ഇടുക്കി: പുലർത്തെ നാല് മണിയോടെയാരംഭിച്ച അരിക്കൊമ്പൻ ദൗത്യം താൽക്കാലികമായി അവസാനിപ്പിച്ചതോടെ സാമൂഹ്യ മാധ്യമങ്ങളിൽ വനംവകുപ്പിന് ട്രോൾമഴ. രാവിലെ മുതൽ തിരച്ചിൽ നടത്തിയെങ്കിലും ആനയെവിടെയെന്ന് കണ്ടെത്താൻ വനംവകുപ്പിന് കഴിഞ്ഞില്ല. ഇതോടെ ഉച്ചയോടെ ഉദ്യോഗസ്ഥ സംഘത്തോട് മടങ്ങാൻ വനംവകുപ്പ് നിർദ്ദേശം നൽകുകയായിരുന്നു. ഇതനുസരിച്ച് ഒരു സംഘം മടങ്ങുകയും ചെയ്തു.

ഇതോടെ സമൂഹമാധ്യമങ്ങളിലെ ട്രോളുകളിൽ അരിക്കൊമ്പനും വനംവകുപ്പും നിറയുകയായിരുന്നു. അരിക്കൊമ്പനെ മയക്കുവെടിവയ്ച്ച് പിടികൂടാൻ ദൗത്യസംഘം ഉന്നമിട്ടിരുന്നതും, ഇതിനിടെ അരിക്കൊമ്പനെ കാണാതായതുമാണ് ട്രോളുകൾക്ക് ആധാരം. അരിക്കൊമ്പനെ പിടികൂടാൻ പോയ ദൗത്യ സംഘത്തിന് മുൻപിൽ പ്രത്യക്ഷപ്പെട്ടതാകട്ടെ ചക്കക്കൊമ്പൻ. ഇതാണ് പരിഹാസത്തിന് ഇടയാക്കുന്നത്.



രാവിലെ മുതൽ അരിക്കൊമ്പനാണെന്ന് കരുതി ചക്കക്കൊമ്പനെ ലക്ഷ്യ സ്ഥാനത്തേക്ക് എത്തിക്കാനുള്ള ശ്രമത്തിലായിരുന്നു ഉദ്യോഗസ്ഥർ. എന്നാൽ ഇതിനിടെയാണ് ഇത് ചക്കക്കൊമ്പനാണെന്ന് മനസ്സിലായത്. തൊട്ടുപിന്നാലെ അരിക്കൊമ്പൻ ' മുങ്ങിയതായി' വാർത്തകളും പുറത്തുവന്നു. ഇതോടെയാണ് സമൂഹമാധ്യമങ്ങളിൽ ട്രോൾ മഴ ആരംഭിച്ചത്.



അടുത്തിടെ മയക്കുവെടിവച്ച് പിടികൂടാനുള്ള ശ്രമങ്ങൾക്കിടെ കിണറ്റിൽ വീണ കരടി ചത്തിരുന്നു. ഈ വാർത്ത അറിഞ്ഞതുകൊണ്ട് അരിക്കൊമ്പൻ മുങ്ങിയതാണെന്നാണ് പൊതുവേയുള്ള അഭിപ്രായം. കരടിയെ വെടിവച്ച് കൊന്നതുപോലെ ആളുമാറി തന്നെയും ഉദ്യോഗസ്ഥർ കൊല്ലുമോയെന്ന് ചക്കക്കൊമ്പൻ ആശങ്ക പ്രകടിപ്പിക്കുന്ന ട്രോളുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

'നീ നാട്ടുകാരുടെ അരി മോഷ്ടിക്കും അല്ലേടാ..? എന്ന വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ചോദ്യത്തിന് നിങ്ങൾക്ക് ആന മാറിപ്പോയെന്നാ തോന്നുന്നത് സാറുമ്മാരേ.. എന്ന് മറുപടി പറയുന്ന ആനയും സാമൂഹ്യ മാധ്യമങ്ങളിൽ ചിരിപ്പടർത്തുന്നുണ്ട്.

ആനയെ 'ടെസ്റ്റ്' ചെയ്യാൻ അൽപ്പം അരി ഇട്ട് കൊടുക്കുകയും, എന്നാൽ ആന ചക്കയോട് താത്പര്യം കാണിക്കുന്നത് കണ്ട് ' ആന മാറിപ്പോയി' എന്ന് വനംവകുപ്പ് തിരിച്ചറിയുന്ന ട്രോളുകളും പ്രചരിക്കുന്നുണ്ട്. തന്നെ പിടിക്കാൻ അടുത്ത വെള്ളിയാഴ്ചയാകട്ടെയെന്ന് വനംവകുപ്പിനോട് പറഞ്ഞ് അരിക്കൊമ്പൻ ഓടിപ്പോകുന്ന ട്രോളുകളും കാണാം.



വനംവകുപ്പ് ഉദ്യോഗസ്ഥരടക്കം 150 ലേറെ പേരാണ് ചിന്നക്കനാലിൽ ജനജീവിതം ദുസ്സഹമാക്കി നാശം വിതച്ച അരിക്കൊമ്പനെ സ്ഥലം മാറ്റാനുള്ള ദൗത്യസംഘത്തിലുള്ളത്. പുലർച്ചെ നാല് മണിയോടെ ആരംഭിച്ച തിരച്ചിലിൽ അരിക്കൊമ്പൻ എന്ന് കരുതുന്ന ആനയെ കണ്ടെങ്കിലും പിന്നീട് ഇത് കാടിനുള്ളിൽ മറഞ്ഞു. വെയിൽ ശക്തമായതിനാൽ ഇനി ആനയെ കണ്ടെത്തി വെടിവെച്ചു മയക്കി മറ്റൊരിടത്തേക്ക് മാറ്റാനുള്ള സാധ്യത മങ്ങിയതോടെയാണ് ദൗത്യം അവസാനിക്കാൻ തീരുമാനിച്ചത്. പിന്നാലെ അരിക്കൊമ്പന് വേണ്ടിയുള്ള ജി പി എസ് കോളർ ബേസ് ക്യാമ്പിൽ തിരികെ എത്തിച്ചിട്ടുണ്ട്.



അരിക്കൊമ്പൻ ദൗത്യത്തിനായി വനം വകുപ്പ് നിശ്ചയിച്ച ചിന്നക്കനാലിൽ നിന്ന് പതിനഞ്ച് കിലോ മീറ്ററോളം അകലെ ശങ്കരപാണ്ഡ്യ മേട് എന്ന സ്ഥലത്താണ് അരിക്കൊമ്പൻ ഇപ്പോഴുള്ളതെന്നാണ് സംശയം. ബുധനാഴ്ച രാത്രി മുതൽ അരിക്കൊമ്പൻ ശങ്കരപാണ്ഡ്യ മേട്ടിൽ ഉണ്ടെന്നും ഇപ്പോഴും അവിടെ തുടരുകയാണെന്ന് നാട്ടുകാർ പറയുന്നു. ദൗത്യത്തിന് നേതൃത്വം നൽകുന്ന ഹൈറേഞ്ച് സർക്കിൾ സി സി എഫ് ആർ.എസ്. അരുണും ഡോ. അരുൺ സക്കറിയയും ഉൾപ്പെടെ ഉള്ളവർ ശങ്കരപാണ്ഡ്യ മേട്ടിൽ നേരിട്ടെത്തി പരിശോധന നടത്തിയെങ്കിലും നാട്ടുകാർ നൽകിയ വിവരം സ്ഥിരീകരിക്കാൻ തയ്യാറായിട്ടില്ല.