ബെംഗളുരു: കർണാടകയിൽ ഭാരത് ജോഡോ യാത്രയിൽ രാഹുൽ ഗാന്ധിക്കൊപ്പം മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ സിദ്ധരാമയ്യയും ചേർന്നതിന്റെ വീഡിയോ വൈറലാകുന്നു. യാത്രക്കൊപ്പം നടക്കാനെത്തിയ സിദ്ധരാമയ്യയുടെ കൈയും പിടിച്ച് രാഹുൽ ഓടുന്നതാണ് വീഡിയോ. നിരവധി പേരാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനിടെ മറ്റ് നേതാക്കളും സുരക്ഷാ ഉദ്യോഗസ്ഥരും ഇരുവരെയും വളഞ്ഞ് സംരക്ഷണം തീർക്കുന്നതും വീഡിയോയിൽ കാണാം.

സെപ്റ്റംബർ 30 നാണ് ഭരത് ജോഡോ യാത്ര ആരംഭിച്ചത്. ഒക്ടോബർ 21 വരെ യാത്ര സംസ്ഥാനത്ത് തുടരും. റാലി കർണ്ണാടകയിലേക്ക് കടന്നതോടെ ഇരു ധ്രുവങ്ങളിൽ തുടരുന്ന കർണാടക കോൺഗ്രസിലെ മുതിർന്ന നേതാക്കളായ സിദ്ധരാമയ്യയ്ക്കും മുൻ ക്യാബിനറ്റ് മന്ത്രി ഡി കെ ശിവകുമാറിനും തുല്യ പ്രാധാന്യം നൽകുന്നുവെന്ന് രാഹുൽ ഉറപ്പാക്കിയിരുന്നു. രണ്ട് എതിരാളികളായ നേതാക്കൾ തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനും പാർട്ടി പ്രവർത്തകർക്കിടയിൽ ഐക്യത്തിന്റെ ശക്തമായ സന്ദേശം നൽകാനുമുള്ള ശ്രമം തുടരുകയാണ് രാഹുൽ.

അതേസമയം കേരളത്തിലെ പോലെ തന്നെ ഭാരത് ജോഡോ യാത്രയിലെ സവർക്കർ ഫ്‌ളെക്‌സ് കർണാടകത്തിലും വിവാദമായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ഭാരത് ജോഡോ യാത്രയ്ക്ക് അഭിവാദ്യം അർപ്പിച്ച സവർക്കറുടെ ഫോട്ടോയുള്ള ഫ്‌ളെക്‌സ് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കപ്പെട്ടത്.

കഴിഞ്ഞ ദിവസം മുതൽ കോൺഗ്രസിന്റെ രാഷ്ട്രീയ എതിരാളികൾ വ്യാപകമായി ഈ ഫ്‌ളെക്‌സിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. കോൺഗ്രസ് എംഎൽഎയായ എൻഎ ഹാരീസിന്റെ പേരിലുള്ള ഫ്‌ളെക്‌സിൽ മുൻ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെയും, കോൺഗ്രസ് കർണാടക പ്രസിഡന്റ് ഡികെ ശിവകുമാറിന്റെയും ചിത്രങ്ങൾ ഫ്‌ളെക്‌സിൽ ഉണ്ട്. ഒപ്പം രാഹുലിന്റെ നടക്കുന്ന ചിത്രവും ഉണ്ട്.