ന്യൂഡൽഹി: കന്യാകുമാരിയിൽനിന്ന് ആരംഭിച്ച 'ഭാരത് ജോഡോ യാത്ര'യ്ക്കിടെ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി സ്വാമി വിവേകാനന്ദനെ അവഗണിച്ചുവെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണത്തിന് തെളിവുസഹിതം മറുപടി നൽകി കോൺഗ്രസ്. രാഹുൽ ഗാന്ധി സ്വാമി വിവേകാനന്ദന്റെ പ്രതിമയ്ക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്ന വിഡിയോ പങ്കുവച്ചാണ് സ്മൃതി ഇറാനിയുടെ വിമർശനത്തിന് കോൺഗ്രസ് നേതാക്കൾ മറുപടി നൽകിയത്.

ഇന്ന് ഞാൻ കോൺഗ്രസ് പാർട്ടിയോടു ചോദിക്കാൻ ആഗ്രഹിക്കുകയാണ്. ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള യാത്രയ്ക്ക് നിങ്ങൾ കന്യാകുമാരിയിൽനിന്ന് തുടക്കം കുറിക്കുകയാണെങ്കിൽ സ്വാമി വിവേകാനന്ദനെ അവഗണിക്കുന്ന വിധം ലജ്ജയില്ലാത്തവരാകരുത്. പക്ഷേ തോന്നുന്നത് രാഹുൽ ഗാന്ധിക്ക് ഇത്തരമൊരു (സ്വാമി വിവേകാനന്ദനെ ആദരിക്കുന്ന) നടപടി അംഗീകരിക്കാൻ കഴിയില്ല എന്നാണ്, എന്നായിരുന്നു സ്മൃതിയുടെ വിമർശനം.

ഇതിന് പിന്നാലെ മറ്റൊരു വിഡിയോയിൽ കൂപ്പുകൈകളോടെ വിവേകാനന്ദന്റെ പ്രതിമയ്ക്ക് മുന്നിൽ നിൽക്കുന്ന രാഹുൽ ഗാന്ധിയെ കാണാം. രാഹുൽ ഗാന്ധി വിവേകാനന്ദന്റെ പ്രതിമയ്ക്ക് ചുറ്റും പ്രദക്ഷിണം വയ്ക്കുന്നതും വിഡിയോയിലുണ്ട്.

''എന്തൊരു വിഡ്ഢിത്തമാണ് ചെയ്യുന്നത്. വിഡ്ഢികളായവരെ ദൈവം അനുഗ്രഹിക്കട്ടെ'' എന്ന് വിഡിയോയ്‌ക്കൊപ്പം കോൺഗ്രസ് വക്താവ് പവൻ ഖേര ട്വീറ്റ് ചെയ്തു. സ്മൃതി ഇറാനിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് ജയറാം രമേശും രംഗത്തെത്തി. ബിജെപി നുണകൾ പ്രചരിപ്പിക്കുന്നതിൽ വിശ്വസിക്കുന്നു, കാര്യങ്ങൾ കുറച്ചുകൂടി വ്യക്തതയോടെ കാണാൻ മിസിസ് ഇറാനിക്ക് പുതിയ കണ്ണട ആവശ്യമാണെങ്കിൽ, അത്തരത്തിലൊന്ന് നൽകാൻ ഞങ്ങൾ തയ്യാറാണ്- ജയ്റാം രമേശ് പറഞ്ഞു.