ജമ്മുകാശ്മീർ: പാർവ്വതി ദേവിയുടെ വേഷം കെട്ടി നൃത്തം അവതരിപ്പിക്കുന്നതിനിടെ കലാകാരൻ വേദിയിൽ കുഴഞ്ഞുവീണ് മരിച്ചു. യോഗേഷ് ഗുപ്ത എന്നയാളാണ് മരിച്ചത്. ജമ്മുവിലെ ബിഷ്നയിൽ ആണ് സംഭവം. സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.

ഗണേശ ഉത്സവത്തോടനുബന്ധിച്ച് പാർവതി ദേവിയുടെ വേഷം ധരിച്ച് നൃത്തം ചെയ്യുന്നതിനിടെ യോഗേഷ് ഗുപ്ത കുഴഞ്ഞു വീഴുകയായിരുന്നു. നൃത്തത്തിന്റെ ഭാഗമായി യോഗേഷ് ഗുപ്ത നിലത്തേക്ക് വീഴുകയും ഇരുന്നുകൊണ്ട് ചുവടുകൾ കാണിക്കുകയും ചെയ്തു. പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. യോഗേഷ് ഗുപ്ത എഴുന്നേൽക്കാത്തതു കണ്ട് 'ശിവന്റെ' വേഷം ധരിച്ചയാൾ വേദിയിലെത്തി. അപകടം മനസ്സിലാക്കിയ ഇയാൾ മറ്റുള്ളവരെ സഹായത്തിനായി വിളിക്കുന്നതും വിഡിയോയിൽ കാണാം. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.