15ാം വിവാഹവാർഷിക ദിനത്തിൽ ഗായിക സിത്താര കൃഷ്ണകുമാറിന് ആശംസകൾ നേർന്ന് ഭർത്താവ് ഡോ. സജീഷ്. സിത്താരയും സജീഷിന് ആശംസകൾ നേർന്ന് തന്റെ സോഷ്യൽ മീഡിയാ പേജിൽ കുറിപ്പു പങ്കുവെച്ചു. പരസ്പരം ആശംസകൾ നേർന്ന് ഇരുവരും പങ്കുവച്ച സമൂഹമാധ്യമ പോസ്റ്റുകൾ ആരാധകശ്രദ്ധ നേടുകയാണ്. സജീഷിനും മകൾക്കുമൊപ്പമുള്ള കുടുംബചിത്രം പങ്കുവച്ചുകൊണ്ടാണ് സിതാര വിവാഹവാർഷിക ആഘോഷത്തിന്റെ വിശേഷം അറിയിച്ചത്.

സിതാരയ്‌ക്കൊപ്പമുള്ള നിരവധി ചിത്രങ്ങൾ കോർത്തിണക്കി വിഡിയോ ഒരുക്കിയാണ് സജീഷിന്റെ ആശംസ. 'ഒറ്റ നോട്ടത്തിലൂടെ നീ എന്റെ രൂപവും സ്വത്വവും കവർന്നെടുത്തു. അജ്ഞാതമായതെന്തൊക്കെയോ നീ ഒറ്റ നോട്ടത്തിലൂടെ പറഞ്ഞു തന്നു. സ്‌നേഹത്തിന്റെയും ഭക്തിയുടെയും വീഞ്ഞ് കുടിപ്പിച്ച് ഒറ്റ നോട്ടത്തിലൂടെ നീയെന്നെ മത്ത് പിടിപ്പിച്ചു', പതിനാലാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഗായകൻ അമീർ ഖുസ്റോയുടെ വിഖ്യാതമായ ഈ വാക്കുകൾ കുറിച്ചുകൊണ്ടാണ് സജീഷ് വിഡിയോ പങ്കുവച്ചത്.

സുഹൃത്തുക്കളും ആരാധകരുമുൾപ്പെടെ നിരവധി പേരാണ് സിതാരയ്ക്കും സജീഷിനും വിവാഹവാർഷിക ആശംസകൾ നേർന്നു രംഗത്തെത്തിയത്.