- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുലിമുരുകൻ, ഒപ്പം, ലൂസിഫർ, ദൃശ്യം എന്നിവയ്ക്ക് പിന്നാലെ 'നേരും' 50 കോടി ക്ലബ്ബിൽ; ആഗോളതലത്തിൽ ചിത്രം കൈവരിച്ച നേട്ടം സ്ഥിരീകരിച്ച് മോഹൻലാൽ; പ്രേക്ഷകർക്കും നേര് ടീമിനും നന്ദിയും സ്നേഹവും അഭിനന്ദനവും അറിയിച്ച് പോസ്റ്റ്
കൊച്ചി: മോഹൻലാൽ-ജിത്തു ജോസഫ് ടീമിന്റെ ചലച്ചിത്രം നേര് 50 കോടി ക്ലബ്ബിൽ. നേര് ആഗോളതലത്തിൽ 50 കോടി രൂപയിൽ അധികം നേടിയിരിക്കുകയാണ്. എട്ട് ദിവസത്തിനുള്ളിൽ ആണ് ഈ നേട്ടം നേര് ആ സുവർണ നേട്ടത്തിലെത്തിയ വാർത്ത സ്ഥിരീകരിച്ച മോഹൻലാൽ പ്രേക്ഷകർക്കും ഒപ്പമുണ്ടായ എല്ലാവർക്കും നന്ദിയും പറയുന്നു.
മോഹൻലാൽ ഔദ്യോഗിക കളക്ഷൻ റിപ്പോർട്ടും പുറത്തുവിട്ടതിനാൽ ആരാധകർ വലിയ ആവേശത്തിലാണ്. ചെറിയ ബജറ്റിൽ ഒരുങ്ങിയ ഒരു ചിത്രമായിട്ടും മോഹൻലാൽ നായകനായി എത്തിയ നേര് കുറഞ്ഞ ദിവസത്തിനുള്ളിൽ 50 കോടി ക്ലബിൽ ഇടംനേടിയിരിക്കുകയാണ്.
ട്വെൽത്ത് മാന് ശേഷം മോഹൻലാലും ജീത്തു ജോസഫും ഒന്നിച്ച ചിത്രമാണ് നേര്. കോർട്ട് റൂം ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രം ഡിസംബർ 21 നാണ് തിയറ്ററുകളിലെത്തിയത്. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽനിന്നും മികച്ച പ്രതികരണമാണ് നേരിന് ലഭിക്കുന്നത്. വിജയ മോഹൻ എന്ന പബ്ലിക് പ്രോസിക്യൂട്ടറായിട്ടാണ് ചിത്രത്തിൽ മോഹൻലാൽ എത്തിയത്.
ഏഴ് ദിവസം കൊണ്ട് ചിത്രം 40 കോടി ആഗോളതലത്തിൽ നേടിയിരുന്നു. പുലിമുരുകൻ, ഒപ്പം, ലൂസിഫർ, ദൃശ്യം എന്നീ സിനിമകളാണ് ഇതിനു മുമ്പ് അൻപത് കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന മോഹൻലാൽ ചിത്രങ്ങൾ.
മോഹൻലാലിനൊപ്പം വൻതാരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. പ്രിയാമണി, നന്ദു, ദിനേശ് പ്രഭാകർ, ശങ്കർ ഇന്ദുചൂഡൻ, മാത്യു വർഗീസ്, കലേഷ്, രമാദേവി, കലാഭവൻ ജിന്റോ, രശ്മി അനിൽ, ഡോ.പ്രശാന്ത് എന്നിവരാണ് മറ്റുതാരങ്ങൾ.ശാന്തി മായാദേവിയും സംവിധായകൻ ജീത്തു ജോസഫും ചേർന്നാണ് നേരിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. എലോണിന് ശേഷം പുറത്തിറങ്ങുന്ന മോഹൻലാലിന്റെ മലയാള ചിത്രമാണ് നേര്. രജനികാന്തിന്റെ ജയിലറിൽ അതിഥി വേഷത്തിൽ നടൻ എത്തിയിരുന്നു.
മറുനാടന് മലയാളി ബ്യൂറോ