ന്യൂഡൽഹി: ഇന്ത്യയ്‌ക്കെതിരായ അമേരിക്കൻ ടി.വി അവതാരകന്റെ പരിഹാസത്തെ അതേ ഭാഷയിൽ വിമർശിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ എംപി. ഇന്ത്യയിൽ ഏറ്റവും മികച്ച കെട്ടിടങ്ങൾ നിർമ്മിച്ചിട്ടുള്ളത് ബ്രിട്ടീഷുകാരാണ്. സ്വാതന്ത്ര്യത്തിനു ശേഷം ഇത്തരത്തിൽ ഒന്നുപോലും ഇന്ത്യയിലുണ്ടായിട്ടില്ല എന്നായിരുന്നു ഫോക്സ് ന്യൂസ് അവതാരകൻ ടക്കർ കാൾസന്റെ പരാമർശം. ഇതിനെതിരേ രൂക്ഷമായ ഭാഷയിലുള്ള പ്രതികരണമാണ് ശശി തരൂർ നടത്തിയിരിക്കുന്നത്.

'സ്വാതന്ത്ര്യം ലഭിച്ച് 75 വർഷങ്ങൾ പിന്നിടുമ്പോഴും ബ്രിട്ടിഷുകാർ നിർമ്മിച്ച ബോംബെ റെയിൽവേ സ്റ്റേഷൻ പോലെയുള്ള ഒരു കെട്ടിടമെങ്കിലും ഇന്ത്യയിലുണ്ടായോ? വിഷമത്തോടെ പറയേണ്ടിയിരിക്കുന്നു ഇല്ല എന്ന്. ബ്രിട്ടിഷുകാരെപ്പോലെ അനുകമ്പയുള്ള മറ്റൊരു സാമ്രാജ്യമില്ല.' എലിസബത്ത് രാജ്ഞിയുടെ വിയോഗം സംബന്ധിച്ച ഒരു ചർച്ചയിൽ കാൾസൻ പറഞ്ഞു.

ഈ വിഡിയോയടക്കം പങ്കുവച്ചുകൊണ്ട് 'ക്ഷമ നശിച്ച് പ്രതികരിക്കേണ്ട സാഹചര്യങ്ങളിൽ അത് പ്രകടിപ്പിക്കാൻ പാകത്തിനുള്ള ഒരു ബട്ടൺ കൂടി ട്വിറ്ററിൽ വേണമെന്നാണ് ഞാൻ കരുതുന്നത്. തൽക്കാലം ഇതുകൊണ്ട് ഞാൻ തൃപ്തിപ്പെടുന്നു' എന്ന് പറഞ്ഞ് രണ്ട് ദേഷ്യത്തിലുള്ള ഇമോജികളാണ് തരൂർ ട്വീറ്റ് ചെയ്തിരിക്കുന്നത്.