മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം കെ.എൽ. രാഹുലും നടി ആതിയ ഷെട്ടിയും ദീർഘനാളായി പ്രണയത്തിലാണ്. ഇരുവരുടേയും വിവാഹം ഉടൻ ഉണ്ടാകുമെന്ന് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും ഇരുവരും ഇപ്പോഴും സിംഗിളായി തുടരുകയാണ്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള വിവാഹം എപ്പോൾ നടക്കുമെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് ആതിയയുടെ പിതാവും നടനുമായ സുനിൽ ഷെട്ടി.

രാഹുലിന് ക്രിക്കറ്റ് ടൂർണമെന്റുകളുടെയും പരമ്പരകളുടെയും തിരക്കായതിനാൽ വിവാഹം നടത്താൻ സമയം ലഭിക്കുന്നില്ലെന്നാണു സുനിൽ ഷെട്ടിയുടെ മറുപടി. രണ്ടു ദിവസം കൊണ്ടൊന്നും വിവാഹം നടത്താൻ സാധിക്കില്ലെന്നും ആതിയയും രാഹുലും ഇക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കുമെന്നും സുനിൽ ഷെട്ടി ഒരു ഇൻസ്റ്റഗ്രാം ചാനലിനോടു പറഞ്ഞു.

 
 
 
View this post on Instagram

A post shared by Instant Bollywood (@instantbollywood)

''കുട്ടികൾ തീരുമാനിക്കുന്നതിന് അനുസരിച്ചു വിവാഹം നടക്കും. രാഹുലിന് തിരക്കേറിയ മത്സരക്രമമാണുള്ളത്. ഏഷ്യക്കപ്പും ലോകകപ്പുമുണ്ട്. ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകൾക്കെതിരെ പര്യടനമുണ്ട്. കുട്ടികൾക്ക് ഇടവേള ലഭിക്കുമ്പോൾ മാത്രമാകും വിവാഹം നടത്തുക. അത് ഒരു ദിവസം കൊണ്ടൊന്നും നടത്താൻ സാധിക്കില്ലല്ലോ?'' സുനിൽ ഷെട്ടി പറഞ്ഞു.

''മകൾ വിവാഹിതയാകണമെന്നാണ് അച്ഛന്റെ ആഗ്രഹം. അതിനു രാഹുലിനു സമയം വേണം. കുട്ടികൾ തീരുമാനിക്കട്ടെ, കാരണം രാഹുലിന്റെ മത്സരക്രമം കണ്ടാൽ നിങ്ങൾ ഞെട്ടും. ഒന്നോ, രണ്ടോ ദിവസത്തെ അവധി മാത്രമാണു ലഭിക്കുന്നത്. അത്ര കുറച്ചു സമയം കൊണ്ടു വിവാഹമൊന്നും നടത്താനാകില്ല. സമയം കിട്ടുമ്പോൾ മാത്രമാകും വിവാഹം ആസൂത്രണം ചെയ്യുക'' സുനിൽ ഷെട്ടി പറഞ്ഞു. പരുക്കുകാരണം ക്രിക്കറ്റിൽനിന്നു വിട്ടുനിൽക്കുകയായിരുന്ന രാഹുൽ സിംബാബ്‌വെ പര്യടനത്തിലാണു ടീമിനൊപ്പം ചേർന്നത്. ഏഷ്യ കപ്പിനുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനാണു രാഹുൽ.