തിരുവനന്തപുരം: മലയാളികളുടെ പ്രിയതാരമാണ് നവ്യ നായർ. ഇടക്കാലം കൊണ്ട് സിനിമയിലേക്ക് വീണ്ടും തിരിച്ചെത്തിയ നവ്യ ടെലിവിഷൻ വേദികളിലും സജീവമാണിപ്പോൾ. സിനിമയ്ക്ക് പുറമെ സോഷ്യൽമീഡിയയിലും മിനിസ്‌ക്രീൻ അവതാരകയായും നവ്യ സജീവമാണ്. ഇപ്പോഴിത ഒരു പരിപാടിക്കിടെ താരം പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

'ഭാരതത്തിലെ സന്യാസിമാർ മനുഷ്യരുടെ ഇന്റെർണൽ ഓർഗൻസ് ഒക്കെ പുറത്ത് എടുത്ത് കഴുകി വൃത്തിയാക്കി തിരിച്ചു വെയ്ക്കുമായിരുന്നു..' എന്നാണ് നവ്യ പറഞ്ഞത്. ഇതിന്റെ ആധികാരികതയെ കുറിച്ചും സത്യസന്ധതയെ കുറിച്ചും കൂടുതൽ ആയി അറിയില്ലെന്നും നവ്യ പറഞ്ഞു. സംഭവം പിടിവിട്ട് പോകുമെന്ന ഘട്ടം വന്നതോടെ സ്‌പോട്ടിൽ കൗണ്ടറുമായി നടൻ മുകേഷും രംഗത്തുവന്നു.

'ശരിയാ ഞാൻ പണ്ട് കൊല്ലത്ത് നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് വരുമ്പോൾ ഒരു സന്യാസി ഇത് പോലെ വൃക്കയൊക്കെ കഴുകി അകത്തെടുത്ത് വെയ്ക്കുന്നത് കണ്ടിട്ടുണ്ട്' എന്നായിരുന്നു മുകേഷിന്റെ മറുപടി. മുകേഷ് തന്നെയാണ് ഇതിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പങ്കുവച്ചത്. നിമിഷ നേരംകൊണ്ട് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു.