മുംബൈ: ലോകകപ്പ് ഫുട്‌ബോളിനെ വരവേൽക്കാനുള്ള മുന്നൊരുക്കങ്ങൾക്കിടെ ഫുട്‌ബോൾ ആരാധകരുടെ മനംകവർന്നിരിക്കുകയാണ് ആഫ്രിക്കയിൽ നിന്നുള്ള കുട്ടികളുടെ വീഡിയോ. ഫുട്ബോൾ താരങ്ങളായി വേഷമിട്ട് കുട്ടികൾ നടത്തുന്ന നൃത്തച്ചുവടുകൾ ആരുടെയും മനസ്സ് കീഴടക്കുന്നതാണ്. ഈ വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ട് ലോകമെങ്ങുമുള്ള ഫുട്‌ബോൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

2022 ഫുട്ബോൾ ലോകകപ്പ് നവംബറിൽ ആരംഭിക്കാനിരിക്കെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി പാട്ടുകളും നൃത്തവും മറ്റ് പരിപാടികളും പുറത്തിറങ്ങുന്നുണ്ട്. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. അതിനിടെയാണ് ആവേശം പകർന്ന് കുരുന്നുകളുടെ വീഡിയോ.

വ്യവസായി ആനന്ദ് മഹീന്ദ്ര സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. കൊച്ചു കുട്ടികൾ ചേർന്നൊരു ലോകകപ്പ് വീഡിയോയാണ് അദ്ദേഹം പങ്കിട്ടത്. ലോകകപ്പിന് മുന്നോടിയായി കോടികൾ ചെലവിട്ട് നിർമ്മിക്കുന്ന പരസ്യങ്ങളേക്കാൾ മുകളിലാണ് കുട്ടികൾ ഇവിടെയൊരുക്കിയിരിക്കുന്ന ഈ വീഡിയോയെന്ന് ആനന്ദ് മഹീന്ദ്ര കുറിച്ചു.

ലോകകപ്പിന്റെ മാതൃകയും താരങ്ങൾ ഗ്രൗണ്ടിൽ ലൈനപ്പ് ചെയ്യുന്നതുമെല്ലാം കുട്ടികളുടെ വീഡിയോയിൽ കാണാം. ഇത്രയും മനോഹരമായി ഫുട്ബോൾ ആരാധകരുടെ മനസ് കീഴടക്കാൻ കോടികൾ ചെലവിട്ട് പുറത്തിറക്കുന്ന പരസ്യങ്ങൾക്കാകില്ലെന്ന് ആനന്ദ് മഹീന്ദ്ര വ്യക്തമാക്കി.

ആഫ്രിക്കയിലുള്ള കുട്ടികളാണ് വീഡിയോയിലുള്ളതെന്ന് പല ആരാധകരും അഭ്രിപ്രായപ്പെട്ടു. ഫുട്ബോൾ താരങ്ങളായി വേഷമിട്ട് കുട്ടികൾ നടത്തുന്ന നൃത്തച്ചുവടുകളും ശ്രദ്ധേയമാണ്. വീഡിയോ ചുരുങ്ങിയ നിമിഷം കൊണ്ട് വൈറലായി മാറി.