- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്ത് വഴി പൃഥ്വിയുടെ നമ്പർ ലഭിക്കുമ്പോൾ അദ്ദേഹം ഒരിക്കലും തന്റെ ഭാവി ഭർത്താവാകുമെന്ന് അറിഞ്ഞിരുന്നില്ല; നയൻ എന്നിലെ നിർമ്മാതാവിനെ കണ്ടെത്തിയ ചിത്രം; സിനിമയിലെ അവസരങ്ങൾ സ്ത്രീകൾക്ക് പ്രാപ്യമാക്കുകയാണ് എന്റെ ലക്ഷ്യം: സുപ്രിയ മേനോൻ
ആദ്യത്തെ ഫോൺ കോളിൽ തന്നെ താനും പൃഥ്വിരാജുമായി ഒരു മാസനിക അടുപ്പം ഉണ്ടായതായി ഭാര്യ സുപ്രിയാ മേനോൻ. സിനിമയുമായി ബന്ധപ്പെട്ടാണ് പൃഥ്വിരാജിനെ വിളിച്ചത്. പതിയെ സുഹൃത്തുക്കളായി. പിരിയാൻ കഴിയാത്ത ബന്ധം തങ്ങൾക്കിടയിൽ ഉണ്ടാകുകയും ചെയ്തു. എന്നാൽ ആളുകൾ കരുതുന്നതുപോലെ ഒരിക്കലും പൃഥ്വിരാജിനെ ഇന്റർവ്യൂ ചെയ്തിട്ടില്ലെന്നും സുപ്രിയ മേനോൻ പറയുന്നു. ടൈ കേരളയുടെ വിമൻ ഇൻ ബിസിനസ് കോൺക്ളേവിൽ സംസാരിക്കവെയാണ് സുപ്രിയ തന്റെ ജീവിതത്തെപ്പറ്റി തുറന്നു പറഞ്ഞത്. ഒരു സിനിമാ നിർമ്മാതാവ് എന്ന നിലയിൽ സിനിമയിലെ അവസരങ്ങൾ സ്ത്രീകൾക്ക് പ്രാപ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്നും സുപ്രിയ മേനോൻ കൂട്ടിച്ചേർത്തു.
''എല്ലാവരും കരുതുന്നതുപോലെ അഭിമുഖം ചെയ്യാൻ ഫോണിൽ വിളിച്ചതിനുശേഷം പൃഥ്വിരാജുമായി പ്രണയത്തിലായതല്ല ഞാൻ. സിനിമയുമായി ബന്ധപ്പെട്ട ഒരു റിപ്പോർട്ട് തയാറാക്കാൻ വിഷമിച്ചു നിന്ന എനിക്ക് ഒരു കൂട്ടുകാരിയാണ് പൃഥ്വിരാജിന്റെ നമ്പർ തന്നിട്ട് മലയാളത്തിലെ യുവ താരമാണ്, വിളിച്ചു നോക്കൂ എന്ന് പറഞ്ഞത്. അതുവരെ മലയാളത്തിൽ മമ്മൂക്കയെയും ലാലേട്ടനെയും മാത്രമേ എനിക്ക് അറിയാമായിരുന്നുള്ളൂ എന്നും സുപ്രിയ മേനോൻ പറഞ്ഞു.
എന്നെ ജീവിതം പഠിപ്പിച്ച നഗരമാണ് മുംബൈ. എന്റെ വീട് എന്നു ഞാൻ വിളിക്കുന്ന സ്ഥലം, വലിയ സ്വപ്നം കാണാൻ എന്നെ പഠിപ്പിച്ച സ്ഥലം. എൻഡിടിവിയിൽ പ്രവർത്തിക്കുന്ന സമയത്ത് പല സാഹചര്യങ്ങളിലുള്ള വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഹ്യൂമൻ ഇന്ററസ്റ്റ് സ്റ്റോറീസ്, റിയൽ എസ്റ്റേറ്റ്, മിഡിൽ ക്ലാസ് കുടുംബങ്ങളുടെ ജീവിതം, മാളുകളായി മാറുന്ന സ്ഥലങ്ങൾ അങ്ങനെ നിരവധി. പണത്തിനായി ഡാൻസ് ബാറുകളിൽ നൃത്തം ചെയ്യുന്ന പെൺകുട്ടികളുടെ ആശങ്കകൾ കേൾക്കാനും അവരുടെ അഭിമുഖം എടുക്കാനും അവസരം ലഭിച്ചു.
മുംബൈയിൽ ഒരു മേഘവിസ്ഫോടനം ഉണ്ടായതും ഞാൻ റിപ്പോർട്ട് ചെയ്തിരുന്നു. അന്ന് ഏകദേശം 700 പേർ മരിച്ചു. മുംബൈയിലെ ട്രെയിൻ സ്ഫോടന പരമ്പരകളും ഞാൻ റിപ്പോർട്ട് ചെയ്തു. ട്രെയിനിന്റെയും മനുഷ്യന്റെയും ഭാഗങ്ങൾ ഇടകലർന്നു ചിതറിത്തെറിച്ചു കിടക്കുന്നത് നേരിട്ടു കണ്ടു. ആ കാഴ്ചകൾ എന്നെ ജീവിതത്തിലുടനീളം ഹോണ്ട് ചെയ്തുകൊണ്ടേയിരിക്കും. ആ സമയത്താണ് എൻഡിടിവിയിലെ എഡിറ്റർ മലയാള സിനിമയെക്കുറിച്ച് ഒരു അസൈന്മെന്റ് ചെയ്യാൻ എന്നെ ഏൽപച്ചത്.
സിനിമയെക്കുറിച്ച് ഒന്നും അറിയാതിരുന്ന എനിക്ക് ആകെ അറിയാമായിരുന്നത്, മലയാള സിനിമയിലെ രണ്ട് വലിയ 'എം' (മോഹൻലാൽ മമ്മൂട്ടി) കളെക്കുറിച്ചാണ്. എന്റെ ഒരു സുഹൃത്താണ് പൃഥ്വിരാജിന്റെ നമ്പർ തന്നിട്ട് വിളിക്കാൻ പറഞ്ഞത്. 'മലയാളത്തിലെ ഒരു യുവനടനാണ്, അദ്ദേഹത്തെ വിളിച്ചാൽ കുറച്ച് കാര്യങ്ങൾ അറിയാൻ സാധിക്കും' എന്ന് അവൾ എന്നോടു പറഞ്ഞു. ആ ഒരു ഫോൺ കോൾ എന്റെ ജീവിതത്തിന്റെ ഗതി മാറ്റിമറിക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയില്ല. എന്റെ സുഹൃത്ത്, എന്റെ ഭാവി ഭർത്താവ് പൃഥ്വിരാജ് സുകുമാരനെപ്പറ്റിയാണ് അവർ എന്നോടു പറയുന്നതെന്ന് ഞാനന്ന് ഓർത്തില്ല. ആദ്യത്തെ ഫോൺ കോൾ മുതൽ ഞങ്ങൾ തമ്മിൽ ഒരു അടുപ്പം ഉടലെടുത്തു. ഞാനൊരിക്കലും പൃഥ്വിരാജിന്റെ അഭിമുഖം നടത്തിയിട്ടില്ല, അതിനാൽ ഒരു പത്രപ്രവർത്തകയെന്ന നിലയിൽ എന്റെ സത്യസന്ധതയ്ക്ക് ഒരിക്കലും കോട്ടംതട്ടില്ല. ഞങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ദൃഢമായി വന്നപ്പോൾ ഞങ്ങൾ ഡേറ്റിങ് ആരംഭിച്ചു.
ആ സമയത്താണ് ബിബിസിയിൽ ജോലി ലഭിക്കുന്നത്. എന്റെ പ്രഫഷനൽ ജീവിതം മികച്ചരീതിയിൽ മുന്നേറുന്നതിനൊപ്പം എന്റെ ജീവിതത്തിൽ പ്രണയം പൂത്തുലയുകയും ചെയ്തു. നാലുവർഷത്തെ ഡേറ്റിങ്ങിനു ശേഷം പൃഥ്വിയും ഞാനും അത് ഔദ്യോഗികമാക്കാനും വിവാഹിതരാകാനും തീരുമാനിച്ചു. ഞാൻ ജോലിയിൽനിന്ന് ആറു മാസത്തെ അവധിയെടുത്തു. വളരെ സ്വകാര്യമായ ഒരു ചടങ്ങിൽ ഞങ്ങൾ വിവാഹം കഴിച്ചു. കുറച്ചു മാസങ്ങൾ കേരളത്തിൽ താമസിച്ചതിനു ശേഷം ഞാൻ മുംബൈയിലേക്കുതന്നെ മടങ്ങി. എന്നാൽ പിന്നീട് ജോലി രാജിവെച്ചു.
പക്ഷേ നാട്ടിൽ വന്ന എനിക്ക് ജീവിതത്തിൽ ആദ്യമായി, ഒരു ലക്ഷ്യമില്ലാത്തതുപോലെ തോന്നി. 2014-ൽ എനിക്ക് അലംകൃതയെ കിട്ടി, അതിനുശേഷം മാതൃത്വത്തിന്റേതായ കെട്ടുപാടുകളിൽ ചുറ്റിപ്പിണഞ്ഞ് കുറച്ചു വർഷങ്ങൾ കഴിയേണ്ടിവന്നു. എന്റെ ജീവിതത്തിലെ ഏറ്റവും പ്രയാസകരമായ ഘട്ടമായിരുന്നു അത്. ഈ സമയമായപ്പോഴേക്കും എനിക്ക് സിനിമയിൽ താൽപര്യം തോന്നിത്തുടങ്ങി. പക്ഷേ എങ്ങനെ പ്രവർത്തിക്കണമെന്നോ അതിന്റെ പിന്നിലെ പ്രശ്നങ്ങളോ ഒന്നും എനിക്കറിയില്ല. ആദ്യം മുതലേ പൃഥ്വിയും ഞാനുംകൂടി സ്വന്തമായി ഒരു പ്രൊഡക്ഷൻ കമ്പനി സ്ഥാപിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നു. ഒടുവിൽ 2017 ൽ പൃഥ്വിരാജ് പ്രൊഡക്ഷൻസ് തുടങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. ഞങ്ങളുടെ ആദ്യ പ്രോജക്റ്റിനായി സോണി പിക്ചേഴ്സ് ഇന്റർനാഷനലുമായി സഹകരിച്ച് ചെയ്ത ചിത്രമാണ് നയൻ. അതൊരു സയൻസ് ഫിക്ഷൻ ചിത്രമായിരുന്നു. ഞങ്ങളുമായി സഹകരിക്കാൻ സോണി തയാറായതിൽ ശരിക്കും സന്തോഷമുണ്ട്. നയൻ അടിസ്ഥാനപരമായി വിജയമായിരുന്നില്ല, അത് കാലങ്ങൾക്കു മുന്നേ സഞ്ചരിച്ച ചിത്രമാണ്. പക്ഷേ നയൻ എന്നിലെ നിർമ്മാതാവിനെ കണ്ടെത്തിയ ചിത്രമാണ്.
സോണി പോലുള്ള കോർപറേറ്റ് ഭീമനുമായി സഹകരിക്കാനും നിയമപരവും സാമ്പത്തികപരവുമായ രേഖകൾ വളരെ പ്രഫഷനലായി കൈകാര്യം ചെയ്യാനും ആ സിനിമ മൂലം എനിക്കു സാധിച്ചു. ചെക്കുകളിൽ ഒപ്പിടുന്ന ഒരാൾ മാത്രമല്ല, ശരിയായ സ്ക്രിപ്റ്റ് കണ്ടെത്തുന്നത് മുതൽ ലീഡ് കാസ്റ്റു ചെയ്യുന്നത് വരെ, തുടക്കം മുതൽ ഒടുക്കം വരെ തന്റെ സമയം സിനിമയിൽ നിക്ഷേപിക്കേണ്ട ഒരാളാണ് നിർമ്മാതാവ് എന്ന് ഞാൻ പഠിച്ചു. ഒരു നിർമ്മാതാവ് എന്ന നിലയിൽ ഞാൻ അഭിമാനിക്കുന്ന ഒരു സിനിമയാണ് നയൻ. സിനിമ ബജറ്റിന് ഉള്ളിൽ ചെയ്തു തീർക്കുക എന്നത് ആദ്യമായി സിനിമ നിർമ്മിക്കുന്ന ആളിനെ സംബന്ധിച്ച് വിജയം തന്നെയാണ്. നയനു ശേഷം നിരവധി മലയാള ചിത്രങ്ങളും കെജിഎഫ്, ചാർളി തുടങ്ങിയ ചിത്രങ്ങളുടെ മലയാള വിതരണവും ഞങ്ങൾ ചെയ്തു. ഇപ്പോൾ ആദ്യത്തെ ഹിന്ദി ചിത്രം ചെയ്യാൻ തയ്യാറെടുക്കുന്നു. ഒടുവിൽ ചെയ്ത ഗോൾഡും റിലീസിന് തയ്യാറെടുക്കുകയാണ്.
ഈ തൊഴിലിൽ എന്റെ വ്യക്തിമുദ്ര പതിപ്പിക്കണം, അതിനൊപ്പംതന്നെ കൂടുതൽ സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യാനും ഞാൻ ആഗ്രഹിക്കുന്നു. പുതിയ പ്രതിഭകളെ കണ്ടെത്തുകയും പരിചയപ്പെടുത്തുകയും കൂടുതൽ സ്ത്രീകളെ ഈ തൊഴിലിലേക്ക് കൊണ്ടുവരുകയും ചെയ്യണം. നമുക്ക് ഈ മേഖലയിൽ കുറവുള്ളതും സ്ത്രീകളുടെ സാന്നിധ്യമാണ്. സിനിമ ഒരു വലിയ വ്യവസായമാണ്, അതിൽ ധാരാളം അവസരങ്ങളുണ്ട്, ആ അവസരങ്ങൾ സ്ത്രീകൾക്ക് പ്രാപ്യമാക്കണം, അതാണ് എന്റെ ലക്ഷ്യം. എല്ലാവർക്കും വളരാനുള്ള പിന്തുണ കിട്ടുന്ന ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആർക്കും എപ്പോൾ വേണമെങ്കിലും സമീപിക്കാനും സംസാരിക്കാനും ഞാൻ ഇവിടെയുണ്ട്.'' സുപ്രിയ പറഞ്ഞു നിർത്തി.