മുംബൈ: വിമാനത്തിൽ വിളമ്പുന്ന ഭക്ഷണത്തിൽ ചത്ത പാറ്റയെയും മറ്റും കിട്ടിയെന്ന യാത്രക്കാരരുടെ പരാതിയും അതിന് കമ്പനി അധികൃതർ നൽകുന്ന വിശദീകരണവുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അത്തരമൊരു സംഭവം ശ്രദ്ധയിൽ പെടുത്തുകയാണ് ഇപ്പോൾ നടിയും തൃണമൂൽ കോൺഗ്രസ് എംപിയുമായ മിമി ചക്രബർത്തി. താൻ യാത്ര ചെയ്ത എമിറേറ്റ്സ് എയർലൈൻസ് വിമാനത്തിൽ വിളമ്പിയ ഭക്ഷണത്തിൽ ഭക്ഷണത്തിൽ മുടിനാരിഴകൾ കണ്ടെത്തിയെന്നാണ് മിമി ചക്രബർത്തിയുടെ പരാതി.

ഇതിന്റെ ചിത്രങ്ങളും ഇവർ ട്വിറ്ററിലൂടെ പങ്കുവച്ചിട്ടുണ്ട്. പരാതി ഇമെയിൽ വഴി എമിറേറ്റ്‌സ് അധികൃതർക്ക് നൽകിയെങ്കിലും മറുപടി ലഭിച്ചില്ലെന്ന് മിമി ചക്രബർത്തി ആരോപിച്ചു. ' പ്രിയപ്പെട്ട എമിറേറ്റ്‌സ്, ഞാൻ വിശ്വസിക്കുന്നത് യാത്രക്കാരെ അത്രകണ്ട് പരിഗണിക്കാത്ത രീതിയിൽ നിങ്ങൾ വലിയ രീതിയിൽ വളർന്നു എന്നാണ്. ഭക്ഷണത്തിൽ മുടി ഇഴകൾ കാണുന്നത് അത്ര നല്ല കാര്യമല്ല. ഈ കാര്യം പറഞ്ഞ് ഞാൻ നിങ്ങൾ ഇ-മെയിൽ ചെയ്തിരുന്നു. എന്നാൽ ഇതിന് മറുപടി നൽകണമെന്നോ, ക്ഷമ ചോദിക്കേണ്ട ആവശ്യമുണ്ടെന്നോ നിങ്ങൾ കരുതികാണില്ല'- മിമി ട്വീറ്റ് ചെയ്തു.

ക്രോസന്റ് എന്ന വിഭവത്തിലാണ് തലമുടി ലഭിച്ചതെന്നും മിമി പറഞ്ഞു. അതേസമയം തങ്ങളുടെ കസ്റ്റമർ റിലേഷൻസ് ടീം ഇക്കാര്യത്തിൽ വിശകലനം നിങ്ങൾക്ക് മറുപടി നൽകുമെന്നാണ് എമിറേറ്റ്സ് അധികൃതർ അറിയിച്ചത്. ഇത് ആദ്യമയല്ല, പല തവണ ഇങ്ങനെയുള്ള സംഭവങ്ങൾ കാണുന്നുണ്ട് എന്നാണ് മിമിയുടെ ട്വീറ്റിന് താഴെ ആളുകൾ പ്രതികരിക്കുന്നത്.