യൂറോപ്പിൽ നിന്നും ശേഖരിക്കുന്ന ഡാറ്റ തങ്ങളുടെ അമേരിക്കയിലുള്ള സർവറുകളിൽ സൂക്ഷിക്കുവാൻ നിയമ തടസ്സമുണ്ടാവുകയാണെങ്കിൽ തങ്ങൾ യൂറോപ്പിലെ പ്രവർത്തനം അവസാനിപ്പിക്കും എന്നാണ് ഫേസ്‌ബുക്കിന്റെയും ഇൻസ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ പറയുന്നത്. പരസ്യ വരുമാനത്തിലൂടെ മാത്രം ഏകദേശം 6.8 ബില്യൺ ഡോളറാണ് ഇവർ യൂറോപ്യൻ വൻകരയിൽ നിന്നും ഉണ്ടാക്കുന്നത്.

യൂറോപ്യൻ ഡാറ്റ യൂറോപ്പിൽ തന്നെയുള്ള സർവറുകളിൽ സൂക്ഷിക്കണമെന്ന ഒരു നിയമം കൊണ്ടുവരാൻ യൂറോപ്യൻ യൂണീയൻ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് മെറ്റയുടെ ഈ പ്രഖ്യാപനം. അത്തരത്തിലൊരു നിയമം വന്നാൽ, യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങളിൽ നിന്നും പിന്മാറുമെന്നാണ് മെറ്റ പറയുന്നത്.

കമ്പനിയുടെ വരുമാനത്തിന്റെ ഏതാണ്ട് നൂറു ശതമാനവും പരസ്യങ്ങളിൽ നിന്നാണ് ലഭിക്കുന്നതെന്നും അതിനായി ഡാറ്റ സൂക്ഷിക്കേണ്ടത് അത്യാവശ്യമാണെന്നും കമ്പനി പറയുന്നു. യൂറോപ്പിൽ നിന്നും അമേരിക്കയിലേക്ക് ഡാറ്റ മാറ്റുന്നതുമായി ബന്ധപ്പെട്ട് 2020-ൽ യൂറോപ്യൻ യൂണിയനിലെ ഉന്നത നീതിന്യായപീഠം പുറപ്പെടുവിച്ച വിധിയാണ് ഇപ്പോൾ ഫേസ്‌ബുക്കിന് പാരയാകുന്നത്.

യു എസ് സെക്യുരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷനുള്ള റിപ്പോർട്ടിലും മെറ്റ ഇക്കാര്യം തുറന്നു കാണിക്കുന്നുണ്ട്. യൂറോപ്യൻ യൂണിയനിൽ നിയന്ത്രണങ്ങൾ ഉള്ളതിനാൽ, അവിടത്തെ ഡാറ്റ അമേരിക്കയിലെ തങ്ങളുടെ സർവ്വറുകളിലേക്ക് മാറ്റാൻ കഴിയുന്നില്ല എന്നും, തങ്ങളുടെ പ്രവർത്തനം തുടര്ന്നു കൊണ്ടുപോകാൻ അത് അത്യാവശ്യമാണെന്നും അവർ ചൂണിക്കാട്ടുന്നു.

യൂറോപ്യൻ യൂണീയനിലെ നിയമനിർമ്മാതാക്കൾ യൂറോപ്പിൽ നിന്നും അമേരിക്കയിലേക്ക് ഡാറ്റ മാറ്റുന്നതുമായി ബന്ധപ്പെട്ട പുതിയ നിയമം കൊണ്ടുവരാനുള്ള ശ്രമത്തിലാണ്. അതേസമയം ഇ യു അധികൃതരും അമേരിക്കൻ സർക്കാരും ഈ പ്രതിസന്ധി പരിഹരിക്കാൻ എല്ലാ വഴികളും തേടുന്നുമുണ്ട്. ഈയടുത്ത കാലത്ത് ഓഹരിവിപണിയിൽ കമ്പനിയുടെ മൂല്യം ഇടിഞ്ഞത് കമ്പനിയെ ആകെ ആശങ്കയിലാഴ്‌ത്തിയിരുന്നു.

കഴിഞ്ഞ പാദത്തിലെ റിപ്പോർട്ട് മോശമായറ്റിനെ തുടർന്ന് ഓഹരി മൂല്യം താഴ്ന്നപ്പോൾ കമ്പനിക്ക് നഷ്ടമായത് ഏകദേശം 200 ബില്യൺ ഡോളറായിരുന്നു.