്താണ് ചെയ്യേണ്ടതെന്ന് ഒരുപിടിയുമില്ല. ഇനി ആരെങ്കിലും സമ്മാനാർഹമായ ടിക്കറ്റ് അടിച്ചുമാറ്റിയാലോ. ചില സംസ്ഥാനങ്ങളിലൊക്കെ അങ്ങനെ സംഭവിക്കുന്നല്ലോ. എന്തിന് ടിക്കറ്റിന് വേണ്ടി കൊലപാതകം വരെ. ഇതൊക്കെ ഓർത്താകും, ഇതര സംസ്ഥാന തൊഴിലാളിയായ എസ് കെ ബദേസ് വല്ലാതെ ബേജാറിലായത്.
സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ ബദേസ് ഓടിക്കയറിയത് മൂവാറ്റുപുഴ പൊലീസ് സ്‌റ്റേഷനിലേക്കാണ്. കേരള പൊലീസിന്റെ ഫേസ്‌ബുക്ക് പേജിൽ സംഭവം വിവരിച്ചു.
കുറിപ്പ് വായിക്കാം:
ലോട്ടറി അടിച്ച ഞെട്ടലിൽ ഇതരസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പൊലീസ് സ്റ്റേഷനിലേക്ക്..!
സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ ഇതരസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലേക്ക്. കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയിൽ പൊലീസിന്റെ സഹായം തേടിയെത്തിയത്.
ഒന്നാം സമ്മാനം അടിച്ച കാര്യം അറിഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ബദേസ് നേരെ പൊലീസ് സ്റ്റേഷനിലെത്തി പൊലീസുദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. ആരെങ്കിലും തന്റെ കയ്യിൽ നിന്നും ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിലായിരുന്ന ബദേസിനെ പൊലീസ് ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കുകയും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുകയും ചെയ്തു.
റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോഴാണ് ഇയാൾ ലോട്ടറി എടുത്തത്. ഭാഗ്യമായി ലഭിച്ച പണവുമായി കൊൽക്കത്തയിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് ബദേസ്.
മറുനാടന് ഡെസ്ക്