തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയ നടി താരാ കല്ല്യാൺ തന്റെ ആശുപത്രി വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കുകയാണ്. ഇക്കഴിഞ്ഞ ബുധനാഴ്ചയായിരുന്നു താരാ കല്യാണിനു തൈറോയ്ഡ് ശസ്ത്രക്രിയ നടത്തിയത്. ഓപ്പറേഷൻ തിയറ്ററിൽ നിന്നുള്ള ചിത്രങ്ങളും കുറിപ്പും മകൾ സൗഭാഗ്യ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഇതിനു പിന്നാലെ നിരവധി പേരാണ് താരാ കല്ല്യാണിന്റെ സുഖ വിവരം അന്വേഷിച്ചത്. ഇപ്പോഴിതാ ആശുപത്രിയിൽ നിന്നും വീഡിയോയിലെത്തി ആരാധകരുമായി വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് താര.

ആശുപത്രിയിൽ പ്രവേശിക്കുന്നതു മുതൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയതു വരെയുള്ള കാര്യങ്ങൾ വിഡിയോയിലുണ്ട്. സംസാരിക്കാനുള്ള ബുദ്ധിമുട്ടും ശബ്ദത്തിലെ വ്യത്യാസവും കണ്ടു നടത്തിയ പരിശോധനയിലാണ് തൈറോയ്ഡ് കണ്ടെത്തിയതെന്ന് അമ്മ സുബലക്ഷ്മി വിഡിയോയിൽ പറയുന്നു. രാവിലെ 8.30ന് ശസ്ത്രക്രിയയ്ക്കായി കൊണ്ടുപോയെങ്കിലും വൈകിട്ട് ഏഴ് ആയപ്പോഴാണ് ശസ്ത്രക്രിയ എല്ലാം പൂർത്തിയായത്. അത്രയും സങ്കീർണമായ ഒരു ശസ്ത്രക്രിയായിരുന്നെന്ന് സൗഭാഗ്യ പറയുന്നു.