ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ പാക്കിസ്ഥാനെതിരെ ഇന്ത്യൻ ടീം അവിസ്മരണീയ വിജയം കുറിക്കുമ്പോൾ ഗാലറിയിലെ ആഹ്ലാദ ആരവങ്ങളടക്കം തൽസമയ സംപ്രേഷണത്തിൽ നിറഞ്ഞിരുന്നു. ബിസിസിഐ അധികൃതർ അടക്കം നിൽക്കുന്ന വിശിഷ്ട അതിഥികളുടെ പവലിയനിൽ നിന്നുള്ള ദൃശ്യങ്ങളും ഇതോടൊപ്പമുണ്ടായിരുന്നു. ഇതിനിടെ വിജയം ആഘോഷിക്കാൻ ദേശീയ പതാക വാങ്ങാതിരുന്ന ബിസിസിഐ സെക്രട്ടറി ജയ് ഷായെ വിമർശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ് നേതൃത്വങ്ങൾ.

ജയ് ഷായ്ക്ക് കൂടെയുണ്ടായിരുന്ന ഒരാൾ ദേശീയ പതാക നൽകുകയും അദ്ദേഹം അതു വാങ്ങാൻ വിസമ്മതിക്കുകയും ചെയ്യുന്ന വിഡിയോ പുറത്തുവന്നതോടെയാണ് രൂക്ഷ വിമർശനം ഉയരുന്നത്. വിഡിയോ വൈറലായതോടെ ജയ് ഷായ്‌ക്കെതിരെ കോൺഗ്രസും തൃണമൂൽ കോൺഗ്രസും രംഗത്തെത്തുകയായിരുന്നു.

ത്രിവർണ പതാകയിൽനിന്ന് അകലം പാലിക്കുന്ന ശീലം അവർക്കു പല തലമുറകളായുണ്ടെന്നാണ് വിഡിയോ പങ്കുവച്ചുകൊണ്ടു കോൺഗ്രസ് സമൂഹമാധ്യമത്തിൽ കുറിച്ചത്. ജയ് ഷായ്‌ക്കെതിരെ വിമർശനവുമായി തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയും രംഗത്തെത്തി. ഭരണകക്ഷിയുടെ കാപട്യത്തിന്റെ തെളിവാണ് ഇതെന്ന് അഭിഷേക് ബാനർജി വിമർശിച്ചു. മറ്റേതെങ്കിലും കക്ഷിയുടെ നേതാവ് ഇങ്ങനെ ചെയ്തിരുന്നെങ്കിൽ ബിജെപി അയാളെ ചതിയനെന്നു വരെ വിളിക്കുമായിരുന്നെന്ന് തെലങ്കാന രാഷ്ട്രസമിതിയും വിമർശിച്ചു.

അതേസമയം ജയ് ഷാ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ പ്രസിഡന്റ് എന്ന ചുമതലകൂടിയുള്ളതിനാലാണ് ജയ് ഷാ ഇന്ത്യൻ പതാക കയ്യിൽ വാങ്ങാതിരുന്നതെന്നാണ് ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്ന വിശദീകരണം. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ എല്ലാ അംഗങ്ങളിൽനിന്നും നിഷ്പക്ഷത പാലിക്കണമെന്നു ചട്ടമുണ്ടെന്നും വിശദീകരണമുണ്ട്. എന്നാൽ ഇന്ത്യൻ ജയത്തിൽ ജയ് ഷാ ആഘോഷിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.

ഏഷ്യാ കപ്പ് 2022 മത്സരത്തിൽ ടീം ഇന്ത്യ പാക്കിസ്ഥാനെ 5 വിക്കറ്റിന് പരാജയപ്പെടുത്തിയ സമയത്ത് ഗാലറിയിൽ നിന്നും പകർത്തിയ വീഡിയോയാണ് പ്രചരിക്കുന്നത്. അതിൽ ഇന്ത്യൻ ദേശിയ പതാക പിടിക്കാൻ ഷാ വിസമ്മതിക്കുന്നത് വളരെ വ്യക്തമായി കാണാം.

''ത്രിവർണ്ണ പതാകയിൽ നിന്ന് അകന്നുനിൽക്കുന്ന അവരുടെ ശീലം പല തലമുറകളുടെ പഴക്കമുള്ളതാണ് അത് എങ്ങനെ മറന്ന് പോകും അവർ ?'' കേന്ദ്ര ആഭ്യന്തര മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ അമിത് ഷായുടെ മകനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പറയുന്നു.

''എനിക്ക് പപ്പാ ഉണ്ട്( അമിത് ഷാ) , ത്രിവർണ്ണ പതാക നിങ്ങളുടെ പക്കൽ സൂക്ഷിക്കുക!'' പാർട്ടിയുടെ കമ്മ്യൂണിക്കേഷൻസ് ചുമതലയുള്ള ജയറാം രമേശാണ് രൂക്ഷമായ പ്രതികരണവുമായി ട്വീറ്റ് ചെയ്തത്. കോൺഗ്രസിന് പുറമേ, മറ്റ് പ്രതിപക്ഷ പാർട്ടികളായ ശിവസേന, തൃണമൂൽ കോൺഗ്രസ്, തെലങ്കാന രാഷ്ട്ര സമിതി (ടിആർഎസ്) നേതാക്കളും ബിസിസിഐ സെക്രട്ടറിയെ അദ്ദേഹത്തിന്റെ ഈ പെരുമാറ്റത്തിന്റെ പേരിൽ ആക്രമിച്ചു.

''ത്രിവർണ്ണ പതാക നമ്മുടെ ദൃഢനിശ്ചയത്തിന്റെയും രാജ്യത്തോടുള്ള വിശ്വസ്തതയുടെയും പ്രതീകമാണ്. ഈ രീതിയിൽ ത്രിവർണ്ണ പതാക (നിരസിക്കുന്നത്) രാജ്യത്തെ 133 കോടി ജനങ്ങൾക്ക് അപമാനമാണ്,'' പ്രിയങ്ക ചതുർവേദി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.