തിരുവനന്തപുരം: കണ്ണൂരിൽ കാറിൽ ചാരി നിന്നതിന്റെ പേരിൽ ആറ് വയസ്സുകാരനായ രാജസ്ഥാൻ ബാലനെ ആക്രമിച്ച സംഭവത്തിൽ നിയപരമായ എല്ലാ നടപടികളുമുണ്ടാകുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി.മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്നതല്ല,എന്തൊരു ക്രൂരതയാണ് കുട്ടിയെ ചവിട്ടി തെറിപ്പിക്കുന്നതെന്നും തന്റെ ഫേസ്‌ബുക്ക് കുറിപ്പിലൂടെ മന്ത്രി പ്രതികരിച്ചു.

കണ്ണീരിലുണ്ടായ ഈ സംഭവം ഞെട്ടലുണ്ടാക്കിയെന്നും ഇത്തരം സംഭവം ആവർത്തിക്കരുതെന്നും കർശന നടപടിയുണ്ടാകുമെന്നും മന്ത്രി തന്റെ ഫേസ്‌ബുക്കിൽ കുറിച്ചു.

മന്ത്രിയുടെ ഫേസ്‌ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

മനുഷ്യത്വം എന്നത് കടയിൽ വാങ്ങാൻ കിട്ടുന്ന ഒന്നല്ല. കണ്ണൂരിലെ സംഭവം ഞെട്ടൽ ഉണ്ടാക്കി. കാറിൽ ചാരി നിന്നതിന് ആറ് വയസുകാരനെ ചവിട്ടിത്തെറിപ്പിക്കുന്നത് എന്തൊരു ക്രൂരതയാണ്. നിയമപരമായ എല്ലാ നടപടിയും ഉണ്ടാകും. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്.

 

 

അതേസമയം തലശേരിയിൽ കാറിൽ ചാരി നിന്ന് പിഞ്ചു ബാലനെ ക്രൂരമായി മർദിച്ച സംഭവത്തിലെ പ്രതി അറസ്റ്റിലായി.പൊന്ന്യാംപാലം സ്വദേശി മുഹമ്മദ് ശിഹ്ഷാദിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസമാണ് കാറിൽ ചാരി നിന്ന് കുഞ്ഞിനെ ഇയാൾ ക്രൂരമായി മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നത്.സംഭവം കണ്ട് നാട്ടുകാർ ഇടപെടുന്നതും ശിഹ്ഷാദിനെ ചോദ്യം ചെയ്യന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.

തന്റെ കാറിൽ ചാരി നിന്നതിനാണ് ശിഹ്ഷാദ് കുട്ടിയെ മർദിച്ചത്.ചവിട്ടിൽ നടുവിന് സാരമായി പരുക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഗണേശ് എന്ന കുട്ടിക്കാണ് മർദനമേറ്റത്.കേരളത്തിലേക്കെത്തിയ രാജസ്ഥാനി കുടുംബത്തിലെ കുട്ടിയാണ് ഗണേശ്. എന്നാൽ, സി.സി.ടി.വി ദൃശ്യങ്ങൾ വന്ന് മണിക്കൂറുകൾ കഴിഞ്ഞിട്ടും കേസെടുക്കാനോ ആരോപണ വിധേയനായ ആളെ ചോദ്യം ചെയ്യാനോ പൊലീസ് ആദ്യം തയ്യാറായിരുന്നില്ലെന്ന ആക്ഷേപം ഉയർന്നിരുന്നു.പിന്നാലെ മാധ്യമ വാർത്തകൾ വന്നതോടയാണ് പൊലീസ് ഇടപെടൽ ഉണ്ടായത്.