- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഒന്നര മണിക്കൂർ ചെറിയ കുട്ടിയുമായി ചെക്ക് ഇൻ കൗണ്ടറിൽ നിൽക്കേണ്ടി വന്നു; ഏറ്റവും മോശം പെരുമാറ്റം'; വിസ്താര എയർലൈൻസിൽ നിന്നും നേരിട്ട മോശം അനുഭവം വിവരിച്ച് ഇർഫാൻ പഠാൻ
മുംബൈ: ശനിയാഴ്ച ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ കമന്റേറ്ററാകാൻ ദുബായിലേക്കു യാത്ര ചെയ്യുന്നതിനിടെ വിസ്താര എയർലൈൻസിൽ നിന്നു നേരിട്ട മോശം അനുഭവം ട്വിറ്ററിൽ പങ്കുവെച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാൻ.
ദുബായിലേക്ക് പോകവെ മുംബൈ വിമാനത്താവളത്തിൽ വെച്ച് വിമാന ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് ഇർഫാന്റെ ആരോപണം. ഭാര്യയോടും മക്കളോടുമൊപ്പം കൗണ്ടറിൽ ഒരു മണിക്കൂറിലധികം കാത്ത് നിർത്തിയെന്നും ഗ്രൗണ്ട് സ്റ്റാഫ് അപമര്യാദയായി പെരുമാറിയെന്നും പഠാൻ ആരോപിക്കുന്നു.
കൺഫേം ആയ ടിക്കറ്റിൽ സീറ്റ് തരംതാഴ്‌ത്താനുള്ള ഗ്രൗണ്ട് സ്റ്റാഫിന്റെ ശ്രമം മൂലം ഒന്നര മണിക്കൂർ ചെറിയ കുട്ടിയുമായി ചെക്ക് ഇൻ കൗണ്ടറിൽ നിൽക്കേണ്ടിവന്നെന്ന് ഇർഫാൻ പറഞ്ഞു. ഓഗസ്ത് 27 ന് ആരംഭിക്കുന്ന ഏഷ്യാ കപ്പിൽ കളി വിലയിരുത്താനും കമന്ററിക്കുമായി യുഎഇയിലേക്ക് പോകുമ്പോഴായിരുന്നു ഇർഫാന് മോശം അനുഭവമുണ്ടായത്.
ഒന്നര മണിക്കൂറോളം തന്നെ കൗണ്ടറിൽ ജീവനക്കാർ തടഞ്ഞുവെച്ചു. എട്ടുമാസം പ്രായമായ തന്റെ കുഞ്ഞ് കൈയിലിരിക്കുന്നതുപോലും പരിഗണിക്കാതെ ഏറ്റവും മോശം പെരുമാറ്റമായിരുന്നു ജീവനക്കാരുടേതെന്ന് ഇർഫാൻ ചൂണ്ടിക്കാട്ടി.
ഗ്രൗണ്ട് സ്റ്റാഫ് മാത്രമല്ല ചില യാത്രക്കാരും തങ്ങളെ അധിക്ഷേപിച്ചു. എങ്ങിനെ ഒരു മാനേജ്മെന്റ് ഇതിന് അനുവദിക്കുന്നെന്ന് തനിക്ക് മനസിലാകുന്നില്ല. ബന്ധപ്പെട്ട അധികാരികൾ വിഷയത്തിൽ ഇടപെടണമെന്നും ഉടനടി നടപടിയുണ്ടാകണമെന്നും അഭ്യർത്ഥിക്കുകയാണ്. ഭാവിയിൽ മറ്റൊരു യാത്രക്കാരനും ഈ രീതിയിലുള്ള മോശം പെരുമാറ്റം ഉണ്ടാകാൻ പാടില്ലെന്നും ഇർഫാൻ ട്വീറ്റ് ചെയ്തു.
Hope you notice and rectify @airvistara pic.twitter.com/IaR0nb74Cb
- Irfan Pathan (@IrfanPathan) August 24, 2022
ഇർഫാന്റെ ട്വീറ്റിന് പിന്നാലെ മുൻ താരം ആകാശ് ചോപ്ര താരത്തിന് പിന്തുണയുമായെത്തി. ഒരിക്കലും അംഗീകരിക്കാൻ സാധിക്കാത്തതാണ് ഇതെന്ന് എയർ വിസ്താരയെ ടാഗ് ചെയ്ത കുറിപ്പിൽ ചോപ്ര പറഞ്ഞു.
ഇർഫാൻ പഠാന്റെ പോസ്റ്റ് ഇങ്ങനെ
''ഇന്ന്, ഞാൻ മുംബൈയിൽ നിന്ന് വിസ്താരയുടെ ഫ്‌ളൈറ്റ് യുകെ-201ൽ ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്നു. ചെക്ക്ഇൻ കൗണ്ടറിൽ വെച്ച് എനിക്ക് വളരെ മോശം അനുഭവം ഉണ്ടായി, നേരത്തേ ബുക്ക് ചെയ്ത് കൺഫേം ആയ എന്റെ ടിക്കറ്റ് ക്ലാസ് വിസ്താര അനുവാദമില്ലാതെ ബോധപൂർവം തരംതാഴ്‌ത്തുകയായിരുന്നു. ഇതു പരിഹരിച്ച് കിട്ടാൻ എനിക്ക് ഒന്നര മണിക്കൂർ കൗണ്ടറിൽ കാത്തുനിൽക്കേണ്ടി വന്നു.
ഭാര്യയ്ക്കും എട്ടു മാസവും അഞ്ചു വയസും പ്രായമുള്ള കുട്ടികൾക്കും എനിക്കൊപ്പം ഈ അവസ്ഥയിലൂടെ കടന്നുപോകേണ്ടി വന്നു. മറ്റ് ചില യാത്രക്കാർക്കും മോശം അനുഭവങ്ങൾ ഉണ്ടായി. എന്തുകൊണ്ടാണ് അവർ ഇങ്ങനെ ടിക്കറ്റ് ശരിക്കുള്ള വിലയിലും കുറച്ച് വിൽക്കുന്നതെന്നും ഇതെങ്ങനെ മാനേജ്മെന്റ് അംഗീകരിക്കുന്നുവെന്നും എനിക്ക് മനസിലാകുന്നില്ല. ഈ സംഭവങ്ങളിൽ ഉടനടി നടപടിയെടുക്കാൻ ബന്ധപ്പെട്ട അധികാരികൾ ശ്രമിക്കണം'' ഇർഫാൻ ട്വിറ്ററിൽ കുറിച്ചു.
സംഭവം വാർത്തയായതോടെ പ്രതികരണവുമായി വിമാനക്കമ്പനിയും രംഗത്തെത്തി. വിമാനക്കമ്പനിക്ക് ഇക്കാര്യത്തിൽ ആശങ്കയുണ്ടെന്നും സംഭവത്തെക്കുറിച്ച് മുൻഗണനാടിസ്ഥാനത്തിൽ അന്വേഷിക്കുകയാണെന്നും വിസ്താര മറുപടി നൽകി. ആവശ്യമായ എല്ലാ തിരുത്തൽ നടപടികളും സ്വീകരിക്കുന്നുണ്ടെന്നും വിസ്താര അറിയിച്ചു.
ന്യൂസ് ഡെസ്‌ക്