തിരുവനന്തപുരം: സംഗീത് ശിവൻ തനിക്ക് സുഹൃത്തിനേക്കാളുപരി സ്‌നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു എന്ന് അനുസ്മരിച്ച് മോഹൻലാൽ. സംവിധാനത്തിലും ഛായാഗ്രഹണത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ആളായിരുന്നു പ്രിയപ്പെട്ട സംഗീത് ശിവൻ, എന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

മോഹൻലാലിന്റെ കുറിപ്പ്:

സംവിധാനത്തിലും ഛായാഗ്രഹണത്തിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച, പ്രിയപ്പെട്ട സംഗീത് ശിവൻ, എനിക്ക് സുഹൃത്തിനേക്കാളുപരി സ്‌നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു. യോദ്ധയും, ഗാന്ധർവവും, നിർണ്ണയവും ഒക്കെ ഓരോ മലയാളിയുടെയും മനസിൽ ആഴത്തിൽ പതിഞ്ഞത്, അവയുടെയെല്ലാം പിന്നിൽ അദ്ദേഹത്തിന്റെ പ്രതിഭാസ്പർശം ഉള്ളതുകൊണ്ടാണ്. കാലമെത്ര കഴിഞ്ഞാലും സംഗീത് എന്ന മഹാപ്രതിഭയെ കലാകേരളം ആദരവോടെ ഓർക്കും, അദ്ദേഹം സൃഷ്ടിച്ച കഥാപാത്രങ്ങൾ അനശ്വരരായി നിലകൊള്ളും. പ്രിയ സഹോദരന് വേദനയോടെ വിട.

സംഗീത് ശിവൻ സംവിധാനം ചെയ്ത യോദ്ധയുടെ രണ്ടാം ഭാഗം എടുക്കുക അദ്ദേഹത്തിന്റെ സ്വപ്‌നമായിരുന്നു. ആ ചിത്രത്തിൽ മോഹൻലാൽ, ജഗതി ശ്രീകുമാർ, മാസ്റ്റർ സിദ്ധാർത്ഥ, മധുബാല, ഉർവശി എന്നിവർ അഭിനയിച്ചിട്ടുണ്ട്. കേരളത്തിലും നേപ്പാളിലുമായി ചിത്രീകരിച്ച ചിത്രം അന്നുവരെ മലയാള സിനിമ കാണാത്ത ഒരു കഥ രീതിയാണ് പരിചയപ്പെടുത്തിയത്. ശശിധരൻ ആറാട്ടുവഴിയാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്. യോദ്ധയിലൂടെ എ ആർ റഹ്‌മാനെ മലയാളത്തിലെത്തിച്ചതും ഈ ചിത്രത്തിലൂടെ സംഗീത് ശിവനാണ്.

യോദ്ധയുടെ രണ്ടാം ഭാഗം ഒരുക്കുക എന്നത് സംഗീതം ശിവന്റെ വലിയ ആഗ്രഹം ആയിരുന്നു. അതിന് വേണ്ടിയുള്ള ശ്രമങ്ങൾ അദ്ദേഹം പലതരത്തിൽ നടത്തിയിരുന്നു. അതിനായി വിവിധ സ്‌ക്രിപ്റ്റുകൾ പോലും അദ്ദേഹം തയ്യാറാക്കിയിരുന്നു. യോദ്ധയുടെ രണ്ടാം ഭാഗത്തിന് സാധ്യതയുണ്ടെന്ന് സംഗീത് ശിവൻ തന്നെ വിവിധ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്.