മുംബൈ: പരിക്കേറ്റ് ട്വന്റി 20 ലോകകപ്പ് ടീമിൽ നിന്നും പുറത്തായതിന്റെ പേരിൽ വിമർശനം ഉയർത്തിയവരുടെ വായടപ്പിക്കുന്ന മറുപടിയുമായി ഇൻസ്റ്റഗ്രാമിൽ ഇന്ത്യൻ പേസർ ജസ്പ്രീത് ബുമ്ര. പരുക്കേറ്റതോടെ ഇന്ത്യൻ താരത്തിനു ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 മത്സരങ്ങളടക്കം നഷ്ടമായിരുന്നു. ബുമ്ര ട്വന്റി20 ലോകകപ്പും കളിക്കില്ല. പരുക്കിനെ തുടർന്ന് ഏഷ്യാ കപ്പ് മത്സരങ്ങളും നഷ്ടമായ ബുമ്ര ഓസ്‌ട്രേലിയയ്‌ക്കെതിരായ ട്വന്റി20 മത്സരങ്ങൾക്ക് ശേഷം കളിക്കാൻ സാധിച്ചിരുന്നില്ല.

താരത്തിനു പരുക്കേറ്റതിൽ ആരാധകരും നിരാശരാണ്. ഭൂരിഭാഗം ആരാധകരും സമൂഹമാധ്യമങ്ങളിൽ നിരാശ പ്രകടിപ്പിച്ചപ്പോൾ ഒരു വിഭാഗം ബുമ്രയ്‌ക്കെതിരെ വിമർശനമുന്നയിക്കുന്നു. ഐപിഎല്ലിലെ എല്ലാ മത്സരങ്ങളിലും താരം കളിക്കുമ്പോൾ ദേശീയ ടീമിന്റെ മത്സരങ്ങളുടെ സമയത്തു മാത്രമാണു താരത്തിനു പരുക്കു പ്രശ്‌നമാകുന്നതെന്നാണ് ഇത്തരക്കാരുടെ വാദം. ഈ വിമർശനത്തിനാണ് ഇൻസ്റ്റഗ്രാമിലൂടെ ബുമ്ര നൽകിയിരിക്കുന്നത്.

'' കുരയ്ക്കുന്ന നായ്ക്കൾക്കെതിരെയെല്ലാം കല്ലെറിയാൻ നിന്നാൽ നിങ്ങൾ ലക്ഷ്യത്തിലെത്തില്ലെന്നാണു'' താരം ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടത്. ട്വന്റി20 ലോകകപ്പിൽ കളിക്കാൻ സാധിക്കാത്തതിൽ ദുഃഖമുണ്ടെന്ന് ബുമ്ര നേരത്തേ ആരാധകരോടു പ്രതികരിച്ചിരുന്നു. ''പ്രിയപ്പെട്ടവരിൽനിന്നുള്ള പിന്തുണയ്ക്കും സ്‌നേഹത്തിനും നന്ദിയുണ്ട്. സുഖം പ്രാപിച്ചാൽ ഓസ്‌ട്രേലിയയിൽ ടീമിനൊപ്പമുണ്ടാകും'' ബുമ്ര ട്വിറ്ററിൽ കുറിച്ചു.