- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Scitech
- /
- CYBER SPACE
സാഹിത്യ അക്കാദമി പ്രതിഫല വിവാദത്തിൽ മുരളി തുമ്മാരുകുടിയുടെ കുറിപ്പ്
തിരുവനന്തപുരം: കേരള സാഹിത്യ അക്കാദമി പ്രതിഫല വിവാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടേറിയ വിഷയം. കവി ബാലചന്ദ്രൻ ചുള്ളിക്കാടിന് അക്കാദമി സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ ഉണ്ടായ അനുഭവമാണ് വിഷയം. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി തന്നെ ക്ഷണിച്ചിരുന്നുവെന്നും രണ്ട് മണിക്കൂർ സംസാരിച്ചതിന് 2,400 രൂപയാണ് നൽകിയതെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
ബാലചന്ദ്രൻ ചുള്ളിക്കാടിനെ ഉദ്ധരിച്ച് അദ്ദേഹത്തിന്റെ സുഹൃത്ത് സി ഐ സി സി ജയചന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. എറണാകുളത്തുനിന്ന് തൃശൂർവരെ യാത്ര ചെയ്തതിനും വെയിറ്റിങ് ചാർജും അടക്കം മൂവായിരത്തി അഞ്ഞൂറു രൂപ ചെലവായെന്നും കുറിപ്പിലുണ്ടായിരുന്നു. കേരള ജനത തനിക്ക് നൽകുന്ന വില എന്നാണ് ബാലചന്ദ്രൻ കുറിച്ചത്. ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് മുരളി തുമ്മാരുകുടി.
സംസ്കാരവും മത്തങ്ങയും
കേരള സാഹിത്യ അക്കാദമിയിൽ രണ്ടു മണിക്കൂർ പ്രഭാഷണം നടത്തിയതിന് പ്രതിഫലമായി ലഭിച്ച തുക ടാക്സി ചാർജ്ജിന് പോലും തികഞ്ഞില്ല എന്നതിനെ പറ്റി ശ്രീ ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ രൂക്ഷമായ വിമർശന കുറിപ്പ് കണ്ടു. ഏറെ വിഷമം തോന്നി. ഒട്ടും അതിശയം തോന്നിയതുമില്ല.
പത്തു വർഷം മുൻപ് സിനിമ സംവിധായകനായ ഒരു സുഹൃത്ത് എന്നോട് ഒരു സംഭവം വിവരിച്ചിട്ടുണ്ട്. ഒരിക്കൽ ഒരു കോളേജിലെ കുറച്ചു കുട്ടികൾ അദ്ദേഹത്തെ കാണാൻ വന്നു. കോളേജിലെ വാർഷികമാണ്. അവിടെ സാംസ്കാരിക സമ്മേളനത്തിന് ഒരു വിശിഷ്ട അതിഥിയെ വേണം. അമ്പതിനായിരം രൂപയാണ് അവരുടെ ബഡ്ജറ്റ്. അവർ തിരുവനന്തപുരത്തോ കൊച്ചിയിലോ പോയി അതിഥിയെ കൊണ്ടുവരികയും തിരിച്ചെത്തിക്കുകയും ചെയ്യും. പ്രോഗ്രാമിന് മുൻപും ശേഷവും സ്ഥലത്തെ ത്രീ സ്റ്റാർ ഹോട്ടലിൽ റസ്റ്റ് ചെയ്യാനുള്ള അറഞ്ച്മെന്റും ചെയ്യും. സംഗതി കുഴപ്പമില്ലല്ലോ, ഒരു കോളേജ് വാർഷികത്തിനൊക്കെ ഇത്രയും വിപുലമായ പ്ലാനിങ്ങോ, അദ്ദേഹം ഓർത്തു !
പക്ഷെ അവർക്ക് വേണ്ടത് അദ്ദേഹത്തിന്റെ സാന്നിധ്യമല്ല ! സിനിമ സംവിധായകൻ ആയതിനാൽ അദ്ദേഹത്തിന് സിനിമാ താരങ്ങളും ആയി ബന്ധം ഉണ്ടല്ലോ. നേരിട്ട് ബന്ധപ്പെട്ടപ്പോൾ സിനിമാതാരങ്ങൾ ഒക്കെ ലക്ഷത്തിന് മുകളിൽ ആണ് റേറ്റ് പറയുന്നത്. അദ്ദേഹം ഇടപെട്ടാൽ അമ്പതിനായിരത്തിന് സാധിക്കും.
അതാണ് അവരുടെ റിക്വസ്റ്റ്.
ഈ വിഷയത്തിൽ ഒന്നും പൊതുവെ ഇടപെടുന്ന ആളല്ല എന്റെ സുഹൃത്ത്. അദ്ദേഹം പറഞ്ഞൊഴിഞ്ഞു. പക്ഷെ ഒരു നിർദ്ദേശം വച്ചു. കവിയായ കുരീപ്പുഴ ശ്രീകുമാറിന്റെ വീട് കോളേജിന്റെ ജില്ലയിൽ തന്നെ ആണല്ലോ. അദ്ദേഹത്തെ വിളിക്കൂ. സാംസ്കാരിക സമ്മേളനത്തിന് ഏറ്റവും അനുയോജ്യനുമാണ്. കുട്ടികൾക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല, പക്ഷെ സുഹൃത്ത് വഴങ്ങുന്നില്ല എന്ന് കണ്ടപ്പോൾ അവർ പറഞ്ഞു.
'എന്നാൽ അദ്ദേഹം മതി, അദ്ദേഹം ആകുമ്പോൾ പൈസയും കൊടുക്കേണ്ട, ബസിൽ വരികയും ചെയ്യും. ആ പൈസ കൊണ്ട് ഒരു മിമിക്രി സംഘത്തെ വരുത്താം!'
ഇതാണ് സാംസ്കാരിക നായകന്മാർക്ക് നമ്മൾ കൊടുക്കുന്ന വില.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. കഥകളി രംഗത്ത് പേര് കേട്ട കലാകാരന് സ്വീകരണം. അദ്ദേഹം സംസാരിക്കുന്നത് കൂടാതെ അല്പം ഡെമോൺസ്ട്രേഷനും ഒക്കെ ഉണ്ട്. വേഷം കെട്ടൽ ഉൾപ്പടെ അഞ്ചു മണിക്കൂർ സ്ഥലത്ത് താങ്ങണം. അദ്ദേഹത്തിനുള്ള പ്രതിഫലം ഏഴായിർത്തി അഞ്ഞൂറ് രൂപ പ്രോഗ്രാം അവതരിപ്പിക്കുന്നത് ടെലിവിഷനിൽ പ്രോഗ്രാം അവതരിപ്പിക്കുന്ന ഒരാൾ ആണ്. അവർക്ക് കൊടുക്കുന്നത് എഴുപത്തി അയ്യായിരം ! കേരളത്തിൽ സാംസ്കാരിക പ്രോഗ്രാമുകൾക്ക് വിളിച്ചാൽ ഞാൻ വണ്ടിക്കൂലി ഉൾപ്പടെ ഒരു പ്രതിഫലവും സ്വീകരിക്കാറില്ല. അതിന്റെ ഒരു കാരണം ശ്രീ ചുള്ളിക്കാട് പറഞ്ഞതാണ്. എനിക്കിട്ടിരിക്കുന്ന വില കേട്ടാൽ ഞെട്ടും. അത് വേണ്ട.
If the man who turnips cries,
Cry not when his father dies,
'Tis proof that he had rather
Have a turnip than his father.
എന്ന് ഇംഗ്ളീഷിൽ ഒരു പ്രശസ്തമായ ചൊല്ലുണ്ട്.
മലയാളത്തിൽ പറഞ്ഞാൽ
ഒരാൾ മത്തങ്ങ കിട്ടാതിരിക്കുമ്പോൾ കരയുകയും
അച്ഛൻ മരിക്കുമ്പോൾ കരയാതിരിക്കുകയും ചെയ്യുകയാണെങ്കിൽ
അയാൾക്ക് മത്തങ്ങ ഉണ്ടാകുന്നതാണ് അച്ഛൻ ഉണ്ടാകുന്നതിലും നല്ലത്
(turnip മത്തങ്ങ അല്ല, ഇത് പദാനുപദ വിവർത്തനം അല്ല, ആശയം മനസ്സിലാക്കാൻ വേണ്ടി പറഞ്ഞതാണ്).
അത്രേ ഉള്ളൂ മത്തങ്ങാത്തലയന്മാർക്ക് കല, നമുക്ക് സംസ്കാരത്തിന്റെ വിലയും.
ഹിരണ്യമേവാർജ്ജയാ, നിഷ്ഫല കല,
എന്ന് സ്കൂളിൽ തന്നെ പഠിപ്പിച്ചു വിട്ടത് ഇതിനായിരിക്കും.
മുരളി തുമ്മാരുകുടി
ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ കുറിപ്പ്
എന്റെ വില
ബാലചന്ദ്രൻ ചുള്ളിക്കാട്
കേരളജനത എനിക്കു നൽകുന്ന വില എന്താണെന്ന് ശരിക്കും എനിക്കു മനസ്സിലായത് ഇക്കഴിഞ്ഞ ജനുവരി മുപ്പതാം തീയതിയാണ്.(30012024). കേരള ജനതയുടെ സാഹിത്യ അക്കാദമിയിൽ അന്താരാഷ്ട്ര സാഹിത്യോത്സവം. ജനുവരി 30 ന് രാവിലെ കുമാരനാശാന്റെ കരുണാകാവ്യത്തെക്കുറിച്ചു സംസാരിക്കാൻ അക്കാദമി എന്നെ ക്ഷണിച്ചിരുന്നു.
ഞാൻ അവിടെ കൃത്യസമയത്ത് എത്തുകയും ആ വിഷയത്തെക്കുറിച്ച് രണ്ടു മണിക്കൂർ സംസാരിക്കുകയും ചെയ്തു.
അൻപതു വർഷം ആശാൻകവിത പഠിക്കാൻ ശ്രമിച്ചതിന്റെ ഫലമായി എന്റെ പരിമിതമായ ബുദ്ധിയാൽ മനസ്സാക്കിയ കാര്യങ്ങളാണ് പറഞ്ഞത്. പ്രതിഫലമായി എനിക്കു നൽകിയത് രണ്ടായിരത്തിനാനൂറു രൂപയാണ്. (2400/) എറണാകുളത്തുനിന്ന് തൃശൂർ വരെ വാസ് ട്രാവൽസിന്റെ ടാക്സിക്ക് വെയ്റ്റിങ് ചാർജ്ജും ഡ്റൈവറുടെ ബാറ്റയുമടക്കം എനിക്കു ചെലവായത് മൂവായിരത്തി അഞ്ഞൂറു രൂപ(3500/). 3500 രൂപയിൽ 2400 രൂപ കഴിച്ച് ബാക്കി 1100 രൂപ ഞാൻ നൽകിയത് സീരിയലിൽ അഭിനയിച്ചു ഞാൻ നേടിയ പണത്തിൽനിന്നാണ്.
പ്രബുദ്ധരായ മലയാളികളേ,
നിങ്ങളുടെ സാഹിത്യ അക്കാദമിയിൽ അംഗമാകാനോ, നിങ്ങളുടെ മന്ത്രിമാരിൽ നിന്ന് കുനിഞ്ഞുനിന്ന് അവാർഡും വിശിഷ്ടാംഗത്വവും സ്വീകരിക്കാനോ ഇന്നോളം ഞാൻ വന്നിട്ടില്ല. ഒരിക്കലും വരികയുമില്ല.
മിമിക്രിക്കും പാട്ടിനും ഒക്കെ പതിനായിരക്കണക്കിലും ലക്ഷക്കണക്കിലും പ്രതിഫലം നൽകുന്ന മലയാളികളേ, നിങ്ങളുടെ സാഹിത്യ അക്കാദമിവഴി എനിക്കു നിങ്ങൾ കൽപിച്ചിരിക്കുന്ന വില 2400 രൂപ മാത്രമാണെന്നു മനസ്സിലാക്കിത്തന്നതിനു നന്ദി. ഒരപേക്ഷയുണ്ട്. നിങ്ങളുടെ സാംസ്കാരികാവശ്യങ്ങൾക്കായി ദയവായി മേലാൽ എന്നെ ബുദ്ധിമുട്ടിക്കരുത്. എന്റെ ആയുസ്സിൽനിന്ന് അവശേഷിക്കുന്ന സമയം പിടിച്ചുപറിക്കരുത്. എനിക്ക് വേറെ പണിയുണ്ട്.