തിരുവനന്തപുരം: എയർബസിൽ നിന്ന് അഞ്ഞൂറ് വിമാനങ്ങൾ വാങ്ങാൻ ഇൻഡിഗോ നൽകിയ കരാർ കൊമ്മേർസ്യൽ ഏവിയേഷൻ ചരിത്രത്തിൽ ആദ്യം എന്ന് ബിബിസി വരെ റിപ്പോർട്ട് ചെയ്തെന്ന് ദുരന്തനിവാരണ വിദഗ്ധനും യുഎൻ ഉന്നത ഉദ്യോഗസ്ഥനുമായ മുരളി തുമ്മാരുകുടി. ബ്രൂണൈയിൽ ജോലി ചെയ്യുന്ന കാലത്ത് ചൈനീസ് കമ്പനികളുടെ കുതിപ്പ് കണ്ട് അന്തംവിട്ട് നിന്നിട്ടുണ്ട്. ഇപ്പോൾ ഇന്ത്യ കുതിക്കുകയാണ്, കണ്ടു നിൽക്കാൻ പോലും സുഖമാണെന്നും അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു.

വ്യോമയാന മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിമാന ഓർഡറാണ് ഇൻഡിഗോ നൽകിയത്. 500 എയർബസ് എ320 നിയോ ഫാമിലി വിമാനങ്ങൾക്കാണ് കമ്പനി ഓർഡർ നൽകുന്നത്. എയർബസ് 320 നിയോ ഫാമിലിയിൽ എ320 നിയോ, എ321 നിയോ, എ321 എക്‌സ്എൽആർ വിമാനങ്ങളുണ്ട്. 5,000 കോടി ഡോളറിന്റെ ഇടപാടാണിതെന്നാണ് സൂചന. കൂടുതൽ വിമാനങ്ങളുള്ളതിനാൽ കാര്യമായ കിഴിവും ലഭിച്ചേക്കും.

കഴിഞ്ഞ മാർച്ചിൽ ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ 470 വിമാനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു. കൂടുതൽ ഇന്ധനക്ഷമതയുള്ള വിമാനങ്ങൾ വാങ്ങുന്നതിലൂടെ പ്രവർത്തനച്ചെലവു കുറയ്ക്കുകയെന്ന ലക്ഷ്യം കൂടിയുണ്ട്. പുതിയ ഓർഡറിലൂടെ ഇൻഡിഗോ എയർബസ് എ320 ന്റെ ഏറ്റവും വലിയ ഉപയോക്താക്കളാകും. 60% വിപണിവിഹിതമുള്ള ഇൻഡിഗോ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയാണ്. 10 വർഷത്തിനുള്ളിൽ 1330 എ320 വിമാനങ്ങൾ വാങ്ങാനാണ് ഇൻഡിഗോ ഉദ്ദേശിക്കുന്നതെന്ന് എയർബസ് അറിയിച്ചിരുന്നു.

വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ജൂൺ 19ന് പാരിസ് എയർ ഷോയിൽവച്ചാണ് ഒപ്പുവെച്ചത്. ഇൻഡിഗോ ബോർഡ് ചെയർമാൻ വി.സുമന്ത്രനും ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സും എയർബസ് സിഇഒ ഗില്ലോമെ ഫോറിയും എയർബസ് ചീഫ് കൊമേഴ്സ്യൽ ഓഫീസർ ക്രിസ്റ്റിയൻ ഷെററും ചേർന്നാണ് ഒപ്പിട്ടത്. വ്യോമഗതാഗത ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ പർച്ചേസ് കരാറാണിതെന്ന് എയർബസ് വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.

ഇൻഡിഗോ നിലവിൽ പ്രതിദിനം 1800ലധികം വിമാന സർവീസ് നടത്തുന്നു. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയർ ഇന്ത്യ 470 പുതിയ വിമാനങ്ങൾ വാങ്ങാൻ കരാറിൽ ഒപ്പുവച്ചിരുന്നു. പിന്നാലെയാണ് ഇൻഡിഗോയും പുതിയ വിമാനങ്ങൾ വാങ്ങാനുള്ള കരാറിൽ ഒപ്പിട്ടത്.

മുരളി തുമ്മാരുകുടിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം-

ഇന്ത്യ പറക്കുമ്പോൾ

ബ്രൂണൈയിൽ ജോലി ചെയ്യുന്ന കാലത്ത് ചൈനീസ് ബാങ്കുകൾ എയർലൈൻ കമ്പനികൾ ഇവയുടെ ഒക്കെ കുതിപ്പ് കണ്ട് അന്തം വിട്ടു നിന്നിട്ടുണ്ട്. കുറച്ച് അസൂയയും ഇപ്പോൾ ഇത്തരം കുതിപ്പുകൾ വരുന്നത് ഇന്ത്യയിൽ നിന്നാണ്. ഇന്നലെ ഇൻഡിഗോ എയർ അഞ്ഞൂറ് വിമാനത്തിനുള്ള ഓർഡർ ആണ് എയർബസിന് കൊടുത്തത്. നാലു ലക്ഷം കോടി രൂപയുടെ ഓഫർ. കൊമ്മേർസ്യൽ ഏവിയേഷൻ ചരിത്രത്തിൽ ആദ്യം എന്ന് ബി ബി സി.


ഇന്ത്യ കുതിക്കുകയാണ്. കണ്ടു നിൽക്കാൻ പോലും സുഖമാണ്, ഭാരതമെന്ന പേരു കേട്ടാൽ.....

മുരളി തുമ്മാരുകുടി