തന്റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമായ ലൈഗർ വൻ പരാജയമായതോടെ നിർമ്മാതാക്കൾക്ക് ആറ് കോടി രൂപ തിരികെ നൽകാൻ തീരുമാനിച്ച് വിജയ് ദേവരകൊണ്ട. സിനിമാ ബോക്സ് ഓഫിസിൽ ദയനീയമായി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് വിജയ് ഈ തീരുമാനമെടുത്തത്. 100 കോടി രൂപ ബജറ്റിൽ നിർമ്മിച്ച ചിത്രം നിർമ്മാതാക്കൾക്കു കനത്ത നഷ്ടമുണ്ടാക്കിയിരുന്നു. ഇഥോടെയാണ് പ്രതിഫലമായ ആറു കോടി രൂപ തിരികെ നൽകാൻ വിജയ് തീരുമാനിച്ചത്.

മാത്രവുമല്ല, തന്റെ അടുത്ത ചിത്രമായ 'ജനഗണമന'യുടെ ബജറ്റ് വെട്ടിക്കുറയ്ക്കാനും താരം തീരുമാനിച്ചു. ലൈഗറിന്റെ സംവിധായകൻ പുരി ജഗന്നാഥ് തന്നെയാണ് 'ജനഗണമന'യും സംവിധാനം ചെയ്യുന്നത്. വിജയ് ദേവരകൊണ്ട ആദ്യമായി ബോളിവുഡിൽ അരങ്ങേറിയ ചിത്രം എന്ന നിലയിൽ കൊട്ടിഘോഷിക്കപ്പെട്ട ചിത്രം താരത്തിന്റെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നതാണ്. ലെജൻഡറി താരമായ മൈക്ക് ടൈസനെ ആദ്യമായി ഇന്ത്യൻ സിനിമയിൽ അവതരിപ്പിച്ച ലൈഗർ പക്ഷേ ബോക്സ് ഓഫിസിൽ കനത്ത തിരിച്ചടിയാണ് നിർമ്മാതാക്കൾക്കു നൽകിയത്.

പുരി ജഗന്നാഥും തന്റെ പ്രതിഫലം വേണ്ടെന്നു തീരുമാനിച്ചിരിക്കുകയാണ്. 'ജനഗണമന' ബോക്സ് ഓഫിസിൽ വിജയം നേടിയാൽ വിജയ് പിന്നീട് ലാഭത്തിന്റെ ഒരു ഭാഗം കൈപ്പറ്റിയേക്കും.