തിരുവനന്തപുരം: ബെൽസ് പാൾസി രോഗം ബാധിച്ചതിനെ തുടർന്നാണ് ചികിത്സയിലാണ് നടനും, അവതാരകനുമായ മിഥുൻ രമേശ്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് മിഥുൻ ചികിത്സ തേടിയത്. തന്റെ ആരോഗ്യനിലയെ പറ്റി പുതിയ വിവരങ്ങൾ നടൻ ഇൻസ്റ്റാഗ്രാമിലൂടെ അറിയിച്ചു. തന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി മിഥുൻ പറഞ്ഞു.

'ആരോഗ്യം മെച്ചപ്പെടുന്നു. എല്ലാവരുടെയും പ്രാർത്ഥനയ്ക്കും സ്നേഹത്തിനും നന്ദി'യുണ്ടെന്ന് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു. മുഖം കോടുന്ന അസുഖമാണ് ബെൽസ് പാൾസി. ചിരിക്കുന്ന സമയം മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ ആകില്ല, കണ്ണുകൾ താനേ അടഞ്ഞു പോകുന്ന അവസ്ഥയിൽ ആണെന്നും മിഥുൻ നേരത്തെ വീഡിയോയിൽ പറഞ്ഞിരുന്നു. ഈ അവസ്ഥ മാറും എന്ന് പ്രതീക്ഷയും മിഥുൻ പങ്കുവച്ചിരുന്നു.

എന്താണ് ബെൽസ് പാൾസി?

ബെൽസ് പാൾസി അഥവാ ഫെഷ്യൽ പാൾസി മുഖം ഒരു വശത്തേക്ക് കോടുന്ന അസുഖമാണ്. ഈ അസുഖം വളരെ സാധാരണയായി കാണുന്ന അവസ്ഥയാണ്. ലക്ഷത്തിൽ 50 മുതൽ 60 വരെ ആളുകൾക്ക് ഈ രോഗം വരാം. കൂടാതെ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ ഈ അസുഖമുണ്ടാകുന്നു. പ്രായം കൂടുംതോറും എഴുപത് വയസ്സിനുമുകളിലുള്ളവർക്ക് ഈ അസുഖം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. പലപ്പോഴും ഈ അസുഖം വരാനുള്ള കാരണം കാണാറില്ല. പക്ഷേ 70 ശതമാനം പേരിലും വിവിധ പഠനങ്ങളിലും കണ്ടെത്തിയിരിക്കുന്നത് ഹെർപ്‌സ് സിമ്പ്‌ളക്‌സ് വൺ എന്ന വൈറസ് നമ്മുടെ മുഖത്തുള്ള ഓരോ പേശിക്കും സപ്ലൈ ചെയ്യുന്ന ഒരു ഞരമ്പുണ്ട്. സെവൻത് നെർവ് എന്നാണ് ഇതിനെ വിളിക്കുന്നത്. ഈ ഞരമ്പ് ഫെഷ്യൽ കനാലിലൂടെയാണ് വരുന്നത്. ഈ ഭാഗത്ത് ഒരു നീർക്കെട്ട് വന്ന് ഞരമ്പിന്റെ പ്രവർത്തനം കുറയ്ക്കുന്ന അസുഖമാണ് ബെൽസ് പാൾസി.

ഈ അസുഖം വരുന്നത് നാൽപത്തിയെട്ട് മണിക്കൂർ അല്ലെങ്കിൽ അഞ്ച് ദിവസം വരെ നീണ്ട് നീൽക്കുന്ന പ്രക്രിയയിലൂടെയാണ്. ചില ആളുകൾക്ക് രാവിലെ മുഖം കോടിയ അവസ്ഥയുണ്ടാകുന്നു. വൈകുന്നേരമാകുമ്പോഴേക്കും അസുഖം കൂടും. ഓരോ ദിവസവും രോഗം കൂടിക്കൂടി വരുന്നതാണ് ബെൽസ് പാൾസിയിൽ സംഭവിക്കുന്നത്. ഇതിന്റെ കൂടെ കൈകൾക്കോ കാലുകൾക്കോ ബലക്കുറവ്, രണ്ടായി കാണുക, ഛർദി, തലവേദന മറ്റു അസുഖങ്ങളൊന്നും തന്നെ കാണുകയില്ല. മുഖത്തിന് കോട്ടം മാത്രമേ ഉണ്ടാകുകയുള്ളൂ.

വെള്ളം കുടിക്കുമ്പോൾ ഒരു വശത്തുകൂടി ഒലിച്ചിറങ്ങും, കണ്ണടയ്ക്കാൻ പ്രയാസം, വായിൽ വെള്ളം നിറയ്ക്കാൻ ബുദ്ധിമുട്ട്, ഈ അവസ്ഥ വന്നുകഴിഞ്ഞാൽ ദിർഘദൂര യാത്ര ചെയ്യുമ്പോൾ, തണുപ്പടിക്കുമ്പോൾ, കാറ്റ് ഏൽക്കുമ്പോഴൊക്കെ അസ്വസ്ഥതയാണുണ്ടാവുക. ചില ആളുകൾക്ക് ബെൽസ് പാൾസി വന്നു കഴിഞ്ഞാൽ ചെവിയുടെ പിറകിൽ വേദനയുണ്ടാകുക, കണ്ണിൽ നിന്ന് വെള്ളം ഒലിക്കുക, രുചിയിൽ വ്യത്യാസം, ചെവിയിൽ മൂളൽ അനുഭവപ്പെടുക എന്നിവയെല്ലാം അനുഭവപ്പെടുന്നു.