ചെന്നൈ: കമൽഹാസനെ നായകനാക്കി ശങ്കർ ഒരുക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രം ഇന്ത്യൻ 2ന്റെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പുനഃരാരംഭിച്ചത്. ഇപ്പോൾ മലയാളത്തിലെ ഒരു താരം ചിത്രത്തിൽ ഉണ്ടെന്നുള്ള വാർത്തയാണ് പുറത്തുവരുന്നത്. നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള നന്ദു പൊതുവാളിനാണ് ബ്രഹ്‌മാണ്ഡ ചിത്രത്തിലേക്ക് അവസരം ലഭിച്ചത്. ശങ്കറിനൊപ്പം നന്ദു നിൽക്കുന്നതിന്റെ ചിത്രവും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.

ഒന്നാം ഭാഗത്തിൽ നെടുമുടി വേണു അവതരിപ്പിച്ച കൃഷ്ണസ്വാമി എന്ന സിബിഐ ഉദ്യോഗസ്ഥ കഥാപാത്രത്തെയാണ് നന്ദു അവതരിപ്പിക്കുക എന്നാണ് റിപ്പോർട്ട്. ഇതിനായി മീശയും താടിയും വടിച്ച് പുത്തൻ ലുക്കിലാണ് നന്ദു പൊതുവാൾ എത്തുന്നത്. മിമിക്രി ലോകത്തു സിനിമയിൽ എത്തിയ താരമാണ് നന്ദു പൊതുവാൾ. ചെറിയ വേഷങ്ങളിലൂടെ മലയാളികൾക്ക് പരിചിതനായ അദ്ദേഹം പ്രൊഡക്ഷൻ കൺട്രാളറായും പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പേരാണ് നന്ദു പൊതുവാളിന് ആശംസകൾ അറിയിച്ചുകൊണ്ട് രംഗത്തെത്തുന്നത്.

200 കോടി ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഫെബ്രുവരി 2020ലാണ്ആരംഭിക്കുന്നത്. ഷൂട്ടിങ്ങിനിടെ ലൊക്കേഷനിൽ ഉണ്ടായ അപകടത്തിൽ 3 പേർ മരണപ്പെട്ടതും, കോവിഡ് നിയന്ത്രണങ്ങളും, സാമ്പത്തിക പ്രതിസന്ധിയും സിനിമയെ കാര്യമായി തന്നെ ബാധിച്ചിരുന്നു. സിദ്ധാർഥ്, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡൽഹി ഗണേശ് എന്നിവരും ഇന്ത്യൻ 2 ൽ അണിനിരക്കും. രവി വർമ്മൻ ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിക്കുന്നു. പ്രൊഡക്ഷൻ ഡിസൈനർ മുത്തുരാജ്. അനിരുദ്ധ് ആണ് സംഗീതം.

കമൽഹാസന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് ഇന്ത്യൻ സിനിമയിലെ സേനാപതി. 1996ൽ റിലീസ് ചെയ്ത ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കമൽഹാസന് ലഭിച്ചിരുന്നു.