സെഹോർ: ആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് യുവാവിന്റെ മൃതദേഹം ബൈക്കിൽ വീട്ടിലെത്തിക്കുന്ന നൊമ്പരപ്പെടുത്തുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നു. മദ്ധ്യപ്രദേശിലെ സെഹോറിലാണ് സംഭവം നടന്നത്. പുഴയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ പോയ ഇുപത്തിയാറുകാരൻ മുങ്ങിമരിക്കുകയായിരുന്നു. യുവാവിന്റെ മൃതദേഹം വീട്ടിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാതെ വന്നതോടെയാണ് ബൈക്കിൽ വെച്ച് വീട്ടിലെത്തിച്ചത്.

പൊലീസെത്തി തിരച്ചിൽ നടത്തി മൃതദേഹം കണ്ടെത്തിയെങ്കിലും ഇത് തിരികെ വീട്ടിലെത്തിക്കാൻ ആംബുലൻസ് ലഭിക്കാതെ വന്നതോടെയാണ് ബൈക്ക് ഉപയോഗിക്കേണ്ടിവന്നത്. ആംബുലൻസിനായി ബന്ധുക്കൾ ഏറെ ശ്രമിച്ചുവത്രേ. എന്നാൽ ഇത് ലഭിക്കില്ലെന്ന് മനസിലായതോടെ ബൈക്കിൽ രണ്ട് പേർക്കിടയിലായി മൃതദേഹം വച്ച് പോകാൻ തീരുമാനിക്കുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മനസിനെ നൊമ്പരപ്പെടുത്തുന്ന കാഴ്ചയാണിതെന്നും ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ അധികൃതർ ശ്രദ്ധിക്കണമെന്നുമാണ് വീഡിയോ കണ്ടവരെല്ലാം അഭിപ്രായപ്പെടുന്നത്.

മാസങ്ങൾക്ക് മുമ്പ് ഛത്തീസ്‌ഗഢിൽ മകളുടെ മൃതദേഹവും ചുമന്ന് ഒരു പിതാവ് പത്ത് കിലോമീറ്ററോളം നടന്ന സംഭവം വാർത്തകളിൽ കാര്യമായ ഇടം നേടിയിരുന്നു. ഇതിന്റെ വേദനാജനകമായ വീഡിയോയും സോഷ്യൽ മീഡിയയിൽ അന്ന് വൈറലായിരുന്നു.

അതിന് മുമ്പ് സമാനമായ രീതിയിൽ മകളുടെ മൃതദേഹം കട്ടിലിൽ കെട്ടി പിതാവടക്കം ചുമന്ന് 35 കിലോമീറ്റർ നടന്ന ദാരുണമായ സംഭവവും മദ്ധ്യപ്രദേശിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. പതിനാറുകാരിയായ മകൾ ആത്മഹത്യ ചെയ്തതിനെ തുടർന്ന് പോസ്റ്റുമോർട്ടം ചെയ്യാൻ മൃതദേഹം ആശുപത്രിയിലെത്തിക്കാൻ പണമില്ലാത്തതിനെ തുടർന്നായിരുന്നു പിതാവ് മകളുടെ മൃതദേഹം കട്ടിലിൽ കെട്ടി ചുമന്നുകൊണ്ടുപോയത്. ഇതിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നു.