തിരുവനന്തപുരം: ആലപ്പുഴ ഹരിപ്പാട്ട് വിവാഹസദ്യയിൽ രണ്ടാമതൊരു പപ്പടം നൽകാത്തതിനെച്ചൊല്ലി ഉണ്ടായ കൂട്ടത്തല്ലാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചൂടേറിയ ചർച്ചാ വിഷയം.സംഭവത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളാണ് സമൂഹമാധ്യമത്തിൽ നിറയുന്നത്.ചിലർ തങ്ങളുടെ അനുഭവത്തിലെ സമാനമായ സംഭവങ്ങളെക്കുറിക്കുമ്പോൾ മറ്റ് ചിലർ പ്രശ്‌നത്തിലെ ശരി തെറ്റുകളെക്കുറിച്ചാണ് ചർച്ച ചെയ്യുന്നത്.ഇന്നലെ ഏറ്റവും കൂടുതൽ ചർച്ച ചെയ്ത വിഷയം ആയതിനാൽ പപ്പടത്തല്ലിനെക്കുറിച്ച് ചാനൽ ചർച്ച നടത്തണമെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.ഇത്തരത്തിൽ സമൂഹമാധ്യൽ ഒരു കുറിപ്പ് വായനക്കാരിൽ ചിരി പടർത്തുകയാണ്.

മാധ്യമപ്രവർത്തകൻ ഹാഷ്മിയുടെ ചാനൽ ചർച്ചയിലെ അവതരണരീതി അതിലെ വ്യത്യസ്തത കൊണ്ട് എപ്പോഴും ചർച്ചയാകാറുണ്ട്.അത്തരത്തിൽ പപ്പടത്തലിനെക്കുറിച്ച് ഹാഷ്മി ചർച്ച നടത്തിയാൽ എങ്ങിനെയായിരിക്കും ചർച്ച ആരംഭിക്കുന്നത് എന്ന രീതിയിലാണ് കുറിപ്പ്.ഡോ നെൽസൺ ജോസഫിന്റെ കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.പലരും പറഞ്ഞ് പരത്തിയതുപോലെ പെണ്ണിനും പുതുമണവാളനും പരിവാരങ്ങൾക്കും പണികൊടുത്ത് പഞ്ഞിക്കിട്ട് പലവഴിക്ക് പറഞ്ഞയയ്ക്കാനായി പരിശ്രമിക്കുന്ന അധമക്കൂട്ടങ്ങളിൽപ്പെടില്ല പപ്പടമെന്ന പഞ്ചപാവം. അവൻ വെയിലത്തുണങ്ങിയവനാണ്, എണ്ണയിൽ പൊള്ളിയവനാണ്, ഒന്ന് തൊട്ടാൽ പൊടിഞ്ഞുപോവുന്നത്ര പരമസാധുവാണ്.

പറഞ്ഞുവരുമ്പൊ കാര്യമിങ്ങനെയാണെങ്കിലും കറികളിൽ കേമന്മാർ കുറെയധികമുണ്ടായിട്ടും പത്രത്താളുകളിൽ ചിത്രമടക്കം ചരിത്രം കുറിക്കാൻ പപ്പടത്തിനല്ലാതെ മറ്റാർക്കുമായിട്ടില്ലെന്നതും വാസ്തവം. ഇങ്ങനെ പോകുന്നു കുറിപ്പ്.. ഹാഷ്മി അടക്കം നിരവധി പേരാണ് ഇതിനോടകം കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂർണ്ണരൂപം

പരിപ്പും പയറും പാലടയും പിന്നെ പലരും പടിക്ക് പുറത്ത് പ്രതിഷ്ഠിച്ച സേമിയയും പരന്നൊഴുകുന്ന തൂശനിലയുടെ മറ്റേയറ്റത്ത് അവനിരിപ്പുണ്ട്. പലരും പറഞ്ഞ് പരത്തിയതുപോലെ പെണ്ണിനും പുതുമണവാളനും പരിവാരങ്ങൾക്കും പണികൊടുത്ത് പഞ്ഞിക്കിട്ട് പലവഴിക്ക് പറഞ്ഞയയ്ക്കാനായി പരിശ്രമിക്കുന്ന അധമക്കൂട്ടങ്ങളിൽപ്പെടില്ല പപ്പടമെന്ന പഞ്ചപാവം.

അവൻ വെയിലത്തുണങ്ങിയവനാണ്, എണ്ണയിൽ പൊള്ളിയവനാണ്, ഒന്ന് തൊട്ടാൽ പൊടിഞ്ഞുപോവുന്നത്ര പരമസാധുവാണ്. പറഞ്ഞുവരുമ്പൊ കാര്യമിങ്ങനെയാണെങ്കിലും കറികളിൽ കേമന്മാർ കുറെയധികമുണ്ടായിട്ടും പത്രത്താളുകളിൽ ചിത്രമടക്കം ചരിത്രം കുറിക്കാൻ പപ്പടത്തിനല്ലാതെ മറ്റാർക്കുമായിട്ടില്ലെന്നതും വാസ്തവം. പായസത്തിനും ബിരിയാണിക്കും പുട്ടിനും പരിപ്പിനും പയറിനും കഞ്ഞിക്കുമെല്ലാം പരിധികളില്ലാതെ, ഉപാധികളില്ലാതെ, പരിമിതികളില്ലാതെ പിന്തുണ കൊടുക്കുന്ന പപ്പടം മലയാളിയുടെ മതേതരമനസിന്റെ മകുടോദാഹരണമാണ്.പാനിയും പഴവും കൊണ്ട് പലരും പടത്തിൽ നിന്ന്

പായിക്കാൻ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും പരിക്കേൽക്കാതെ പുല്ലുപോലെ പിടിച്ചുനിൽക്കുന്ന പപ്പടത്തെ പുഷ്പം പോലെ പൊടിച്ചുകളയാമെന്ന് പകൽക്കിനാവ് കാണുന്ന ആരെങ്കിലുമുണ്ടെങ്കിൽ അത് അതിമോഹമാണ്, അത്യാഗ്രഹമാണ്, വിനാശകാലത്ത് തോന്നുന്ന വിപരീതബുദ്ധിയാണ്. പഴത്തിനും പായസത്തിനുമൊപ്പം പപ്പടത്തിനെയും പൊടിച്ചുചേർക്കണമെന്നും വേണ്ടെന്നും വാദം മുറുകുന്നത് ആർക്ക് വേണ്ടിയാണ്, എന്തിനു വേണ്ടിയാണ്, എന്തു കാര്യത്തിന്നായാണ്, എന്തോന്നിനാണ്?

ഇന്ന് രാത്രി ചർച്ച ചെയ്യുന്നു..പ്രിയ പ്രേക്ഷകർക്ക് സ്വാഗതം. ' പപ്പടത്തെ പേടിക്കുന്നതാര് '

 

ചർച്ചയായാൽ പപ്പടത്തിന് വേണ്ടി ആര് സംസാരിക്കുമെന്നും സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നു.വിഷയം ചർച്ച ചെയ്യണമെന്നും രാഹുൽ ഈശ്വറിനെ പപ്പട പക്ഷത്തിനു വേണ്ടി രംഗത്തിറക്കണമെന്നുമാണ് ട്രോളന്മാരുടെ പക്ഷം. 'കൊല്ലം ജില്ലയിൽ നിന്നും കാറ്റിന്റെ ഗതി മാറിവരുന്നു. മറ്റ് ജില്ലക്കാർ ജാഗ്രതൈ.' എന്നാണ് റെമിയുടെ കന്റ്.

ഒരു കോട്ടയംകാരന്റെ കമന്റ് ഇങ്ങനെ- 'വളഞ്ഞ പഴം വിളമ്പിയതിന് ഞങ്ങടെ അടുത്ത് ഒരു കല്യാണത്തിന് അടി ഉണ്ടായതാ പിന്നെ പപ്പടം കൊടുക്കാത്തതിന് പറയണോ.' 'പപ്പടം വേണമെന്ന്' പറഞ്ഞപ്പോൾ 'എന്നാ താൻ കേസ് കൊട് ' പറഞ്ഞിരുന്നേൽ ഈ 'തല്ലുമാല' ഒഴിവാക്കാമായിരുന്നു. എന്നാണ് മറ്റൊരു കമന്റ്.