കാബൂൾ: യുഎസ് സേന അഫ്ഗാനിസ്ഥാനിൽ നിന്നും പിൻവാങ്ങുമ്പോൾ ഉപേക്ഷിച്ച ഹെലികോപ്ടർ പറത്താൻ ശ്രമിക്കുന്നതിനിടെ തകർന്നുവീണ് മൂന്ന് താലിബാൻകാർ കൊല്ലപ്പെട്ടു. 30 ദശലക്ഷം ഡോളർ വിലമതിക്കുന്ന അമേരിക്കൻ ബ്ലാക്ക് ഹോക്ക് ഹെലികോപ്ടറാണ് തകർന്നത്. ഹെലികോപ്ടർ അപകടത്തിന്റെ വീഡിയോദൃശ്യം സമൂഹമാധ്യമങ്ങളിൽ പുറത്തുവന്നിട്ടുണ്ട്.

അഫ്ഗാനിസ്ഥാനിൽ യുഎസ് സേന ഉപേക്ഷിച്ച ഹെലികോപ്ടറുകളിൽ ഒന്നാണ് അപകടത്തിൽപെട്ടത്. ഹെലികോപ്ടറിൽ പൈലറ്റിനെ കൂടാതെ രണ്ട് പേർ കൂടിയുണ്ടായിരുന്നു. അടുത്തിടെ പരിശീലനം പൂർത്തിയാക്കിയ താലിബാൻകാരനാണ് ഹെലികോപ്ടർ പറത്തിയിരുന്നത്. ഇയാളെ കൂടാതെ മറ്റൊരു ട്രെയിനി പൈലറ്റും ഒരു ക്രൂ അംഗവുമാണ് ഹെലികോപ്ടറിലുണ്ടായിരുന്നത്.

കാബൂളിലെ താലിബാൻ സൈനിക ആസ്ഥാനത്താണ് ഹെലികോപ്ടർ പതിച്ചത്. താലിബാൻ അപകടവാർത്ത സ്ഥിരീകരിച്ചിട്ടുണ്ട്. സാങ്കേതിക തകരാർ മൂലമാണ് ഹെലികോപ്റ്റർ തകർന്നു വീണതെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രാലയ വക്താവ് ഇനായത്തുള്ള ഖൗറസ്മി പറഞ്ഞു. ഹെലികോപ്ടർ തകർന്നുവീണതിനെ തുടർന്ന് അഞ്ച് പേർക്ക് പരിക്കേറ്റു.

2002-2017 കാലയളവിനിടയിൽ 28 ബില്യൺ ഡോളർ വിലമതിക്കുന്ന സൈനികോപകരണങ്ങൾ അമേരിക്ക അഫ്ഗാന് കൈമാറിയിട്ടുണ്ടെന്ന് സ്പെഷ്യൽ ഇൻസ്പെക്ടർ ജനറൽ ഫോർ അഫ്ഗാനിസ്ഥാൻ റീകൺസ്ട്രക്ഷൻ വ്യക്തമാക്കി. ആയുധങ്ങൾ, വാഹനങ്ങൾ, വിമാനങ്ങൾ, നീരിക്ഷണസംവിധാനങ്ങൾ എന്നിവ ഇവയിൽ ഉൾപ്പെടുന്നു.

2021 ഓഗസ്റ്റിൽ താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചടക്കിയപ്പോൾ ചില സൈനികോദ്യോഗസ്ഥർ ഇവയിൽ ചില വിമാനങ്ങളിലാണ് രാജ്യം വിട്ടത്. കാബൂളിൽ നിന്ന് യാത്രതിരിക്കുന്നതിന് മുമ്പ് വിമാനങ്ങൾ, സൈനികവാഹനങ്ങൾ തുടങ്ങി പലതും യുഎസ് സേന നശിപ്പിച്ചിരുന്നു. എങ്കിലും ചില ഹെലികോപ്ടറുകൾ താലിബാൻ കൈവശപ്പെടുത്തിയിരുന്നു. ഇവയിലൊന്നാണ് ശനിയാഴ്ച അപകടത്തിൽ പെട്ടത്.