കൊച്ചി: വലിയ ഗൗരവേറിയ ചർച്ചകൾക്കിടെ ഒന്നു അയയാൻ, ഇത്തിരി രസമൊക്കെ വേണ്ടേ. സിനിമാ സെറ്റുകളിൽ, മൊബൈലും കാരവാനും വന്നതോടെ, പണ്ടുണ്ടായിരുന്ന അടുപ്പം കുറഞ്ഞെന്ന് ചില നടീനടന്മാർ പറയാറുണ്ട്. അന്നൊക്കെ, സെറ്റുകളിൽ പരസ്പരം കത്തുകൾ എഴുതി രസിക്കുന്നത് പതിവായിരുന്നുവെന്ന് അന്തരിച്ച നടൻ നെടുമുടി വേണു പറഞ്ഞുകേട്ടിട്ടുണ്ട്. മോഹൻലാൽ, വി കെ ശ്രീരാമൻ തുടങ്ങിയവരാണ് അന്ന് കത്തെഴുത്തിലെ ആശാന്മാർ. അതുപോലെ ഒരുകത്ത് സംഭവം കഴിഞ്ഞ ദിവസം താരസംഘടനയായ അമ്മയുടെ ജനറൽ ബോഡി യോഗത്തിനിടെ ഉണ്ടായ കാര്യമാണ് വി കെ ശ്രീരാമൻ ഫേസ്‌ബുക്കിൽ കുറിച്ചത്. ചെറുവാല്യേക്കാരായ ആൺതാരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വച്ചാണ് നടക്കുന്നത്, ഇതിന്റെ കാരണം തേടിയാണ് ശ്രീരാമൻ മോഹൻലാലിന് കത്തയച്ചത്. അതിന് നല്ല രസികൻ മറുപടിയും കിട്ടി

വി കെ ശ്രീരാമന്റെ കുറിപ്പ്:

ഇന്ന് മിഥുനം പതിനൊന്നാണ്. തിങ്കളാഴ്ചയുമാണ്. ഇന്നലെ, അല്ല മിനിഞ്ഞാന്ന് വന്നതാണ് കൊച്ചിക്ക്. നടീനടന്മാരുടെ പൊതുയോഗമായിരുന്നിന്നലെ. ആൺതാരങ്ങളും പെൺതാരങ്ങളും ധാരാളം.

കുറച്ചു കാലമായി ഒരു കാര്യം ഞാൻ ശ്രദ്ധിക്കുന്നുണ്ട്. ചെറുവാല്യേക്കാരായ ആൺതാരങ്ങളും പെരുംതാരങ്ങളുമെല്ലാം മുളങ്കൂട് പോലുള്ള താടിയും വച്ചാണ് നടക്കുന്നത്. പെട്ടന്നു കണ്ടാലാരെയും തിരിച്ചറിയാത്ത വിധം മൊകറുകളൊക്കെ മൂടപ്പെട്ടിരിക്കുന്നു. ഇവരൊക്കെ ഇങ്ങനെ സോക്രട്ടീസുമാരോ ടോൾസ്റ്റോയിമാരോ ആയി പരിണമിക്കാൻ എന്തായിരിക്കും കാരണം?

ബൗദ്ധിക സൈദ്ധാന്തിക ദാർശനീക മണ്ഡലങ്ങൾ വികസിച്ചു വരുന്നതിന്റെ ദൃഷ്ടാന്തമാണോ? ചിന്തിച്ചിട്ടൊരെത്തും പിടിയും കിട്ടാത്തതിനാൽ
ഒരു കത്ത് അസ്സോസിയേഷൻ തലൈവർക്കു കൊടുത്തു വിട്ടു. 'രോമത്തിന് താരത്തിലുള്ള സ്വാധീനം ' എന്ന വിഷയത്തിൽ ഒരു ഒരു പ്രബന്ധമവതരിപ്പിച്ച് ചർച്ച ചെയ്ത് സന്ദേഹനിവാരിണീതൈലം കാച്ചിയെടുത്ത് വിതരണം ചെയ്യാമോ എന്നായിരുന്നു കത്തിന്റെ കുത്ത്.

കുത്തിയതും മറുകുത്തുടനേ വന്നു. അതവസാനിക്കുന്നതിങ്ങനെ: 'രോമത്തിന് താരത്തിലുള്ള സ്വാധീനം' എന്ന വിഷയത്തിലുള്ള ചർച്ച അരോമ മോഹന്റെ നേതൃത്വത്തിൽ നടത്താം എന്നാണ് തീരുമാനം.